എണ്ണവിലയിടിഞ്ഞത് പ്രവാസി തൊഴില്‍മേഖലയെ തകര്‍ക്കും; മലയാളികള്‍ അടക്കമുള്ളവര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

ദോഹ: പ്രവാസി തൊഴില്‍ മേഖലയെ അടിമുടി ഉലച്ചിരിക്കുകയാണ് ആഗോള വിപണിയിലെ എണ്ണവിലിയിടിവ്. എണ്ണ വിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ഒന്നാകെ പ്രവാസികള്‍ കൂട്ടപ്പിരിച്ചു വിടല്‍ ഭീഷണിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. പ്രധാനമായും ഖത്തറിനെയാണ് ഇതു കൂടുതലായി ബാധിക്കുന്നത്. ഇതിനകം ആയിരക്കണക്കിന് ജീവനക്കാരെ ഖത്തറിലെ വിവിധ കമ്പനികള്‍ പിരിച്ചുവിടാന്‍ തയ്യാറായിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വിദേശി ജോലിക്കാരാണ്. അതില്‍ തന്നെ കൂടുതലും ഇന്ത്യയില്‍ നിന്നുള്ളവരും. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഒരുപോലെ ഈ തൊഴില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചിട്ടുണ്ട്. എണ്ണക്കമ്പനികളും ആശുപത്രികളും മറ്റു മേഖലയില്‍ നിന്നും എല്ലാം കൂട്ടത്തോടെ ജോലിക്കാരെ പിരിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശ് സ്വദേശിയായ യുവാവ് ജീവനൊടുക്കിയത് ഇതിന്റെ ഉദാഹരണമാണ്.

ഖത്തറിലെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ തന്നെ ഉടനടി ജോലിക്കാരെ പിരിച്ചു വിടാന്‍ അനുമതി ലഭിച്ചി്ട്ടുമുണ്ട്. എണ്ണക്കമ്പനികളില്‍ നിന്നാണ് കൂടുതലായും ആളുകളെ പിരിച്ചുവിടുന്നത്. ഇതിനകം തന്നെ വിവിധ എണ്ണക്കമ്പനികള്‍ ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ജീവനക്കാരെ കുറച്ചും ചെലവു ചുരുക്കിയും പിടിച്ചു നില്‍ക്കാനാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. പൊതുമേഖലാ സ്ഥാപനമായ ഖത്തര്‍ പെട്രോളിയം കഴിഞ്ഞ മാസം പിരിച്ചുവിട്ടത് ഏതാണ്ട് 3,700ഓളം ജീവനക്കാരെയായിരുന്നു. ഇനിയും 2,000 ല്‍ അധികം ജീവനക്കാരെ പിരിച്ചു വിടുമെന്നും കേള്‍ക്കുന്നു. മലയാളികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

നിരവധി ജോലി ചെയ്യുന്ന ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുടക്കത്തില്‍ 1,000 പേരെയായിരിക്കും പിരിച്ചുവിടുകയെന്നാണ് സൂചന. ആറുമാസത്തിനിടെ പിരിച്ചുവിടല്‍ നടത്തും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മേര്‍സക് ഓയില്‍ എന്ന എണ്ണക്കമ്പനിയും 12 ശതമാനം ജീവനക്കാരെ പിരിച്ചുവിടും എന്ന് അറിയിച്ചിട്ടുണ്ട്. പതിനായിരത്തില്‍ അധികം ജീവനക്കാരുള്ള മേര്‍സക് 2,000ന് അടുത്ത് ജീവനക്കാരെ പിരിച്ചുവിടും എന്നാണ് അറിയിച്ചിട്ടുള്ളത്. പുറംനാട്ടുകാരില്‍ ഭൂരിഭാഗവും ഇവിടെ ഇന്ത്യക്കാരാണ്. റാസ് ഗ്യാസ് എന്ന പ്രകൃതിവാതക കമ്പനി ഡിസംബറില്‍ തന്നെ 250 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. പ്രവാസി മലയാളികളുടെ പണം വാരുന്ന തൊഴില്‍ മേഖലയായ എണ്ണക്കമ്പനികളില്‍ അരലക്ഷം മുതല്‍ നാലു ലക്ഷം രൂപ വരെയാണ് ശമ്പളം. സാധാരണ തൊഴിലാളികള്‍ മുതല്‍ വെല്‍ഡര്‍, പെയ്ന്റര്‍, ഷിപ്പ് ജോലിക്കാര്‍, എന്‍ജിനീയര്‍ എന്നിങ്ങനെ പല തലങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.

ആരോഗ്യ മേഖലയില്‍ നഴ്‌സുമാരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. നിരവധി മലയാളി നഴ്‌സുമാര്‍ ഖത്തറില്‍ ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ തന്നെ നിരവധി നഴ്‌സുമാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു കഴിഞ്ഞു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ മാത്രം 130ഓളം നഴ്‌സുമാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. 2000 ജീവനക്കാരെ പിരിച്ചുവിടാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അല്‍വക്രയിലെ ഹാര്‍ട്ട് ഹോസ്പിറ്റലിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്റ്റാഫ് നഴ്‌സ്, കേസ് മാനേജര്‍, ചാര്‍ജ് നഴ്‌സ്, നഴ്‌സിംഗ് സൂപ്പര്‍വൈസര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഖത്തറില്‍ ബാങ്കുകളുമായി ഇടപാടുകള്‍ ഉള്ളവര്‍ക്ക് രണ്ടുമാസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്.

40 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് ആദ്യം നോട്ടീസ് കൊടുക്കുന്നത്. പരിചയക്കുറവും മെറ്റേണിറ്റി ലീവുമാണ് പ്രായക്കുറവുള്ള നഴ്‌സുമാരെ ആദ്യം പിരിച്ചുവിടാന്‍ തീരുമാനം എടുക്കുന്നതെന്ന് കരുതുന്നു. നോട്ടീസ് നല്‍കിയവരോട് രാജ്യം വിട്ടുപോകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് അവര്‍ക്ക് മറ്റു ജോലികള്‍ അന്വേഷിക്കുന്നതിനും തടസ്സമുണ്ടാക്കുന്നു. കൂട്ടപ്പിരിച്ചു വിടല്‍ ഖത്തറിലെ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുന്നതോടെ കൂടുതല്‍ പേര്‍ പുറത്താകും. സ്വകാര്യ ആശുപത്രികളും സ്ഥാപനങ്ങളും സര്‍ക്കാര്‍ നീക്കത്തെ പിന്തുടരാനാണ് സാധ്യത. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News