സിക വൈറസ് പടരുന്നു; ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; രോഗനിവാരണത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം

വാഷിംഗ്ടണ്‍: സിക വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രോഗനിവാരണത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് സംഘടന പ്രതിനിധികള്‍ അറിയിച്ചു. കൂട്ടായ നീക്കമാണ് ഈ സാഹചര്യത്തില്‍ ആവശ്യമെന്നു സംഘടന ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ വിലയിരുത്തി.

തെക്കന്‍ ബ്രസീലിലാണ് വൈറസിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. പിന്നീട് യൂറോപ്പിലേക്ക് വ്യാപിക്കുകയായിരുന്നു. 23 രാജ്യങ്ങളില്‍ വൈറസ് സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വൈറസിനെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഏകദേശം നാലു ദശലക്ഷം ആളുകളെ വൈറസ് ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഇന്ത്യയില്‍ പശ്ചിമഘട്ട മേഖലയിലും തീരപ്രദേശ മേഖലയിലും സിക വൈറസ് ശക്തമായി പടരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദര്‍ കണ്ടെത്തിയിരുന്നു. ബംഗളുരു, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് സിക വൈറസ് ബാധ രൂക്ഷമായ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ധാരാളം പേര്‍ യാത്ര ചെയ്യുന്നുണ്ട്. എന്നാല്‍ വന്‍നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ യാതൊരു പരിശോധന സംവിധാനവുമില്ലെന്നും കൊതുക് നിവാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

കൊതുകുകളിലൂടെയാണ് സിക വൈറസ് പകരുന്നത്. സിക വൈറസ് ബാധിച്ചവര്‍ക്കു ജനിക്കുന്ന കുട്ടികളുടെ തല വലിപ്പത്തില്‍ ചെറുതായിരിക്കും. പലരും ജീവനോടെയുണ്ടാകാനുള്ള സാധ്യതയും കുറവാണ്. ബ്രസീലില്‍ മൂവായിരത്തോളം നവജാത ശിശുക്കള്‍ ഇത്തരത്തില്‍ ജന്മനാ വൈകല്യം ബാധിച്ചു മരിച്ചതോടെയാണ് സിക വൈറസ് മനുഷ്യരിലേക്കു പകര്‍ന്ന വിവരം ലഭിച്ചത്. ക്യൂലക്‌സ് വിഭാഗത്തില്‍ പെട്ട കൊതുകുകളും വൈറസ് പടരാന്‍ കാരണമാകുമെന്ന് ബ്രസീലിലെ ഓസ് വാല്‍ഡോക്രൂസ് ഫൗണ്ടേഷനിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്റ്റി എന്ന വിഭാഗത്തിലെ കൊതുകാണ് സിക്ക വൈറസ് പടര്‍ത്തുന്നതെന്നായിരുന്നു ആരോഗ്യവിദഗ്ദരുടെ കണ്ടെത്തില്‍. എന്നാല്‍ ക്യൂലക്‌സ് വിഭാഗത്തില്‍ പെട്ട സാധാരണ കൊതുകുകളും വൈറസ് പടര്‍ത്തിയേക്കാമെന്ന കണ്ടെത്തല്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News