ലളിതകുമാരി കേസും സോളാറും

രിത, സോളാര്‍ കേസില്‍, അന്വേഷണ കമ്മീഷന്റെ മുമ്പാകെ സത്യം ചെയ്തു മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഒരു പൊതു താല്‍പര്യ ഹരജിക്കാരന്‍ തൃശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ പരാതി നല്‍കിയത്. വിജിലന്‍സ് കോടതി ആ പരാതി തുടര്‍നടപടികള്‍ക്കായി വിജിലന്‍സ് വകുപ്പിന് അയച്ചുകൊടുത്തു. അപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ലളിതകുമാരി കേസിലെ സുപ്രിംകോടതി വിധി മാനിക്കാന്‍ വിജിലന്‍സ് ജഡ്ജി തയ്യാറായില്ല എന്ന ആരോപണവുമായി മുന്നോട്ടുവരികയും ജഡ്ജിയുടെ ‘ശവമഞ്ചവും’ വഹിച്ചുകൊണ്ട് പ്രകടനം നടത്തുകയും ചെയ്തത്. വിജിലന്‍സ് ജഡ്ജി വാസനെതിരായി വളരെ മോശമായ പദപ്രയോഗങ്ങളും ശവമഞ്ചഘോഷയാത്രയും നടന്നിട്ടും സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ ഹൈക്കോടതി നടപടി സ്വീകരിച്ചതായി കണ്ടില്ല.

ഒരു പൊതുയോഗത്തില്‍ ‘ശുംഭന്‍’ എന്ന പദപ്രയോഗം നടത്തിയതിനാണ് എം വി ജയരാജനെതിരെ കേസെടുക്കുകയും ശിക്ഷിക്കുകയും ചെയ്തത്. ജയരാജന്റെ ‘ശുംഭന്‍’ പ്രയോഗത്തേക്കാള്‍ എത്രയോ തരംതാഴ്ന്നതായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ ശവമഞ്ചഘോഷയാത്രയും മുദ്രാവാക്യങ്ങളും. മാത്രവുമല്ല ജസ്റ്റിസ് വാസന്റെ വിധിക്കെതിരായി ഹൈക്കോടതിയില്‍ അപ്പീല്‍ വാദം കേട്ട ജഡ്ജി സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശത്തിന് വിപരീതമായി അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു.

ഈ സംഭവങ്ങള്‍ക്കൊക്കെ അടിസ്ഥാനമായത് സുപ്രിംകോടതി ലളിതകുമാരി കേസില്‍ നല്‍കിയ വിധിയാണ്. എന്താണ് ലളിതകുമാരി കേസും അതിലെ വിധി ന്യായവും?

2013 നവംബര്‍ 12നാണ് ലളിതകുമാരി v/s ഉത്തര്‍പ്രദേശ് സര്‍ക്കാരും മറ്റുള്ളവരും എന്ന കേസില്‍ ചീഫ് ജസ്റ്റിസ് പി സദാശിവം, ബി എസ് ചൗഹാന്‍, രഞ്ജന പ്രകാശ് ദേശായ്, രഞ്ജന്‍ ഗോഗോയ്, എസ് എ ബോബ്‌കെ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്. ഭരണഘടനാ ബെഞ്ചിന് വേണ്ടി അന്നത്തെ ചീഫ് ജസ്റ്റിസും ഇപ്പോഴത്തെ കേരളഗവര്‍ണറുമായ പി സദാശിവം ആണു വിധിന്യായം തയാറാക്കിയത്.

