സംസ്ഥാനത്ത് ഗുണ്ടാരാജ്; അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിന് ക്രമസമാധാനം വിഷയമല്ലാതായെന്ന് പിണറായി; റൗഡികളെ നിലയ്ക്കു നിര്‍ത്താന്‍ പൊലീസിന് കഴിയുന്നില്ല

ചാലക്കുടി: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്നും ഗുണ്ടാരാജാണ് നടക്കുന്നതെന്നും സിപിഐഎം പിബി അംഗം പിണറായി വിജയന്‍. റൗഡി സംഘത്തെ നിലക്കുനിര്‍ത്താന്‍ പൊലീസിന് കഴിയുന്നില്ല. സംസ്ഥാനത്തെ വിജിലന്‍സ് വിജിലന്റ് അല്ലാതായതുപോലെ പൊലീസും നിഷ്‌ക്രിയമായെന്നും അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിന് ക്രമസമാധാനമൊന്നും വിഷയമല്ലാതായെന്നും പിണറായി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണം ജീര്‍ണിച്ചു പോയി. ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ ഭരണം കൈയാളുന്ന കോണ്‍ഗ്രസും യുഡിഎഫും ഒരു നടപടിയും എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടും ഉമ്മന്‍ചാണ്ടി അധികാരത്തില്‍ കടിച്ചു തൂങ്ങുകയാണ്. സരിത സലിംരാജിനെയും തമ്പാനുര്‍ രവിയേയും ബെന്നി ബെഹ്‌നാനെയും വിളിച്ച രേഖകള്‍ പുറത്തു വന്നു. ഇനിയെങ്കിലും ഉമ്മന്‍ചാണ്ടി രാജിവെച്ചൊഴിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഇതൊക്കെ കണ്ടിട്ടും ആദര്‍ശധീരനെന്ന് പറയുന്ന സുധീരന് ഒന്നും പറയാനില്ല. ഉമ്മന്‍ചാണ്ടിയുടെ ഉപജാപക സംഘത്തിന്റെ അടിമയായ സുധീരന്‍ സര്‍ക്കാരിന്റെ പാവയായി മാറി. കെ. ബാബുവിനെതിരെ വിജിലന്‍സ് ഉത്തരവ് വന്നപ്പോള്‍ അന്വേഷിക്കും, പരിശോധിക്കും എന്നെല്ലാം പറഞ്ഞ സുധീരന് ഉമ്മന്‍ചാണ്ടിക്കെതിരെ വിധി വന്നപ്പോള്‍ ഒന്നും പറയാനില്ലെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here