കതിരൂര്‍ മനോജ് വധക്കേസ്; പി.ജയരാജന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു; തിങ്കളാഴ്ച വാദം ആരംഭിക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഡയറി അടക്കമുള്ള കേസ് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച വാദം ആരംഭിക്കും. ജസ്റ്റിസ് കെടി ശങ്കരന്‍, ജസ്റ്റിസ് കെപി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി നിരസിച്ചതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് ബെഞ്ച് ഫയലില്‍ സ്വീകരിച്ചത്. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് പ്രതിചേര്‍ത്തതെന്നും കേന്ദ്രസംസ്ഥാന ഭരണകക്ഷികളുടെ സമ്മര്‍ദ്ദമാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ അക്രമങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തന്റെ ഗണ്‍മാനെ പലതവണ സിബിഐ ചോദ്യം ചെയ്തിട്ടും മനോജ് വധത്തില്‍ യാതൊരു പങ്കുമുള്ളതായി കണ്ടെത്താനായിട്ടില്ല. സെഷന്‍സ് കോടതിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലും സിബിഐ തയ്യാറായിരുന്നില്ലെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച സെഷന്‍സ് കോടതി നടപടി നിയമാനുസൃതമല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here