പിന്നാക്ക വിഭാഗ പദവി ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്ന കാപു വിഭാഗക്കാര്‍ ട്രെയിനിനു തീയിട്ടു; അക്രമം ആന്ധ്രയിലെ തുനി സ്റ്റേഷനില്‍; റോഡ് ഗതാഗതവും തടസപ്പെട്ടു

വിശാഖപട്ടണം: പിന്നാക്ക വിഭാഗപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആന്ധ്രയിലെ കാപു വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭം അക്രമമായി. രോഷാകുലരായ പ്രക്ഷോഭകാരികള്‍ വിശാഖപട്ടണത്തിനടുത്തു തുനി റെയില്‍വേസ്റ്റേഷനില്‍ ട്രെയിനിനു തീയിട്ടു. രത്‌നാചല്‍ എക്‌സ്പ്രസിനാണ് തീയിട്ടത്. നിരവധി വാഹനങ്ങള്‍ക്കു നേരെയും അക്രമമുണ്ടായി. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ratnachal-express

ഏറെക്കാലമായി കാപു വിഭാഗക്കാര്‍ തങ്ങളെ പിന്നാക്കവിഭാഗമായി കണക്കാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുന്ന സാഹചര്യത്തില്‍ ഇന്നലെ ഇവര്‍ പ്രക്ഷോഭരംഗത്തിറങ്ങിയത്. മുന്‍ എംപിയും കാപു വിഭാഗക്കാരുടെ നേതാവുമായ മുദ്രഗാഡ പദ്മനാഭത്തിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്തു തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ കാപു വിഭാഗക്കാര്‍ക്കു പിന്നാക്ക വിഭാഗ പദവി നല്‍കുമെന്നു തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. അധികാരത്തിലെത്തിയിട്ടും ടിഡിപിയുടെ ഭാഗത്തുനിന്നു വാക്കു പാലിക്കാത്തതിനാലാണ് സമരം ശക്തമായത്.

കഴിഞ്ഞദിവസം ചേന്നന്ന യോഗത്തിലാണ് സമരം തെരുവിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനമായത്. റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിക്കാനായിരുന്നു ആഹ്വാനം. വൈകുന്നേരത്തോടെ തുനി സ്‌റ്റേഷനില്‍ സംഘടിച്ച പ്രക്ഷോഭകാരികള്‍ വിജയവാഡയില്‍നിന്നു വിശാഖപട്ടണത്തേക്കു പോവുകയായിരുന്ന രത്‌നാചല്‍ എക്‌സ്പ്രസ് തടയുകയായിരുന്നു. ട്രെയിനിന് നേരെ കല്ലേറു നടത്തിയ സമരക്കാര്‍ യാത്രക്കാരെ ഇറക്കിയ ശേഷം എട്ടു കോച്ചുകള്‍ക്കു തീയിട്ടു. ചെറുക്കാന്‍ ശ്രമിച്ച റെയില്‍വേ ജീവനക്കാര്‍ക്കു പരുക്കേറ്റിട്ടുണ്ട്. തുനി പട്ടണത്തിലൂടെയുള്ള ദേശീയപാതയിലെ ഗതാഗതവും തടസപ്പെട്ടു. വിജയവാഡ-വിശാഖപട്ടണം പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.


whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News