പത്താന്‍കോട്ട് ഭീകരാക്രമണം; പാകിസ്താന്‍ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് നവാസ് ഷെരീഫ്; ഇന്ത്യ-പാക് ചര്‍ച്ച നീണ്ടത് ഭീകരാക്രമണം കാരണം

ദില്ലി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണം സംബന്ധിച്ച് പാകിസ്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ആക്രമണത്തിന് പാകിസ്താനെയാണ് ഭീകരര്‍ ഉപയോഗിച്ചത്. ഈ ആരോപണം നിലനില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് നവാസ് ഷെരീഫ് പറഞ്ഞത്. ഇന്ത്യ-പാക് ചര്‍ച്ചകള്‍ ഇത്രയധികം നീണ്ടു പോകാന്‍ കാരണവും പത്താന്‍കോട്ട് ആക്രമണമാണെന്ന് നവാസ് ഷെരീഫ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാകിസ്താന്‍ സന്ദര്‍ശിച്ചതോടെ ഇന്ത്യാ-പാക് ചര്‍ച്ചകള്‍ നേരായ ദിശയിലേക്ക് നീങ്ങുകയും ചര്‍ച്ചകളില്‍ പുരോഗതിയും ഉണ്ടായിരുന്നു. എന്നാല്‍ പത്താന്‍കോട്ട് ഭീകരാക്രമണം ഉണ്ടായതോടെ തുടര്‍ ചര്‍ച്ചകള്‍ നീണ്ടു പോകുകയായിരുന്നെന്നും ഷെരീഫ് പറഞ്ഞു. ഇരു രാജ്യങ്ങളുടേയും വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ ഇക്കഴിഞ്ഞ 15ന് നടത്താന്‍ നിശ്ചയിച്ചിതായിരുന്നു. എന്നാല്‍, കഴിഞ്ഞ ജനുവരി രണ്ടിന് പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരാക്രമണം ഉണ്ടായതോടെ ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ പാകിസ്താന്‍ ആണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

ഭീകരാക്രമണത്തില്‍ ആറു തീവ്രവാദികളും ഏഴു സൈനികരുമാണു കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനു ഇന്ത്യ പാകിസ്താനു തെളിവുകളും നല്‍കിയിരുന്നു.

പിന്നാലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ ഉള്‍പ്പടെയുള്ളവരെ പാകിസ്താന്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തതായോ എന്തെങ്കിലും നടപടി സ്വീകരിച്ചതായോ പാകിസ്താന്‍ ഇതുവരെ ഇന്ത്യയെ അറിയിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here