മന്ത്രി കെ സി ജോസഫിനെതിരേ കോടതിയലക്ഷ്യക്കേസ്; ഹൈക്കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ നിര്‍ദേശം; നടപടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ അധിക്ഷേപിച്ചതിന്

കൊച്ചി: മന്ത്രി കെസി ജോസഫിനെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യക്കേസ്. ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ വ്യക്തിപരമായി അധിക്ഷേപിച്ചതിനാണ് കേസ്. മന്ത്രിക്കെതിരെ ഹൈക്കോടതി കുറ്റപത്രം തയ്യാറാക്കും. കുറ്റപത്രം നേരിട്ട് വായിച്ചുകേള്‍പ്പിക്കാന്‍ പ്രതിയായ മന്ത്രി കെസി ജോസഫ് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഈ മാസം പതിനാറിന് മന്ത്രി കെസി ജോസഫ് നേരിട്ട് ഹാജരാകണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

‘കമന്റ് പറഞ്ഞവരുടെ പൂര്‍വ്വകാല ചരിത്രം നോക്കിയാല്‍ അവര്‍ പറയുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ അറിയാതെ ഓരിയിട്ടുപോയാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ? കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതി ആവശ്യമില്ല. ഇന്ത്യ എന്ന് പറഞ്ഞാല്‍ കേന്ദ്രവും സംസ്ഥാനവും ഉള്‍പ്പെട്ടതാണെന്ന് ഹൈക്കോടതി ജഡ്ജിക്ക് അറിയാത്ത കാര്യമാണോ.’ – ഇതായിരുന്നു മന്ത്രി കെസി ജോസഫിന്റെ വിമര്‍ശനം. 2015 ജൂലൈ 15നായിരുന്നു മന്ത്രി കെസി ജോസഫിന്റെ വിവാദ ഫേസ്ബുക് പോസ്റ്റ്.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് എന്നും ക്രിമിനല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് വി ശിന്‍കുട്ടി എംഎല്‍എയാണ് ഹൈക്കോടതിക്ക് പരാതി നല്‍കിയത്. ഈ പരാതിയിലാണ് മന്ത്രി കെസി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതും.

മുഖ്യമന്ത്രിക്കും അഡ്വക്കറ്റ് ജനറലിനുമെതിരെയുമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. എ.ജിയുടെ ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും കോടതിയുടെ ഉത്തരവുകള്‍ പലതും നടപ്പിലാക്കുന്നതില്‍ എജിയുടെ ഓഫീസ് വീഴ്ച വരുത്തുന്നുവെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിരീക്ഷിച്ചു. 120 അഭിഭാഷകര്‍ ഉണ്ടായിട്ടും സര്‍ക്കാരിന്റെ കേസുകള്‍ കൃത്യമായി നടക്കുന്നില്ല. എന്നാല്‍ സോളാര്‍ കേസില്‍ കൃത്യമായി അഭിഭാഷകര്‍ ഹാജരാകുന്നുണ്ടെന്നും കോടതി അന്ന് വിമര്‍ശനം ഉന്നയിച്ചു. ഇതാണ് മന്ത്രി കെസി ജോസഫിനെ ചൊടിപ്പിച്ചത്.

ജഡ്ജിമാരുടെ വിധിന്യായങ്ങള്‍ക്കെതിരെ ആരോഗ്യപരമായ വിമര്‍ശനമാകാം. എന്നാല്‍ വിധിന്യായം പറയുന്ന ജഡ്ജിമാരെ വ്യക്തിപരമായി അദിക്ഷേപിക്കാന്‍ പാടില്ല എന്നാണ് നിയമം. എന്നാല്‍ ഇക്കാര്യം മറികടന്ന് വ്യക്തിപരമായ അധിക്ഷേപമാണ് മന്ത്രി കെസി ജോസഫ് ഹൈക്കോടതി ജഡ്ജിക്കെതിരെ ഉന്നയിച്ചത്. ജഡ്ജിയെ മന്ത്രി രൂക്ഷമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തു. കോടതിയലക്ഷ്യ നിയമത്തിലെ 2 (സി) വകുപ്പ് അനുസരിച്ചാണ് മന്ത്രിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യനടപടി ഹൈക്കോടതി സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News