ഊതിച്ചപ്പോള്‍ തുപ്പല്‍ തെറിച്ചു; പൊലീസുകാരന്‍ മധ്യവയസ്‌കന്റെ കരണത്തടിച്ചു; ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പെരുമാറി വിട്ടു

പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ മുഖത്ത് തുപ്പല്‍ തെറിച്ചെന്നാരോപിച്ച് പൊലീസുകാരന്‍ സ്‌കൂട്ടര്‍ യാത്രികന്റെ കരണത്തടിച്ചു. വൃദ്ധന്‍ കൂടിയായ ആളുടെ മുഖത്തടിച്ച് കലി തീര്‍ത്ത എസ്.ഐയെ പ്രദേശവാസികള്‍ കൈകാര്യം ചെയ്ത് വിട്ടു. കഴിഞ്ഞദിവസം വൈകിട്ട് പത്തനംതിട്ട മാര്‍ക്കറ്റിലെ ഓട്ടോ സ്റ്റാന്‍ഡിന് സമീപത്തായിരുന്നു സംഭവങ്ങള്‍. മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ ഭാര്യയുമൊത്ത് സ്‌കൂട്ടറില്‍ വന്നയാളെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ തല്ലിയത്.

തൊട്ടടുത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ പൊലീസ് ഇവിടെ വാഹന പരിശോധന നടത്താറുണ്ട്. അഡി. എസ്.ഐ സുമിത്തും മറ്റൊരു പൊലീസുകാരനും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയിരുന്നത്.

ബ്രത്ത് അനലൈസര്‍ ഇല്ലാത്തതിനാല്‍ കൈപ്പത്തിയിലേക്ക് ഊതാനായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രികന്‍ ഊതുന്നതിനിടെ പൊലീസുകാരന്റെ മുഖത്തേക്ക് തുപ്പല്‍ തെറിച്ചു. യാത്രക്കാരന്റെ മുന്‍നിരയില്‍ പല്ലുകള്‍ ഇല്ലായിരുന്നു. ഇതാണ് തുപ്പല്‍ തെറിക്കാന്‍ കാരണമായത്. മുഖത്ത് തുപ്പല്‍ വീണതോടെ പൊലീസുകാരന്‍ യാത്രക്കാരന്റെ കരണത്ത് അടിക്കുകയായിരുന്നു. ഇതോടെ ദൃക്‌സാക്ഷികളായ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും സംഭവത്തില്‍ ഇടപെടുകയായിരുന്നു. എസ്.ഐയെ തല്ലിയതിന്റെ പേരില്‍ ആരും പരാതിയുമായി മുന്നോട്ടുവരാത്തതിനാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here