സാധാരണ കൊതുകുകളും സിക വൈറസ് പടര്‍ത്തുമെന്ന് പഠനം; കൊളംബിയയിലെ 2100 ഗര്‍ഭിണികളില്‍ വൈറസ് ബാധിച്ചെന്ന് സ്ഥിരീകരണം; എട്ടു മാസത്തേക്ക് ഗര്‍ഭധാരണം ഒഴിവാക്കാന്‍ നിര്‍ദ്ദേശം; 23 രാജ്യങ്ങളില്‍ വൈറസ് പടരുമെന്ന് റിപ്പോര്‍ട്ട്

ബൊഗോട്ട: കൊളംബിയയിലെ 2100 ഗര്‍ഭിണികളെ സിക വൈറസ് ബാധിച്ചെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 20,297 പേര്‍ സിക വൈറസ് നിരീക്ഷണത്തിലാണെന്നും ഇതില്‍ 2,116 ഗര്‍ഭിണികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൊളംബിയന്‍ ദേശീയ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് ലക്ഷം പേരിലെങ്കിലും വൈറസ് പടര്‍ന്നുപിടിക്കുമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇതോടെ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക വൈറസ് ബാധിതരുള്ള രാജ്യമായി കൊളംബിയ മാറിയിരിക്കുകയാണ്.

മുന്‍കരുതലെന്ന നിലയ്ക്ക് കൊളംബിയയില്‍ അടുത്ത എട്ടു മാസത്തേക്ക് ഗര്‍ഭധാരണം ഒഴിവാക്കണമെന്ന് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രസീലില്‍ പതിനഞ്ച് ലക്ഷത്തോളം പേരില്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ബ്രസീലില്‍ രണ്ട് വര്‍ഷത്തേക്ക് ഗര്‍ഭധാരണം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.

അതേസമയം, പരാഗ്വേയില്‍ 2000 പേര്‍ക്ക് സിക വൈറസ് ബാധയുള്ളതായും സംശയമുണ്ട്. ഇതില്‍ 150 ഗര്‍ഭിണികള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് പരാഗ്വേ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ആറ് പേരിലാണ് സിക വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രസീല്‍ അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് വൈറസ് ബാധിതരെ കണ്ടെത്തിയത്. വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജനീവയില്‍ ഡബ്ലു.എച്ച്.ഒ ഡയറക്ടറുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും. 23 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്ന് പിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കൊതുകുകളിലൂടെയാണ് സിക വൈറസ് പകരുന്നത്. സിക വൈറസ് ബാധിച്ചവര്‍ക്കു പിറക്കുന്ന കുട്ടികളുടെ തല വലിപ്പത്തില്‍ ചെറുതായിരിക്കും. പലരും ജീവനോടെയുണ്ടാകാനുള്ള സാധ്യതയും കുറവാണ്. ബ്രസീലില്‍ മൂവായിരത്തോളം നവജാത ശിശുക്കള്‍ ഇത്തരത്തില്‍ ജന്മനാ വൈകല്യം ബാധിച്ചു മരിച്ചതോടെയാണ് സിക വൈറസ് മനുഷ്യരിലേക്കു പകര്‍ന്ന വിവരം ലഭിച്ചത്.

ഇതിനിടെ ക്യൂലക്‌സ് വിഭാഗത്തില്‍ പെട്ട കൊതുകുകളും വൈറസ് പടരാന്‍ കാരണമാകുമെന്ന് ബ്രസീലിലെ ഓസ് വാല്‍ഡോക്രൂസ് ഫൗണ്ടേഷനിലെ ഗവേഷകര്‍ കണ്ടെത്തി. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്റ്റി എന്ന വിഭാഗത്തിലെ കൊതുകാണ് സിക്ക വൈറസ് പടര്‍ത്തുന്നതെന്നായിരുന്നു ആരോഗ്യവിദഗ്ദരുടെ കണ്ടെത്തില്‍. എന്നാല്‍ ക്യൂലക്‌സ് വിഭാഗത്തില്‍ പെട്ട സാധാരണ കൊതുകുകളും വൈറസ് പടര്‍ത്തിയേക്കാമെന്ന കണ്ടെത്തല്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നു.

സിക വൈറസിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍; ലക്ഷണങ്ങള്‍; പ്രതിവിധികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here