ആറ്റിങ്ങല്‍ തല്ലിക്കൊല; എല്ലാ പ്രതികളും പിടിയില്‍; സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമെന്ന് മൊഴി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ തടഞ്ഞുനിര്‍ത്തി തല്ലിക്കൊന്ന കേസില്‍ എല്ലാ പ്രതികളും പിടിയില്‍. ഒളിവിലായിരുന്ന സതീഷ്, സന്തോഷ്, കിരണ്‍ എന്നിവരാണ് ഇന്നലെ രാത്രിയോടെ അറസ്റ്റിലായത്. മറ്റൊരു പ്രതി വക്കം സ്വദേശി വിനായകിനെ കടയ്ക്കാവൂര്‍ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് വിനായകിനെ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങല്‍ വക്കത്ത് മണക്കാട് സ്വദേശിയായ ഷബീറിനെ സംഘം തല്ലിക്കൊന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞുനിര്‍ത്തി വടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം മാരകായുധം കൊണ്ട് തല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനെയും അക്രമികള്‍ മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ്റിങ്ങലിലെ പാരലല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ് ഷബീര്‍.

കൊലപാതകം, മാരകായുധങ്ങളുമായി ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അന്യായമായി സംഘം ചേരല്‍, സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തി. വര്‍ക്കല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. സ്ഥലത്ത് നേരത്തെയും രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ അക്രമം അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. ഷബീറിനെ പ്രതികള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel