ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര തൂത്തുവാരി ഇന്ത്യ; അവസാന മത്സരത്തില്‍ ഏഴുവിക്കറ്റിന് ഓസീസിനെ തോല്‍പിച്ചു; രോഹിത് 1000 റണ്‍സ് പിന്നിട്ടു

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന ട്വന്റി-20 മത്സരത്തില്‍ ഓസ്‌ട്രേലിയയെ 7 വിക്കറ്റിനാണ് ഇന്ത്യ തോല്‍പിച്ചത്. 198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റു നഷ്ടത്തില്‍ 200 റണ്‍സെടുത്തു. രോഹിത് ശര്‍മയുടെയും കോഹ്‌ലിയുടെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. കോഹ്‌ലി 50ഉം രോഹിത് 52ഉം റണ്‍സെടുത്തു. 49 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സുരേഷ് റെയ്‌ന ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. പരമ്പര ജയത്തോടെ ഇന്ത്യ ട്വന്റി-20 റാങ്കിംഗില്‍ ഒന്നാമതെത്തുകയും ചെയ്തു.

ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാര്‍ തകര്‍ത്താടുകയായിരുന്നു. രോഹിത് ശര്‍മയും ശിഖര്‍ ധവാനും തകര്‍ത്തടിച്ചു. ശര്‍മയും വിരാട് കോഹ്‌ലിയും അര്‍ധസെഞ്ചുറിയും നേടി. വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച ധവാന്‍ പെട്ടെന്നു മടങ്ങി. 9 പന്തില്‍ നിന്ന് 26 റണ്‍സെടുത്താണ് ധവാന്‍ പുറത്തായത്. പിന്നീടു വന്ന കോഹ്‌ലിയെ കൂട്ടുപിടിച്ചായിരുന്നു രോഹിതിന്റെ രക്ഷാപ്രവര്‍ത്തനം. 37 പന്തിലായിരുന്നു രോഹിത് അര്‍ധസെഞ്ചുറി തികച്ചത്. രോഹിതിന്റെ 9-ാമത് ട്വന്റി 20 അര്‍ധ സെഞ്ചുറിയാണിത്. ട്വന്റി-20യില്‍ രോഹിത് 1000 റണ്‍സ് പിന്നിടുകയും ചെയ്തു.

38 പന്തില്‍ 52 റണ്‍സെടുത്ത് രോഹിത് ശര്‍മ പുറത്തായി. സ്‌കോര്‍ 147-ല്‍ എത്തി നില്‍ക്കെ അര്‍ധസെഞ്ചുറി നേടിയ കോഹ്‌ലിയും പുറത്തായി. 36 പന്തുകളില്‍ നിന്ന് 50 റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. പിന്നീട് യുവരാജും റെയ്‌നയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. റെയ്‌നയ്ക്ക് അര്‍ധസെഞ്ചുറി ഒരു റണ്‍സിനാണ് നഷ്ടമായത്. റെയ്‌ന 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 25 പന്തുകളില്‍ നിന്നാണ് റെയ്‌നയുടെ നേട്ടം. യുവരാജ് സിംഗ് 12 പന്തില്‍ 15 റണ്‍സോടെയും പുറത്താകാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഷെയ്ന്‍ വാട്‌സന്റെ ബാറ്റിംഗ് പ്രകടനമാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 14 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ തുടക്കത്തില്‍ തന്നെ നഷ്ടമായി. തൊട്ടുപിന്നാലെ 9 റണ്‍സെടുത്ത് വെടിക്കെട്ട് വീരനായ ഷോണ്‍ മാര്‍ഷും 3 റണ്‍സെടുത്ത് ഗ്ലെന്‍ മാക്‌സ്‌വെല്ലും കൂടാരം കയറി. എന്നാല്‍, വാട്‌സണ്‍ ഒറ്റയ്ക്ക് പടനയിച്ചു. 37 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറിയും 60 പന്തില്‍ നിന്ന് സെഞ്ചുറിയും തികച്ചു. 86 പന്തുകള്‍ നേരിട്ട വാട്‌സണ്‍ 10 ബൗണ്ടറികളുടെയും 6 സിക്‌സറുകളുടെയും അകമ്പടിയോടെ 124 റണ്‍സുമായി പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News