ആ ദിവസങ്ങളില്‍ ഇനി പേടിവേണ്ട; കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ ഹയര്‍സെക്കന്ററി വിദ്യാലയങ്ങളിലും പെണ്‍സൗഹൃദമുറി; ടി വി രാജേഷ് എംഎല്‍എയുടെ പദ്ധതി സംസ്ഥാനത്തിന് മാതൃകയാകുന്നു

കല്യാശേരി (കണ്ണൂര്‍): ആ ദിവസത്തെ പേടി ഇന്നൊരു പ്രധാന കച്ചവടത്തിന്റെ പരസ്യവാചകമാണ്. പെണ്‍കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ പടവും രക്ഷിതാക്കളുടെ ആശങ്കവര്‍ധിപ്പിക്കുന്നതാണ്. അത് തന്നെയാണ് ഇത്തരം പരസ്യവാചകങ്ങള്‍ ഉടലെടുക്കുന്നതും കച്ചവട സാധ്യത വര്‍ധിക്കുന്നതും. പരീക്ഷാ ദിവസങ്ങളില്‍, കലാ-കായിക മേളകളില്‍ ഒന്നാമതെത്താന്‍ പെണ്‍കുട്ടിക്ക് തടസ്സമാണ് ആ ദിവസമെന്ന പേടിക്ക് തടയിടാന്‍ സമൂഹത്തില്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. സ്ത്രീസുരക്ഷയും 50 ശതമാനം സംവരണവും സജീവ ചര്‍ച്ചകളാവുകയും സ്ത്രീകള്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്നുവരികയും ചെയ്യുന്നത് നല്ല സൂചനകളാണെങ്കിലും ഇവരുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് ഇതുവരെ ആരും ഓര്‍ത്തില്ല.

kalya-1

ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കി കല്ല്യാശ്ശേരി മണ്ഡലത്തിലെ 13 ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ പെണ്‍സൗഹൃദമുറികള്‍ ഒരുക്കിയിരിക്കുകയാണ്. പൊതുഇടങ്ങളില്‍, പ്രത്യേകിച്ച് ബസ് സ്റ്റാന്റ്, റെയില്‍വെസ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സ്ത്രീകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ സമൂഹം പിന്നില്‍തന്നെയായിരുന്നു. നല്ല ടോയ്‌ലറ്റ് സംവിധാനങ്ങള്‍ പോലും ഇല്ലാത്ത സ്ഥലങ്ങള്‍ ഇന്നും കേരളത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഒരു എംഎല്‍എ ഏറെ പ്രധാന്യമുള്ള പെണ്‍സുരക്ഷയ്ക്കായി പദ്ധതി നടപ്പിലാക്കിയത്. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 16ലക്ഷം രൂപ ഉപയോഗിച്ചാണ് പെണ്‍സൗഹൃദമുറികള്‍ ഒരുക്കിയത്. പൊതുമേഖലാ സ്ഥാപനമായ സിഡ്‌കോ മുഖേന നടപ്പിലാക്കിയ പദ്ധതിയില്‍ നാപ്കിന്‍ വെന്റിംഗ് മിഷന്‍, ഇന്‍സിനറേറ്റര്‍, കട്ടില്‍, ബെഡ്, ഫസ്റ്റ്എയ്ഡ് ബോക്‌സ്, മിറര്‍, വാഷ്‌ബേസ്, കുടിവെള്ളം, കസേരകള്‍, സീലിംഗ്ഫാന്‍, എല്‍ഇഡി ലൈറ്റ്് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.

kalya-3

സ്‌കൂളുകളില്‍ നല്ല ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിന് ഒരു പരിധി വരെ അടുത്തകാലത്ത് സാധിച്ചിട്ടുണ്ട്. മുതിരുന്ന പെണ്‍കുട്ടികളെ കുറിച്ച് രക്ഷിതാക്കള്‍ക്ക് വലിയ ആശങ്കകളാണുള്ളത്. ‘ആ സമയം’ എന്ന വാക്ക് ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും പേടി സ്വപ്നം പോലെയായിരുന്നു. രക്ഷിതാക്കളുടെയും അധ്യാപികമാരുടെയും സംരക്ഷണം പെണ്‍കുട്ടികള്‍ക്ക് ആറെ ആവശ്യമുള്ളത് ഹയര്‍സെക്കന്‍ഡറിതലം മുതലാണ്. എന്നാല്‍ ഇതിനാവശ്യമായ സംവിധാനങ്ങള്‍ കേരളത്തിലെ വിദ്യാലയങ്ങളിലില്ല. നമ്മള്‍ സുരക്ഷിതരാണെന്ന് പെണ്‍കുട്ടിക്ക് സ്വയം തോന്നാനും പേടിയില്ലാതെ ആ ദിവസങ്ങളെ കാണാനും സാധിക്കണമെങ്കില്‍ അതിനുള്ള സംവിധാനങ്ങള്‍ സ്ഥാപനങ്ങളില്‍ ഉണ്ടാകണം.

kalya-4

കല്ല്യാശ്ശേരി മണ്ഡലത്തിലെ കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാടായി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാടായി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പുതിയങ്ങാടി ജമാഅത്ത്, കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൊട്ടില ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, പട്ടുവം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, കല്ല്യാശേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാട്ടൂല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചെറുകുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചെറുകുന്ന് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചെറുകുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചെറുകുന്ന് ഗവ. വെല്‍ഫയര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്.

സംസ്ഥാനത്തെ കോളേജുകളില്‍ പോലും പെണ്‍കുട്ടികള്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ ഇല്ലാതിരിക്കുമ്പോഴാണ് ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ സമഗ്രപദ്ധതി നടപ്പിലാക്കിയത്. കുഞ്ഞിമംഗലം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രശസ്ത ചലചിത്ര പിന്നണി ഗായിക സിതാരയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും വിദ്യാലയങ്ങളില്‍ പെണ്‍സൗഹൃദ മുറികള്‍ ഒരുക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here