ആറ്റിങ്ങല്‍ കൊലപാതകം; സൂര്യയെ കൊല്ലാന്‍ ഷിജുവിനെ പ്രേരിപ്പിച്ചത് സംശയരോഗം; ഫോണ്‍വിളി നിര്‍ത്തിയപ്പോള്‍ കൊല്ലാന്‍ തീരുമാനിച്ചു; ഫേസ്ബുക്ക് പ്രണയം ജീവനെടുത്തത് ഇങ്ങനെ

ആറ്റിങ്ങല്‍: ഫേസ്ബുക്കില്‍ പരിചയപ്പെട്ട ഷിജുവും സൂര്യയും പ്രണയത്തിലായതും അവസാനം പ്രണയം കൊലപാതകത്തില്‍ അവസാനിച്ചതും സിനിമാക്കഥയെ വെല്ലുന്ന നാടകീയതയ്‌ക്കൊടുവില്‍. വര്‍ക്കലയില്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെട്ട സൂര്യയുടെ കാമുകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പൊലീസിനോടു നടത്തിയത്. സൂര്യക്കു മറ്റു പുരുഷ സുഹൃത്തുക്കളുമായുള്ള സൗഹൃദമാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്നും ഷിജു പൊലീസിനോടു പറഞ്ഞു.

ഈ മാസം 26 നാണ് ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടവഴിയില്‍ വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ ശശിധരന്‍നായരുടെ മകളും പിരപ്പന്‍കോട് തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ സൂര്യ കൊലചെയ്യപ്പെട്ടത്. കാമുകന്‍ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനിഭവനില്‍ ഷിജു ആത്മഹത്യ ശ്രമിച്ച നിലയില്‍ പിടിയിലായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍തന്നെയാണ് സൂര്യയെ വെട്ടിക്കൊന്നതെന്നും പ്രണയത്തിലായിരുന്ന സൂര്യ താനുമായുള്ള ഫോണ്‍ വിളി നിര്‍ത്തിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പൊലീസിനോടു സമ്മതിച്ചു.

ഇരുവരും ഫേസ്ബുക്കിലാണ് പരിചയപ്പെട്ടത്. ഇതു പിന്നീട് പ്രണയമായി. ആറുമാസം മുമ്പ് ഷിജുവിന് അപകടം പറ്റി സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. ഈ സമയം സൂര്യയെ കാട്ടി പ്രണയത്തെക്കുറിച്ചും വിവാഹത്തിനുള്ള താല്‍പര്യത്തെക്കുറിച്ചും ഷിജു അമ്മയോടു പറഞ്ഞു. ഇരുവീട്ടുകാരും വിവാഹത്തിനു സമ്മതം മൂളുകയും ചെയ്തു. സ്ത്രീധനമൊന്നും വേണ്ടെന്നു ഷിജു പറഞ്ഞിരുന്നു. മാത്രമല്ല, സൂര്യയെ നഴ്‌സിംഗ് പഠിപ്പിച്ച ഇനത്തിലുള്ള രണ്ടു ലക്ഷം രൂപയുടെ വായ്പ വീട്ടിക്കൊള്ളാമെന്നും ഷിജു പറഞ്ഞിരുന്നു. അതേസമയം, പ്രണയത്തിലായിരുന്ന ഷീജ മറ്റ് ആണ്‍സുഹൃത്തുക്കളുമായി ആശയവിനിമയത്തിലേര്‍പ്പെടുന്നത് ഷിജു ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായി.

പലരുടെയും പേരില്‍ സൂര്യയുമായി ഷിജു വഴക്കിടുന്നതും പതിവായി. ഇതോടെ, സൂര്യ ഫോണ്‍വിളികള്‍ കുറയ്ക്കുകയായിരുന്നു. പിന്നീട് ക്ഷമ പറഞ്ഞു ബന്ധം പുനസ്ഥാപിച്ച ഷിജു സംഭവദിവസം വസ്ത്രം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണു സൂര്യയെ ആറ്റിങ്ങലിലേക്കു വിളിച്ചുവരുത്തിയത്. സ്‌കൂട്ടറില്‍ വെഞ്ഞാറമൂട്ടിലെത്തിയ സൂര്യ പിന്നീട് ഷിജുവിനൊപ്പം ബസിലാണ് ആറ്റിങ്ങലിലെത്തിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ തുണിക്കടയിലേക്കെന്നു പറഞ്ഞു നടന്നു. ഇടവഴിയിലെത്തിയപ്പോള്‍ മറ്റ് ആണ്‍സുഹൃത്തുക്കളെക്കുറിച്ചു ഷിജു ചോദിക്കുകയും സംസാരിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞു സൂര്യ തിരിഞ്ഞു നടക്കുകയുമായിരുന്നു. ഈ സമയം സൂര്യയുടെ മുടിയില്‍ കുത്തിപ്പിടിച്ച് ഷിജു കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ടു വെട്ടി. കഴുത്തില്‍ തുരുതുരാ വെട്ടി മരണം ഉറപ്പാക്കിയശേഷം വെട്ടുകത്തി സമീപത്തെ പറമ്പില്‍ എറിഞ്ഞു. കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തെത്തി ലോഡ്ജില്‍ മുറിയെടുത്ത് അവിടെവച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.

പരപുരുഷബന്ധം ആരോപിച്ചു പല ദിവസങ്ങളില്‍ സൂര്യയുമായി ഷിജു വഴക്കിട്ടിരുന്നു. ചില സുഹൃത്തുക്കളോടും സഹപാഠികളോടും ഇക്കാര്യം ഷിജു പറഞ്ഞിരുന്നു. അവളെയും കൊന്നു താനും ചാകുമെന്നു ഷിജു പറഞ്ഞതു ചെയ്യുമെന്നു സുഹൃത്തുക്കളാരും കരുതിയിരുന്നില്ല. സൂര്യയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നു സൂര്യക്കു മറ്റു പുരുഷന്‍മാരുമായി ബന്ധമുണ്ടായിരുന്നില്ലെന്നു വ്യക്തമായതായി സൈബര്‍ പൊലീസ് അറിയിച്ചു.

മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്നു ലഭിച്ച സൂര്യയുടെ മൊബൈല്‍ ഫോണും സൂര്യയുടേതെന്നു വരുത്തിതീര്‍ക്കാന്‍ ഷിജു എഴുതിവച്ച കത്തുമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഷിജുവിന്റെ ഫോണില്‍നിന്നു സംഭവം നടന്ന ദിവസം രാവിലെ സൂര്യയുടെ ഫോണിലേക്കുവന്ന കോളുകളും ഇരുവരും ആറ്റിങ്ങള്‍ ടൗണില്‍ മണിക്കൂറുകളോളം ഉണ്ടായിരുന്നെന്നു തെളിയിക്കുന്ന ടവര്‍ ലൊക്കേഷനുമെല്ലാം കൊലപാതകം നടത്തിയത് ഷിജു തന്നെയെന്ന് ഉറപ്പിക്കാന്‍ പൊലീസിനെ സഹായിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News