കൊച്ചി: രഹസ്യമായി സിറ്റിംഗ് നടത്തിയാല്‍ സ്വകാര്യതയുമായി ബന്ധപ്പെട്ടതടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും സരിത പറഞ്ഞു. പല കാര്യങ്ങളുടെ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടവയാണ്. അവ തുറന്ന കമ്മീഷനില്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സരിത പറഞ്ഞു. കമ്മീഷന്റെ നിര്‍ദേശപ്രകാരം ഇക്കാര്യങ്ങള്‍ മുദ്രവച്ച കവറില്‍ എഴുതി നല്‍കാന്‍ തയാറാണെന്നു സരിത കമ്മീഷനെ അറിയിച്ചു. ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ പറഞ്ഞു. രഹസ്യരേഖ വായിച്ച് ആര്‍ക്കെങ്കിലും നോട്ടീസ് അയക്കണമെങ്കില്‍ എന്തിന് അയക്കേണ്ടിവന്നു എന്നു പറയേണ്ടിവരുമെന്നു കമ്മീഷനും വ്യക്തമാക്കി.
ടീം സോളാറിന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്നു സ്ഥിരീകരിച്ചു സരിത. ബിജു രാധാകൃഷ്ണന്‍ നല്‍കിയ മൊഴി ശരിയാണെന്നു പറഞ്ഞാണ് ഇക്കാര്യം സരിത ശരിവച്ചത്. അതേസമയം, പല എംഎല്‍എമാരുടെ പേരുകളും പദ്ധതിയുമായി ചേര്‍ന്ന് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും പി സി വിഷ്ണുനാഥ് എംഎല്‍എയ്ക്കു പണം നല്‍കിയിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തി.
ഏബ്രഹാം കലമണ്ണിലിന് നോട്ടീസ് അയക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ വിലാസം സരിത നല്‍കി. കേസുമായി ബന്ധപ്പെട്ട് നിരവധി എംഎല്‍എമാരുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നുവെന്ന് സരിത പറഞ്ഞു. സാമ്പത്തിക ആരോപണങ്ങളില്‍ പെട്ട എംഎല്‍എമാര്‍ ഭരണകക്ഷിയിലുള്ളവരാണ്. ബെന്നി ബെഹനാനെ നേരത്തെ അറിയാം. ചെമ്പുമുക്കിലെ തന്റെ വീടിനടുത്താണ് അദ്ദേഹത്തിന്റെ വീട്. പാര്‍ടി പ്രവര്‍ത്തന ഫണ്ടിലേക്ക് 2012 നവംബറില്‍ 5 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.ഓഫീസ് രജിസ്റ്ററില്‍ മാത്രമാണ് അത് രേഖപ്പെടുത്തിയിരുന്നത്. റസീത് ഇല്ല.
പി സി വിഷ്ണുനാഥ് മാനവിക യാത്രയെന്ന പേരില്‍ 2012 ഒക്ടോബറില്‍ നടത്തിയ പരിപാടിക്ക് പ്രവര്‍ത്തന ഫണ്ട് ചോദിച്ചിരുന്നു. 2012 ഒക്ടോബര്‍ മൂന്നിന് ശേഷം ഏഴിനകത്ത് ഒറ്റപ്പാലത്തു മാനവിക യാത്ര വന്നപ്പോള്‍ ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ ചടങ്ങില്‍ വച്ച് ഞാന്‍ നേരിട്ട് പണം കൊടുത്തു. രസീത് പിന്നീട് തരാമെന്നു പറഞ്ഞെങ്കിലും തന്നില്ല. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് വേദിയിലിരുന്ന വിഷ്ണുനാഥിനെ ഫോണില്‍ വിളിച്ചാണ് കൊടുത്തത്. എറണാകുളത്ത് മാനവിക യാത്രയെത്തിയപ്പോള്‍ ഗസ്റ്റ് ഹൗസില്‍ വച്ച് ഒരു ലക്ഷം കൂടി നല്‍കി. ഇവിടെ പറഞ്ഞ സാമ്പത്തിക ആരോപണങ്ങള്‍ക്കു പുറമെ പല രാഷ്ട്രീയ നേതാക്കളും കമ്പനിയില്‍ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ട് പക്ഷേ താന്‍ നേരിട്ട് ഇടപെട്ടിട്ടില്ലാത്തതിനാല്‍ അതിന് എന്റെ കയ്യില്‍ തെളിവില്ല. എന്നാല്‍ പല തെളിവുകളും വീണ്ടെടുക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ട്. അത് കിട്ടിയാല്‍ ഹാജരാക്കാം. എന്നെക്കുറിച്ച് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ റിന്യൂവബിള്‍ എനര്‍ജി നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടും അംഗീകാരം ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്ത് ഉണ്ടായിട്ടുള്ളതാണ്.
മുഖ്യമന്ത്രി, ആര്യാടന്‍ എന്നിവരുമായി ബന്ധപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ കേസുമായി ബന്ധപെട്ട മറ്റു കാര്യങ്ങള്‍ സ്വകാര്യതയായതിനാല്‍ പറയാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്. ഈ ആരോപണങ്ങളെപ്പറ്റി കമ്മീഷന്‍ രഹസ്യ സിറ്റിംഗ് നടത്തിയാല്‍ കമ്മീഷനുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ജയിലില്‍ വെച്ചെഴുതിയ നോട്ട് പൊതുരേഖയാക്കുന്നതില്‍ കടുത്ത എതിര്‍പ്പുണ്ടെന്നും സരിത പറഞ്ഞു.
തനിക്കു സരിതയെ വിസ്തരിക്കാനുള്ള തീയതി അറിയിക്കണമെന്നു ബിജു രാധാകൃഷ്ണന്‍ കമ്മീഷനില്‍ ആവശ്യപ്പെട്ടു. മൊഴി നല്‍കുമ്പോള്‍ വിശദാംശങ്ങള്‍ സരിതയോടു പറഞ്ഞിരുന്നു എന്ന ബിജുവിന്റെ മൊഴി തെറ്റാണെന്നു സരിത പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ സരിതയുടെ ഡ്രൈവറോട് ബിജു 500 രൂപ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും വേറൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നും കമ്മീഷനുമായി ബന്ധപ്പെട്ട യാതൊരു കാര്യവും തന്നോടു ബിജു പറഞ്ഞിട്ടില്ലെന്നും സരിത വ്യക്തമാക്കി.
മന്ത്രി അനില്‍കുമാറുമായി പണമിടപാടുകള്‍ നടത്തിയിട്ടില്ല. അതേസമയം, പദ്ധതിയെക്കുറിച്ചു കൃത്യമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെറിയ പദ്ധതികളില്‍ കേന്ദ്രീകരിക്കാതെ വലിയ പദ്ധതികള്‍ തുടങ്ങണമെന്നും അതിനു സര്‍ക്കാര്‍ വേണ്ട സഹയാം നല്‍കാമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നതായും ബിജു മൊഴി നല്‍കിയിരുന്നു. അതു ശരിയാണെന്നു സരിത പറഞ്ഞു. ബിജു ഒരു തവണ മുഖ്യമന്ത്രിയെ കണ്ടിട്ടുള്ളതായി അറിയാം. 2012 ഓഗസ്റ്റിലായിരുന്നു അത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here