എന്‍ഡോസള്‍ഫാന്‍ ദുരിന്തബാധിതരുടെ പട്ടിണി സമരം ഒന്‍പതംദിവസം; സമരക്കാരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന പട്ടിണി സമരം ഒന്‍പതാം ദിവസത്തിലേക്ക്. ദുരിതബാധിതരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം ചേരുക.

പുനരധിവാസ പദ്ധതികളടക്കം സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ടാണ് ദുരന്തബാധിതര്‍ സമരം നടത്തുന്നത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചത്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ 2010 ഡിസംബറില്‍ ശുപാര്‍ശ ചെയ്ത അടിയന്തര സഹായം എത്രയും പെട്ടെന്ന് നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക, ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളി ബാങ്ക് ജംപ്തിയില്‍ നിന്ന് രക്ഷിക്കുക, 11 പഞ്ചായത്തുകള്‍ക്ക് പുറത്തുനിന്നുള്ള ദുരിതബാധിതരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, ബഡ്‌സ് സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, വര്‍ഷത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി രോഗികളായവരെ ദുരിതബാധിതരുടെ ലിസ്റ്റില്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഇന്നത്തെ യോഗത്തിലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here