രോഹിത് ദളിതനല്ലെന്ന് സുഷമാ സ്വരാജ്; ‘ദളിത് വിദ്യാര്‍ത്ഥിയെന്ന് ഇയാളെ വിളിക്കുകയാണ്, വര്‍ഗീയ വിഷയമാക്കാന്‍ ചിലയാളുകള്‍ ഇതു ഉപയോഗിക്കുന്നു’

ദില്ലി: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വേമുല ദളിതനല്ലെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ‘തന്റെ അറിവില്‍ രോഹിത് ദളിത് വിഭാഗത്തില്‍പ്പെട്ടയാളല്ല. ഇയാളെ ദളിത് വിദ്യാര്‍ത്ഥിയെന്ന് വിളിക്കുകയാണ്. വര്‍ഗീയ വിഷയമാക്കാന്‍ ചിലയാളുകള്‍ ഇതു ഉപയോഗിക്കുകയാണെന്നും’ സുഷമാ പറഞ്ഞു.

രഹസ്യാന്വേഷണ വിഭാഗം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് നല്‍കിയ റിപ്പോര്‍ട്ടിലും രോഹിത് ദളിതനല്ലെന്നാണ് പറയുന്നത്. രോഹിതിന്റെ മാതാവ് രാധിക മാലാ സമുദായക്കാരിയും പിതാവ് വധേര സമുദായക്കാരനുമാണ്. പിതാവിന്റെ ജാതി ചൂണ്ടിക്കാട്ടിയാണ് മറ്റു പിന്നാക്ക വിഭാഗക്കാരനാണ് രോഹിത് എന്ന റിപ്പോര്‍ട്ട് പൊലീസ് നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ രോഹിതിന്റെ പിതാവും മാതാവും വേര്‍പിരിഞ്ഞിരുന്നു. കുട്ടിക്കാലം മുതലേ രോഹിത് മാതാവിനൊപ്പമാണ് താമസം. മാതാവാണ് രോഹിതിന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കിയിരുന്നത്. സ്‌കൂളില്‍ ചേര്‍ക്കുമ്പോഴേ മാലാ വിഭാഗക്കാരനാണെന്നാണ് രേഖകളില്‍ ചേര്‍ത്തിരുന്നത്. ഇതാണ് പെട്ടെന്നു രോഹിത് മരിച്ചു കഴിഞ്ഞപ്പോള്‍ പട്ടികജാതിക്കാരനല്ലെന്നു വരുത്തിത്തീര്‍ത്തു റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതും.

രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്ന് തെളിഞ്ഞിരുന്നു. രോഹിത് പട്ടികജാതിയായ ‘മാല’ സമുദായക്കാരനാണെന്ന തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് കൈരളി ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. 1950ലെ ഭരണഘടനയുടെ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഓര്‍ഡര്‍ അനുസരിച്ചാണ് ആന്ധ്രപ്രദേശിലെ മുപ്പത്തഞ്ചാം ജാതിയായി മാല വിഭാഗക്കാരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News