ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് പിണറായി; കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമം; സുധീരനും അഴിമതിയുടെ ഭാഗം

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. കെ.ബാബുവിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടു വന്നാലെ മുഖ്യമന്ത്രിക്ക് തുടരാന്‍ സാധിക്കൂ. അതിനുള്ള തന്ത്രങ്ങളാണ് ഉമ്മന്‍ചാണ്ടി മെനഞ്ഞതെന്നും പിണറായി പറഞ്ഞു.

ഉമ്മന്‍ചാണ്ടി അഴിമതിയില്‍ പങ്കാളിയായതില്‍ തെളിവ് വ്യക്തമാണ്. കൊടുത്തത് എത്ര തുക, എവിടെവെച്ച് കൈമാറി, ആരെയൊക്കെ കണ്ടു തുടങ്ങി നോട്ടിന്റെ നമ്പര്‍ ഒഴികെ എല്ലാം പുറത്തുവന്നു കഴിഞ്ഞു. ഇനി ഒരുനിമിഷം വൈകാതെ രാജിവയ്ക്കുകയാണ് വേണ്ടത്. ഉമ്മന്‍ചാണ്ടി രാജി വച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ല. മര്‍ദ്ദിച്ച് പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രതിഷേധമായി അവ വളരുമെന്നും പിണറായി പറഞ്ഞു.

സോളാര്‍ അഴിമതി, ബാര്‍കോഴ, ടൈറ്റാനിയം അഴിമതി, പാമോയില്‍ അഴിമതി തുടങ്ങിയവയിലെല്ലാം ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ഇത്രമാത്രം അഴിമതികളില്‍ പങ്കുള്ള മറ്റൊരു മുഖ്യമന്ത്രിയേയും കാണാനാകില്ല. ഇതിലേക്കൊന്നും കോടതികള്‍ പോകാന്‍പാടില്ല. കോടതികളെ ഭീഷണിപ്പെടുത്തി രക്ഷപെടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. അത് ഉമ്മന്‍ചാണ്ടിയുടെ തെറ്റിദ്ധാരണയാണെന്നും പിണറായി പറഞ്ഞു.

കെപിസിസി പ്രസിഡന്റ് വിഎം സുധീരനും അഴിമതിയുടെ ഭാഗമാണ്. വിജിലന്‍സ് കോടതി ബാബുവിനെതിരെ പരാമര്‍ശം നടത്തിയിട്ടില്ല എന്ന് പ്രസ്താവന നടത്താനും സുധീരന്‍ തയാറായി. രണ്ടു മാസത്തേക്ക് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. പ്രശ്‌നങ്ങളുടെ ഗൗരവം കാണാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തയാറാകുന്നില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട ജഡ്ജിക്കെതിരെ കോണ്‍ഗ്രസുകാര്‍ തെറിയഭിഷേകമാണ് നടത്തുന്നത്. അദ്ദേഹം പാകിസ്ഥാനില്‍പോകണമെന്ന് ആവശ്യപ്പെടുന്ന നിലയില്‍എത്തിയിരുന്നു കാര്യങ്ങള്‍. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമമെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here