സിക വൈറസ് ഇന്ത്യയിലേക്കും; പശ്ചിമഘട്ട, തീരപ്രദേശ മേഖലകളില്‍ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദര്‍

ബംഗളുരു: ഇന്ത്യയില്‍ പശ്ചിമഘട്ട മേഖലയിലും തീരപ്രദേശ മേഖലയിലും സിക വൈറസ് ശക്തമായി പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദര്‍. ബംഗളുരുവിലെ ഡോക്ടര്‍മാരാണ് രാജ്യത്ത് വൈറസ് ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ആവശ്യമായ പരിശോധന സംവിധാനങ്ങള്‍ ഇല്ലാത്തതാണ് വൈറസ് ഭീഷണി ഉയര്‍ത്തുന്നതെന്നും ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

വൈറസിനെതിരെ കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ആവശ്യമായ മുന്‍കരുതല്‍ നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബംഗളുരു, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് സിക വൈറസ് ബാധ രൂക്ഷമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ധാരാളം പേര്‍ യാത്ര ചെയ്യുന്നുണ്ട്. എന്നാല്‍ വന്‍നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ യാതൊരു പരിശോധന സംവിധാനവുമില്ലെന്നും കൊതുക് നിവാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം, വൈറസ് ബാധയെ കുറിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ജിഎം വാമദേവ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കേന്ദ്രസര്‍ക്കാരാണ് അത് ചെയ്യേണ്ടതെന്നും വാമദേവ അഭിപ്രായപ്പെട്ടു.

സിക വൈറസ് വലിയ ഭീഷണി തന്നെയാണ് ഉയര്‍ത്തുന്നതെന്ന് മണിപ്പാല്‍ ആശുപത്രിയിലെ ഡോ.സതീഷ് അമര്‍നാഥ് വ്യക്തമാക്കി. വിമാനത്താവളില്‍ മതിയായ പരിശോധന സംവിധാനം ഏര്‍പ്പെടുത്തണമെന്നും ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വന്നവരില്‍ പലര്‍ക്കും പനി അടക്കമുള്ള അസുഖങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും സതീഷ് പറഞ്ഞു. രോഗം തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ രാജ്യത്തില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

23 രാജ്യങ്ങളില്‍ വൈറസ് പടര്‍ന്ന് പിടിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊതുകുകളിലൂടെയാണ് സിക വൈറസ് പകരുന്നത്. സിക വൈറസ് ബാധിച്ചവര്‍ക്കു ജനിക്കുന്ന കുട്ടികളുടെ തല വലിപ്പത്തില്‍ ചെറുതായിരിക്കും. പലരും ജീവനോടെയുണ്ടാകാനുള്ള സാധ്യതയും കുറവാണ്. ബ്രസീലില്‍ മൂവായിരത്തോളം നവജാത ശിശുക്കള്‍ ഇത്തരത്തില്‍ ജന്മനാ വൈകല്യം ബാധിച്ചു മരിച്ചതോടെയാണ് സിക വൈറസ് മനുഷ്യരിലേക്കു പകര്‍ന്ന വിവരം ലഭിച്ചത്. ക്യൂലക്‌സ് വിഭാഗത്തില്‍ പെട്ട കൊതുകുകളും വൈറസ് പടരാന്‍ കാരണമാകുമെന്ന് ബ്രസീലിലെ ഓസ് വാല്‍ഡോക്രൂസ് ഫൗണ്ടേഷനിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്റ്റി എന്ന വിഭാഗത്തിലെ കൊതുകാണ് സിക്ക വൈറസ് പടര്‍ത്തുന്നതെന്നായിരുന്നു ആരോഗ്യവിദഗ്ദരുടെ കണ്ടെത്തില്‍. എന്നാല്‍ ക്യൂലക്‌സ് വിഭാഗത്തില്‍ പെട്ട സാധാരണ കൊതുകുകളും വൈറസ് പടര്‍ത്തിയേക്കാമെന്ന കണ്ടെത്തല്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നു.

സിക വൈറസ് വ്യാപിക്കുന്നു; ലക്ഷണങ്ങളും പ്രതിവിധികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News