കതിരൂര്‍ മനോജ് വധക്കേസ്; പി. ജയരാജന്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിരസിക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി സെഷന്‍സ് കോടതി നിരാകരിച്ചത്.

യുഎപിഎ നിയമത്തിലെ 43 ഡി(4) വകുപ്പ് പ്രകാരമുള്ള നിയമ തടസം ചൂണ്ടിക്കാട്ടിയ കോടതി, ശരിതെറ്റുകള്‍ അപ്പീല്‍ കോടതി പരിശോധിക്കട്ടെയെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ഇത് മൂന്നാം തവണയാണ് ജയരാജന്റെ ജാമ്യഹര്‍ജി തലശേരി ജില്ലാ സെഷന്‍സ് കോടതി തളളുന്നത്.

നേരത്തെ രണ്ടുതവണ ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പ്രതിയല്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍ കേസില്‍ സിബിഐ പ്രതിചേര്‍ത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ജയരാജന്‍ മൂന്നാമതും കോടതിയെ സമീപിച്ചത്. ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തില്‍ പി. ജയരാജനെതിരേ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും രാഷ്ട്രീയപരമായ പകപോക്കല്‍ മാത്രം ലക്ഷ്യമിട്ടാണ് ജയരാജനെ സിബിഐ കേസില്‍ പ്രതിചേര്‍ത്തതെന്നും പി. ജയരാജനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News