അറിവിന്റെ മഹോത്സവത്തിന് കൊടിയിറങ്ങി; ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഫൈനലിന് തിരുവനന്തപുരത്ത് സമാപനം

തിരുവനന്തപുരം: ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഫൈനല്‍ സമ്മാനദാന സമ്മേളനവും താരദിശയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍ ഉദ്ഘാടനം ചെയ്തു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. മെഗാ ഫൈനല്‍ ചരിത്രകാരന്‍ ഡോ. കെ.എന്‍ പണിക്കരാണ് ഉദ്ഘാടനം ചെയ്തത്. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.വി. ദക്ഷിണമൂര്‍ത്തി അധ്യക്ഷനായിരുന്നു.

ജനറല്‍ മാനേജര്‍ ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, മജീഷ്യന്‍ മുതുകാട് തുടങ്ങിയവര്‍ പങ്കെടുത്തു. 45 ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഏഷ്യയിലെ ഏറ്റവും വലിയ വിജ്ഞാനോത്സവത്തിന്റെ അഞ്ചാമത് സംസ്ഥാന മെഗാ ഫൈനലിനാണ് ഇന്നലെ കൊടിയിറങ്ങിയത്.

തുടര്‍ന്ന് സംഗീതസംവിധായകന്‍ ബിജിബാലിന്റെ നേതൃത്വത്തില്‍ പി ജയചന്ദ്രന്‍, നജീംഅര്‍ഷാദ്, സിതാര, സയനോര, ഗണേഷ് സുന്ദരം തുടങ്ങിയവര്‍ ഗാനവസന്തം ഒരുക്കി. സിനിമാ താരങ്ങളായ അനുമോള്‍, ആര്യ, പൂജിതാ മേനോന്‍ എന്നിവര്‍ നാട്യവിസ്മയവുമായി വേദിയിലെത്തി. ‘മറിമായം’ ടീമിന്റെ കോമഡിഷോയും അരങ്ങേറി.

അറിവുള്ള പുതുസമൂഹത്തെ വാര്‍ത്തെടുക്കാനാണ് ദേശാഭിമാനി അക്ഷരമുറ്റവുമായി വിദ്യാര്‍ത്ഥികളെ സമീപിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്‌കാരം വളര്‍ന്നത് പ്രശ്‌നോത്തരികളിലൂടെയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇതിഹാസകാലം മുതല്‍ പ്രശ്‌നോത്തരികള്‍ നിലവിലുണ്ട്. ശൈലികള്‍ വ്യത്യസ്തമായിരിക്കും. പ്രശ്‌നോത്തരികളുടെ നിരവധി സന്ദര്‍ഭങ്ങള്‍ പുരാണത്തില്‍ കാണാം. സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്കുതകുന്ന അത്തരം പ്രശ്‌നോത്തരികളുടെ രീതികള്‍ മാറ്റി കുട്ടികള്‍ക്ക് അറിവ് പകരുകയാണ് അക്ഷരമുറ്റത്തിലൂടെ ദേശാഭിമാനി ചെയ്യുന്നതെന്നു മോഹന്‍ലാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here