കേസ് നടക്കുന്ന കാലത്ത് ലളിതകുമാരി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയായിരുന്നതിനാല്‍ അവര്‍ക്ക് വേണ്ടി പിതാവായ ഭോലാ കാമത്താണ് ഹേബിയസ് കോര്‍പ്പസോ സമാനസ്വഭാവമുള്ള നിര്‍ദേശമൊ ലഭിക്കുന്നതിന് വേണ്ടി എതിര്‍കക്ഷിക്കെതിരെ പരാതി കൊടുത്തത്. ലളിതകുമാരിയെ തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് സംരക്ഷണം ലഭിക്കലായിരുന്നു ഹര്‍ജിയുടെ ഉദ്ദേശ്യം. 2008 മേയ് പതിനൊന്നിന് പരാതിക്കാരന്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ മകള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതിനെക്കുറിച്ച് ഒരു പരാതി എഴുതിക്കൊടുത്തു.  എന്നാല്‍ സ്റ്റേഷനില്‍നിന്നു നടപടികള്‍ ഒന്നുംതന്നെ ഉണ്ടായില്ല. തുടര്‍ന്ന് ബന്ധപ്പെട്ട എസ് പിക്ക് പരാതി കൊടുത്തു. ഒരു എഫ്‌ഐആര്‍ (പ്രഥമ വിവര റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തുവെങ്കിലും നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.

ഇതിനെ തുടര്‍ന്നാണ് ഹേബിയസ് കോര്‍പ്പസ് സുപ്രീംകോടതിയില്‍ വരുന്നത്. കേസ് ആദ്യം കേട്ട രണ്ടംഗ ബെഞ്ച് രാജ്യത്തൊട്ടാകെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന എഫ്‌ഐആറുകളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം കണക്കിലെടുക്കുകയും യൂണിയന്‍ ഓഫ് ഇന്ത്യ, എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍, ഡിജിപിമാര്‍ തുടങ്ങിയവര്‍ക്കൊക്കെ പരാതിക്കാരുടെ പരാതികള്‍ സ്വീകരിച്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും അതിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്ക് നല്‍കിയിരിക്കണമെന്നും, ഒപ്പംതന്നെ ബന്ധപ്പെട്ട മജിസ്‌ട്രേറ്റുമാര്‍ക്ക് അത് സമര്‍പ്പിച്ചിരിക്കണമെന്നും കുറ്റക്കാരെ പിടികൂടുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും അങ്ങനെ ചെയ്യാത്തപക്ഷം കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുന്നതാണെന്നും കാട്ടി നോട്ടീസയച്ചു. കിട്ടുന്ന പരാതികളിലൊക്കെ എഫ്‌ഐആര്‍ ഇടുന്നത് ഉണ്ടാക്കുന്ന പ്രയാസങ്ങള്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കെതിരായ കേസുകളില്‍ എഫ്‌ഐആര്‍ ഇടുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം നടത്തിയിരിക്കണമെന്ന വ്യവസ്ഥ, സിബിഐ മാന്വലില്‍ ഉള്ള പ്രത്യേക വ്യവസ്ഥ തുടങ്ങി നിരവധി വിഷയങ്ങള്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചും അല്ലാതെയുമൊക്കെ കോടതിയില്‍ ഉന്നയിക്കപ്പെട്ടു. അങ്ങനെയാണ് കൂടതല്‍ അംഗങ്ങളുള്ള ഒരു ഭരണഘടനാബെഞ്ച് ഈ കേസ് കേള്‍ക്കേണ്ടതുണ്ടെന്ന് തീരുമാനിക്കപ്പെട്ടത്.

ഇതിനെത്തുടര്‍ന്ന് 1973ലെ ക്രിമിനല്‍ നടപടി നിയമത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട 154-ാം വകുപ്പും അതിന് മുമ്പുണ്ടായിരുന്ന നിയമത്തിലെ വകുപ്പും അതിലെ പദപ്രയോഗങ്ങളുമൊക്കെ ഇഴകീറി പരിശോധിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാബെഞ്ച് താഴെ പറയുന്ന നിഗമനങ്ങളില്‍ എത്തുകയും അതിനെ തുടര്‍ന്ന് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

അതില്‍
vi) As to whatt ype and in which cases preliminary inquiry is to be conducted will depend on the facts and circumstances of each case.The category of cases in which preliminary inquiry may be made are as under:
a)Mtarimonial disputes/Family disputes
b)Commercial offences
c)Medical negligence cases
d)Corruption cases

