വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പുതിയ വിസിയുടെ ഉറപ്പ്; ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ദില്ലി: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കും. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പുതിയ വിസി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അനുകൂല നിലപാട് സ്വീകരിച്ചത്. അതേസമയം, ദളിത് വിരുദ്ധ നടപടികള്‍ സ്വീകരിച്ച കേന്ദ്രമന്ത്രിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.

പുതിയ വിസിയായി ചുമതലയേറ്റ എഎം പെരിയസ്വാമി സംയുക്ത സമര സമിതി വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് വിസി ഉറപ്പ് നല്‍കി. ദളിത് വിരുദ്ധ തീരുമാനങ്ങള്‍ കൈക്കൊണ്ട വിപിന്‍ ശ്രീവാസ്തവയെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് എഎം പെരിയസ്വാമി ഉറപ്പ് നല്‍കി. എന്നാല്‍ മുന്‍ വിസി അപ്പാറാവുവിനെ പുറത്താക്കേണ്ടത് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണെന്ന് പുതിയ വിസി ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥികളുടെ നഷ്ടപെട്ട സെമസ്റ്റര്‍ ക്ലാസുകള്‍ ദീര്‍ഘിപ്പിച്ച് നല്‍കുമെന്നും വിസി അറിയിച്ചു. അതേസമയം, രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരായ കേന്ദ്രമന്ത്രിമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുളള അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. സര്‍വ്വകലാശലയിലെ അധ്യാപകരും സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു. രോഹിത് വെമുലയടക്കമുള്ള ദളിത് വിദ്യാര്‍ഥികള്‍ക്ക് എതിരെ ആക്രമണം നടത്തിയ എബിവിപി പ്രവര്‍ത്തകരെ പോലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഒത്താശയോടെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൂടിയാണ് നിരാഹാര സമരം. ക്ലാസുകള്‍ പുനരാംരംഭിച്ചെങ്കിലും മനുഷ്യത്വരഹിത പ്രവര്‍ത്തനം നടത്തിയ കേന്ദ്രമന്ത്രിമാരെ പുറത്താക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News