പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്; നഗരം കനത്ത സുരക്ഷയില്‍; മോദി എത്തുന്നത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റില്‍ പങ്കെടുക്കാന്‍

കോഴിക്കോട്: കനത്ത സുരക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നഗരം കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. സ്വപ്‌നനഗരിയില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റില്‍ പങ്കെടുക്കാനായാണ് നരേന്ദ്രമോദി കോഴിക്കോട്ടെത്തുന്നത്.

ആദ്യമായി ജില്ലയിലെത്തുന്ന പ്രധാനമന്തിയ്ക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഡിഐജി സേവാങ് നമ്ഗ്യാലിന്റെ നേതൃത്വത്തിലുള്ള പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന 40 അംഗ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന് പുറമെ നാല് എസ്പി മാരുള്‍പ്പെടെയുള്ള 1314 പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. ഉത്തരമേഖലാ എഡിജിപി നിഥിന്‍ അഗര്‍വാള്‍, തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്ത് കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ഉമബഹ്‌റ, ഡിസിപി. ഡി സാലി എന്നിവര്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍. സുരക്ഷാ സംവിധാനങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കുന്നതിനായി ദില്ലിയില്‍ നിന്നുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കഴിഞ്ഞ ദിവസം തന്നെ കോഴിക്കോടെത്തിയിട്ടുണ്ട്.

സ്വപ്‌നനഗരിയില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. കരിപ്പൂരില്‍ വിമാനത്തിലിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് പ്രത്യേകം സജ്ജമാക്കിയ ഹെലികോപ്റ്ററില്‍ 12.05ന് വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തിറിങ്ങും. വിക്രം മൈതാനിയില്‍ നിന്നും കാര്‍ മാര്‍ഗം സ്വപ്‌നനഗരിയിലെത്തി തിരിച്ച് മടങ്ങും വിധമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഓരുക്കിയിട്ടുള്ളത്്. ഒരു മണിക്കൂറാണ് ചടങ്ങിനായി പ്രധാനമന്ത്രി ചിലവഴിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നലെ രണ്ട് തവണ ഹെലികോപ്റ്റര്‍ വിക്രം മൈതാനിയിലിറങ്ങിയിരുന്നു. പ്രധാനമന്ത്രിക്ക് യാത്ര ചെയ്യുന്നതിനായി ബുള്ളറ്റ് പ്രൂഫ്കാറുകളും ദില്ലിയില്‍ നിന്ന് കഴിഞ്ഞ ദിവസം കോഴിക്കോടെത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന കാറിന് പുറമേ ഒരു സ്‌പെയര്‍ കാര്‍, യാത്രാമധ്യേ മൊബൈല്‍ സിഗ്‌നലുകള്‍ നിഷ്‌ക്രിയമാക്കുന്ന ജാമര്‍കാര്‍ എന്നിവയാണ് കോഴിക്കോടെത്തിച്ചത്. അതീവ സുരക്ഷയില്‍ സായുധസേനാ ക്യാമ്പിലാണ് കാറുകള്‍ സൂക്ഷിച്ചിരിക്കുന്നത്.

മുന്‍കരുതലുകളുടെ ഭാഗമായി നഗരത്തിലെ പൊതുയിടങ്ങളിലെല്ലാം ബോംബ്, ഡോഗ്‌സ്‌ക്വാഡുകള്‍ പരിശോധന നടത്തി. നഗര പ്രാധാന കേന്ദ്രങ്ങളില്‍ നാളെ വരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാഹന പരിശോധനയും കര്‍ശനമായി തുടരുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ വിശദമായി ചോദ്യം ചെയ്യും. നഗരത്തിലെ ഹോട്ടലുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രാധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് ഇന്നും നാളെയും നഗരത്തില്‍ ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News