തിരുവനന്തപുരം: സമൂഹത്തിന്റെ മുഖ്യധാരയില്‍ ഒരു ഇടം കണ്ടെത്താന്‍ ഇന്നും ബുദ്ധിമുട്ടുന്നവരാണ് ഭിന്നലിംഗക്കാര്‍. എന്നാല്‍, ഇതാ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് ഭിന്നലിംഗക്കാര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ഭിന്നലിംഗക്കാര്‍ കേരളത്തില്‍ സംരംഭകരാകാന്‍ പോകുന്നു. കേരളത്തില്‍ ഭിന്നലിംഗക്കാര്‍ക്കു മാത്രമായി ഒരു ടാക്‌സി സര്‍വീസ് ആരംഭിക്കാന്‍ പോകുന്നു. സ്ത്രീകള്‍ക്കു മാത്രമായി ഷി ടാക്‌സി ആരംഭിച്ചതിനു പിന്നാലെയാണ് ഭിന്നലിംഗക്കാര്‍ക്കു മാത്രമായി ജി ടാക്‌സിയും കേരളത്തില്‍ ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റേതാണ് പദ്ധതി. ടാക്‌സിയുടെ ഉടമസ്ഥതയും നടത്തിപ്പും ഭിന്നലിംഗക്കാര്‍ക്കു തന്നെയായിരിക്കും. രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ ആദ്യ സംസ്ഥാനമായ കേരളം ആ പോളിസിയുടെ ഭാഗമായാണ് ടാക്‌സി സര്‍വീസ് ആരംഭിക്കുന്നത്.
ജി ടാക്‌സി എന്നത് സമൂഹത്തില്‍ ന്യൂനപക്ഷമായ ഭിന്നലിംഗക്കാരുടെ ജീവിതരീതിക്ക് ഒരു മാനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ്. ഇത്തരക്കാരോട് സമൂഹം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുന്നതിനു കൂടിയാണ് സര്‍ക്കാരിന്റെ പദ്ധതി. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക് ഇതിനായി ഒരു പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്. ഷി ടാക്‌സി പോലെ തന്നെ ഒരു ടാക്‌സി സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഷി ടാക്‌സി സ്ത്രീകള്‍ക്കു മാത്രമായിരുന്നെങ്കില്‍ ജി ടാക്‌സിയില്‍ ആര്‍ക്കു വേണമെങ്കിലും കയറാം. ലിംഗ വ്യത്യാസമില്ലാതെ.
ഈ വരുന്ന മാര്‍ച്ചില്‍ ആദ്യ ടാക്‌സി സര്‍വീസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കുന്നതിന്റെ ആദ്യ പടിയാണ് ജി ടാക്‌സി സേവനം നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. ഭിന്നലിംഗക്കാരുടെ ജീവിതവും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here