എന്നാണ് പറഞ്ഞിരിക്കുന്നത്. അഴിമതിക്കേസുകള്‍ പ്രാഥമികാന്വേഷണം നടത്തിയതിന് ശേഷം മാത്രം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യേണ്ട വിഭാഗത്തില്‍ ആണ് പെടുത്തിയിരിക്കുന്നത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം നിര്‍ബന്ധിതമായും മേല്‍പറഞ്ഞ വിഭാഗം കേസുകളുടെ കാര്യത്തില്‍ വേണം എന്ന് സുപ്രീംകോടതി ഉദ്ദേശിക്കുന്നില്ല എന്നത് രണ്ടാം വാചകത്തില്‍ may be (വേണമെങ്കില്‍)എന്നാണ് shall be (നിര്‍ബന്ധമായും) എന്നല്ല ഉപയോഗിച്ചിട്ടുള്ളത് എന്നതില്‍നിന്ന് തന്നെ വ്യക്തമാണ്.

ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരായി, കോടതിക്ക് തത്തുല്യമായ അന്വേഷണകമ്മീഷന്‍ മുമ്പാകെ സത്യം ചെയ്ത് ബോധിപ്പിച്ച മൊഴിയുണ്ട്. ഉമ്മന്‍ചാണ്ടിയും അനുയായികളും പറയുന്ന പോലെ സ്റ്റേറ്റിന് നയാപൈസ പോലും നഷ്ടം സംഭവിച്ചോ ഇല്ലയോ എന്നതല്ല കുറ്റകൃത്യം നടന്നോ ഇല്ലയോ എന്നതിന്റെ മാനദണ്ഡം. അങ്ങനെയെങ്കില്‍ അറുപതോളം കേസുള്ള സരിതയുടെ പേരില്‍ സര്‍ക്കാരിന് ധനനഷ്ടമുണ്ടാക്കി എന്ന് ആരോപിക്കപ്പെടുന്ന ഒരു കേസുപോലുമില്ലെന്നതിനാല്‍ അവരെ വെറുതെ വിടണമല്ലോ?

സരിത അന്വേഷണകമ്മീഷന്‍ മുമ്പാകെ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ ഗുരുതരമായ കുറ്റകൃത്യം തുറന്നുകാട്ടപ്പെടുന്ന ഒരു പരാതിയുമായി (ഇങ്ങനെയൊരു കേസ് ഇന്ത്യയിലൊരിടത്തും ഉണ്ടായിട്ടില്ല) ഒരു പരാതിക്കാരന്‍ വന്നാല്‍ ആ പരാതി തുടര്‍നടപടിക്കായി വിജിലന്‍സിന് അയക്കുകയല്ലാതെ ജഡ്ജി മറ്റെന്താണ് ചെയ്യുക. പ്രതി മുഖ്യമന്ത്രിയാണ് അതുകൊണ്ട് കേസെടുക്കാനാവില്ല എന്ന് പറയണോ? എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണമോ എന്ന കാര്യം ഓരോ കേസിന്റെയും വസ്തുതകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടത് എന്ന് ലളിതകുമാരി കേസില്‍ സുപ്രിംകോടതി തന്നെ വ്യക്തമാക്കിയിരിക്കെ ഉമ്മന്‍ചാണ്ടിക്കെതിരായ കേസിലെ സവിശേഷമായ വസ്തുകളും സാഹചര്യങ്ങളും വിലയിരുത്തി വിധിയെഴുതാന്‍ വിജിലന്‍സ് കോടതിക്ക് അധികാരമുണ്ട്. അത് മുഖ്യമന്ത്രിക്ക് എതിരായിപ്പോയി എന്നതുകൊണ്ട് ശവമഞ്ചഘോഷയാത്ര നടത്തുന്നവര്‍ നിലനില്‍ക്കുന്ന ജനാധിപത്യാവകാശങ്ങള്‍ക്ക് മേലെയാണ് കത്തിവെക്കുന്നത്. കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് വിരുദ്ധതയുടെ പൊള്ളത്തരമാണ് ഈ സംഭവത്തിലൂടെ വെളിവായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel