ദേശീയ സ്‌കൂള്‍ കായികമേളയില്‍ കിരീടമുറപ്പിച്ച് കേരളം; 28 സ്വര്‍ണ്ണവും 18 വെള്ളിയും 11 വെങ്കലവുമായി കേരളം മുന്നില്‍

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേള അവസാനിക്കാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കേരളം കിരീടമുറപ്പിച്ചു. 28 സ്വര്‍ണ്ണവും 18 വെള്ളിയും 11 വെങ്കലവുമായി കേരളം ബഹുദൂരം മുന്നിലാണ്. നാലാംദിനത്തില്‍ എട്ട് സ്വര്‍ണ്ണമാണ് കേരളം നേടിയത്. അയ്യായിരം മീറ്റര്‍ നടത്തില്‍ തോമസ് എബ്രഹാമും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ലിസ്ബത്ത് കരോളിനും സ്വര്‍ണ്ണം നേടി. ജൂനിയര്‍ ലോംഗ്ജംപില്‍ ശ്രീനാഥ് എംകെയും സബ്ബ് ജൂനിയര്‍ ലോംഗ് ജംപില്‍ ഐറിന്‍ മറിയ ബിജുവും സ്വര്‍ണ്ണമണിഞ്ഞു. നാനൂറ് മീറ്റര്‍ സീനിയര്‍ ഹര്‍ഡില്‍സില്‍ അഭികേല്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ മൂവായിരം മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളില്‍ സി ബബിത സ്വര്‍ണ്ണവും സാന്ദ്ര വെള്ളിയും നേടി. നാല് ഗുണം നൂറ് മീറ്റര്‍ റിലേയില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും ജൂനിയര്‍ പെണ്‍കുട്ടികളിലും കേരളം സ്വര്‍ണ്ണം നേടി.

നാല്xനൂറ് മീറ്റര്‍ റിലേയില്‍ നടന്ന ആറ് ഫൈനലുകളില്‍ നിന്ന് കേരളത്തിന് രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും മാത്രമാണ് ലഭിച്ചത്. ഏറെ പ്രതീക്ഷകളുമായാണ് കേരളം റിലേ മത്സരങ്ങളുടെ ട്രാക്കിലേക്കിറങ്ങിയത്. എന്നാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സ്വര്‍ണ്ണം പ്രതീക്ഷിച്ച സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ റിലേയില്‍ കേരളത്തിന് വെങ്കലമാണ് ലഭിച്ചത്. എന്നാല്‍ അവസാന ലാപ്പിലെ കുതിപ്പിലൂടെ സീനിയര്‍ ആണ്‍കുട്ടികള്‍ പ്രതീക്ഷ കാത്തു.

ജൂനിയര്‍ വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ സ്വര്‍ണ്ണം കേരളത്തിന്റെ അക്കൗണ്ടിലേക്കെത്തിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് തിരിച്ചടിയേറ്റു. വെങ്കലമെഡലുമായി ജൂനിയര്‍ ആണ്‍കുട്ടികള്‍ക്ക് ട്രാക്കില്‍ നിന്ന് മടങ്ങേണ്ടി വന്നു. അവസാന നിമിഷം വരെ സ്വര്‍ണ്ണം പ്രതീക്ഷിച്ചിരുന്ന സബ്ബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന ലാപ്പിലെ അവസാനസെക്കന്റുകളില്‍ മാനസിയുടെ അവിസ്മരണീയമായ കുതിപ്പിലൂടെ മഹാരാഷ്ട്ര ജയം സ്വന്തം പേരിലാക്കി. സബ്ബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫൈനലില്‍ കേരളത്തിന് ടീമുണ്ടായിരുന്നില്ല. ഹീറ്റ്‌സില്‍ ബാറ്റണ്‍ കൈമാറുന്നതിലെ പിഴവ് കാരണം ടീമിനെ അയോഗ്യരാക്കുകയായിരുന്നു. ബാറ്റണ്‍ കൈമാറുന്നതിനിടയിലെ ആശയക്കുഴപ്പവും ഫിനിഷിങ്ങിലെ അപാകതയുമാണ് ചില ഉറച്ച മെഡലുകള്‍ കേരളത്തിന് നഷ്ടപ്പെടാനിടയാക്കിയത്. അവസാന ദിവസം നടക്കുന്ന നാല് ഗുണം നാനൂറ് മീറ്റര്‍ റിലേയിലാണ് ഇനി കേരളം കണ്ണും നട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News