ഐഎസ് തടവില്‍നിന്നു രക്ഷപ്പെടുന്നവരുന്ന പെണ്‍കുട്ടികള്‍ക്കു കന്യകാത്വ പരിശോധന; എതിര്‍പ്പുമായി മനുഷ്യാവകാശ സംഘടനകള്‍; ഗര്‍ഭഛിദ്രം അനുവദിക്കണമെന്നും ആവശ്യം

ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ലൈംഗികാടിമത്തത്തില്‍നിന്നു രക്ഷപ്പെടുന്ന യുവതികള്‍ക്കും സ്ത്രീകള്‍ക്കും കന്യകാത്വ പരിശോധന നടത്തുന്നു. തടവില്‍ കഴിയവേ ലൈംഗികമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് ഇറാഖി ഖുര്‍ദിസ്ഥാനില്‍ തിരിച്ചെത്തിയ യുവതികള്‍ക്കു ടു ഫിംഗര്‍ ടെസ്റ്റ് എന്നറിയപ്പെടുന്ന കന്യകാത്വ പരിശോധന നടത്തുന്നത്. ലോകാരോഗ്യസംഘടന പൂര്‍ണമായി നിയമവിരുദ്ധമെന്നും മനുഷ്യത്വവിരുദ്ധമെന്നും വിലയിരുത്തിയ പരിശോധനയാണ് ഇറാഖില്‍ നടത്തുന്നത്. ഇതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പ്രവര്‍ത്തകരാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. രക്ഷപ്പെട്ടുവന്ന യുവതികളുമായി നടത്തിയ കൂടിക്കാഴ്ചകളിലാണ് ഇക്കാര്യം വ്യക്തമായത്. യുഎന്നിന്റെ മാര്‍ഗനിര്‍ദേശങ്ങളാണ് പാലിക്കുന്നതെന്ന് അധികാരികള്‍ ആണയിടുമ്പോഴും കന്യകാത്വ പരിശോധനയ്ക്കു വിധേയമായാതായാണ് രക്ഷപ്പെട്ടുവന്നവരില്‍ ഭൂരിഭാഗവും മൊഴി നല്‍കിയത്. പലരും കന്യാചര്‍മം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ്ക്കു വിധേയമായതായും റിപ്പോര്‍ട്ടുണ്ട്.

സ്ത്രീകളെ മാനസികമായി തകര്‍ക്കുന്നതും വേദനാജനകവും അശാസ്ത്രീയവുമാണ് ടു ഫിംഗര്‍ ടെസ്റ്റ് എന്നു കണ്ടെത്തിയാണ് കന്യകാത്വ പരിശോധനയ്ക്കു ലോകാരോഗ്യ സംഘടന അനുമതി നിഷേധിച്ചിരുന്നത്. തിരിച്ചെത്തിയ യുവതികള്‍ പിന്നീട് വിവാഹിതയാകുമ്പോള്‍ കന്യകയല്ലെന്നു തിരിച്ചറിയുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ പലരെയും കന്യാ ചര്‍മം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയക്കും വിധേയമാക്കുന്നുണ്ട്. ഐഎസിന്റെ തടവിലുണ്ടായിരുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും പലതരം ലൈംഗിക പീഡനങ്ങള്‍ക്കു വിധേയമായവരാണ്.

പലരെയും പലര്‍ക്കായി വില്‍ക്കുകയും പലരുടെയും ലൈംഗികാടിമകളായി പാര്‍പ്പിക്കുകയും ചെയ്തതാണ്. പലര്‍ക്കും ഒന്നിലേറെ ലൈംഗിക പങ്കാളികളും ഉണ്ടായിരുന്നു. ഒരു പായ്ക്കറ്റ് സിഗരറ്റിനു വേണ്ടിപോലും അടിമകളാക്കിവച്ചിരുന്ന സ്ത്രീകളെ കൈമാറ്റം ചെയ്തതായും കണ്ടെത്തിയിരുന്നു. പലരും ഐഎസില്‍ ആകൃഷ്ടരായി എത്തുകയും ഭീകരരുടെ ലൈംഗികാടിമകളായി മാറുകയുമാണു ചെയ്തിരുന്നത്.

പലരും ഗര്‍ഭിണികളാകുമ്പോള്‍ ഐഎസ് താവളങ്ങളില്‍നിന്നു പുറത്താക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഇത്തരക്കാര്‍ക്കു ഗര്‍ഭഛിദ്രം നടത്താനുള്ള അനുമതി നല്‍കണമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെടുന്നു. മാതാവിന്റെ ജീവന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് ഇറാഖില്‍ ഗര്‍ഭഛിദ്രത്തിന് അനുമതിയുള്ളത്. ഐഎസില്‍ ലൈംഗികാടിമകളായി മോചിപ്പിക്കപ്പെടുന്നവര്‍ക്കു ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്നത് അവരെ ആത്മഹത്യയില്‍നിന്നു രക്ഷിക്കുമെന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News