സിക വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകര്‍ന്നതായി റിപ്പോര്‍ട്ട്; ഗര്‍ഭിണികളായ സ്ത്രീകള്‍ വിദേശയാത്രകള്‍ ഉപേക്ഷിക്കണമെന്ന് കേന്ദ്രനിര്‍ദ്ദേശം

ദില്ലി/ജനീവ: കൊതുകിലൂടെ മാത്രമല്ല, വൈറസ് ബാധയുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും സിക പകരുമെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസിലെ ടെക്‌സാസിലാണ് ലൈംഗിക ബന്ധത്തിലൂടെ സിക വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വൈറസ് ഭീഷണിയുള്ള രാജ്യങ്ങളില്‍ പോയിട്ടില്ലാത്ത ആള്‍ക്കാണ് സിക ബാധിച്ചത്. ഇയാളുടെ പങ്കാളി വെനിസ്വേലയില്‍നിന്ന് മടങ്ങിയെത്തിയതാണ്. അതുകൊണ്ട് കൊതുകിലൂടെയല്ല ഇയാള്‍ക്ക് വൈറസ് ബാധിച്ചതെന്നാണ് ടെക്‌സാസ് ആരോഗ്യവകുപ്പ് സ്ഥിരീകരണം. കൊതുകിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന സിക വൈറസ്, എച്ച്‌ഐവിയേക്കാളും നാശം വിതയ്ക്കുമെന്നാണ് ആരോഗ്യവിദഗ്ദരുടെ അഭിപ്രായം.

അതേസമയം, സിക വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഗര്‍ഭിണികളായ സ്ത്രീകള്‍ വിദേശയാത്രകള്‍ ഉപേക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. നൈജീരിയ, തായ്‌ലന്റ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് സിക വൈറസ് വ്യാപകമായി പടരുന്നത്.

ഇന്ത്യയില്‍ പശ്ചിമഘട്ട മേഖലയിലും തീരപ്രദേശ മേഖലയിലും സിക വൈറസ് ശക്തമായി പടരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ദര്‍ കണ്ടെത്തിയിരുന്നു. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

സിക വൈറസ് ബാധിച്ചവര്‍ക്കു ജനിക്കുന്ന കുട്ടികളുടെ തല വലിപ്പത്തില്‍ ചെറുതായിരിക്കും. പലരും ജീവനോടെയുണ്ടാകാനുള്ള സാധ്യതയും കുറവാണ്. ബ്രസീലില്‍ മൂവായിരത്തോളം നവജാത ശിശുക്കള്‍ ഇത്തരത്തില്‍ ജന്മനാ വൈകല്യം ബാധിച്ചു മരിച്ചതോടെയാണ് സിക വൈറസ് മനുഷ്യരിലേക്കു പകര്‍ന്ന വിവരം ലഭിച്ചത്. ക്യൂലക്‌സ് വിഭാഗത്തില്‍ പെട്ട കൊതുകുകളും വൈറസ് പടരാന്‍ കാരണമാകുമെന്ന് ബ്രസീലിലെ ഓസ് വാല്‍ഡോക്രൂസ് ഫൗണ്ടേഷനിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്റ്റി എന്ന വിഭാഗത്തിലെ കൊതുകാണ് സിക്ക വൈറസ് പടര്‍ത്തുന്നതെന്നായിരുന്നു ആരോഗ്യവിദഗ്ദരുടെ കണ്ടെത്തില്‍. എന്നാല്‍ ക്യൂലക്‌സ് വിഭാഗത്തില്‍ പെട്ട സാധാരണ കൊതുകുകളും വൈറസ് പടര്‍ത്തിയേക്കാമെന്ന കണ്ടെത്തല്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here