സ്വവര്‍ഗ്ഗാനുരാഗം: മൗലികാവകാശങ്ങളും കുറ്റകൃത്യവും; നിയമ പോരാട്ടത്തിന്റെ വഴികള്‍

സമൂഹത്തില്‍ ദുര്‍ബലരും സാമൂഹിക സാഹചര്യങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്നവരുമാണ് ന്യൂനപക്ഷം. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗം. ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ദുര്‍ബല ജനവിഭാഗങ്ങളുടെയും ക്ഷേമവും ഉന്നമനവും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. മത ന്യൂനപക്ഷം, ഭാഷാന്യൂനപക്ഷം എന്നീ വിഭാഗങ്ങള്‍ ന്യൂനപക്ഷങ്ങളായി പരിഗണിക്കപ്പെടുന്നു. സ്ത്രീകള്‍, കുട്ടികള്‍, തൊഴിലാളികള്‍ തുടങ്ങിയവരെ ദുര്‍ബല ജനവിഭാഗങ്ങളായും ഭരണഘടന പരിഗണിക്കുന്നു. സാമൂഹികമായും വിദ്യാഭ്യാസപരമായും ഉള്‍പ്പടെ ഉന്നമനം നേടുന്നത് ഉറപ്പുവരുത്തുക എന്നതാണ് ഭരണഘടന ലക്ഷ്യമിടുന്നത്. ഭൂരിപക്ഷം എന്ന ആശയത്തിന് വിപരീതപദമല്ല ഭരണഘടന പറയുന്ന ന്യൂനപക്ഷം എന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷം സാമൂഹികമായും സാമ്പത്തികമായും ഉന്നമനം നേടുകയും പൊതുസമൂഹത്തിനൊപ്പം നിലനില്‍ക്കുകയും ചെയ്യുക എന്നതുതന്നെയാണ് ഭരണഘടനയുടെ വിശാല കാഴ്ചപ്പാട്.

ലൈംഗിക ന്യൂനപക്ഷവും ഭരണഘടനയും

ന്യൂനപക്ഷമെന്നോ സമൂഹത്തിലെ ദുര്‍ബല വിഭാഗമെന്നോ പരിഗണന ലഭിക്കാത്തവരാണ് ലൈംഗിക ന്യൂനപക്ഷം. ഭരണഘടന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ല. ഭരണഘടനയുടെ ആമുഖം മുന്നോട്ടുവയ്ക്കുന്ന വിശാലമായ അര്‍ത്ഥത്തില്‍ ന്യായമായ അവകാശങ്ങള്‍ ലഭിക്കേണ്ടവരാണ് ലൈംഗിക ന്യൂനപക്ഷവും. മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ പോലെ രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ പ്രധാനപ്പെട്ട വിഭാഗമാണ് ലൈംഗിക ന്യൂനപക്ഷവും. ഇതിനൊപ്പം ഒരു സാഹചര്യത്തിലും ജാതി, മത, വര്‍ഗ്ഗ, ലിംഗ വിവേചനം പാടില്ല എന്ന ഭരണഘടനയുടെ ആശയവും മൗലികാവകാശങ്ങള്‍ എല്ലാവര്‍ക്കുമുണ്ട് എന്ന ആശയവും ഭിന്നലൈംഗികത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നു. ന്യായമായും ലഭിക്കേണ്ട ജീവിക്കാനുള്ള അവകാശം പോലും അന്യമാകുന്ന വിഭാഗം കൂടിയാണ് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷം. ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗങ്ങളിലായി വേര്‍തിരിക്കപ്പെട്ടവരര്‍. എല്‍ജിബിടി അവകാശങ്ങള്‍ എന്ന ചുരുക്കെഴുത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അറിയപ്പെടുന്നു.

സ്വവര്‍ഗ്ഗരതിയും ഐപിസി 377ഉം

1860ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പാണ് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളി. പ്രകൃതി വിരുദ്ധ ലൈംഗികത കുറ്റകരമാകുന്നത് ഐപിസി 377-ാം വകുപ്പ് പ്രകാരമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത കുറ്റകരമല്ല. സ്ത്രീയ്ക്കും പുരുഷനും അപ്പുറത്ത് നിയമം നിര്‍വചിക്കപ്പെടാത്ത ലൈംഗികതയില്‍ ഉള്‍പ്പെട്ടവര്‍ രതിയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാകും. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഈ വകുപ്പാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തിരിച്ചടിയായി കണക്കാക്കുന്നത്. കാരണം സ്ത്രീയും പുരുഷനും തമ്മില്‍ അല്ലാതെ ലൈംഗിക ബന്ധം സാധ്യമായ വിഭാഗങ്ങളാണ് ലൈംഗിക ന്യൂനപക്ഷം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസ്തുത വകുപ്പ് ഒഴിവാക്കണം എന്നതാണ് ഭിന്നലിംഗ സമൂഹം അഥവാ ലൈംഗിക ന്യൂനപക്ഷം ഉയര്‍ത്തുന്ന പ്രധാന ആവശ്യം.

നിയമപോരാട്ടത്തിന്റെ ഇന്ത്യന്‍ ചരിത്രം

ഒന്നര ദശാബ്ദത്തോളം പഴക്കമുണ്ട് ഭിന്നലിംഗക്കാരുടെ നിയമ പോരാട്ടത്തിന്. 2001ല്‍ നാസ് ഫൗണ്ടേഷന്‍ തുടങ്ങിയ പോരാട്ടം സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന് മുന്നില്‍ എത്തി നില്‍ക്കുന്നു. പുരുഷ അനുരാഗികള്‍ തമ്മിലുള്ള ലൈംഗികതയ്ക്ക് നിയമപരമായ സാധുത നല്‍കണം എന്ന ആവശ്യം ദില്ലി ഹൈക്കോടതിയുടെ മുന്നിലാണ് ആദ്യം വരുന്നത്. മൂന്ന് വര്‍ഷത്തില്‍ അധികം നീണ്ട നിയമ യുദ്ധത്തിന് ശേഷം പൊതുതാല്‍പര്യ ഹര്‍ജി 2004 സെപ്തംബറില്‍ ഹൈക്കോടതി തള്ളി. എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ അതേ മാസം െൈഹക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി. വിഷയം പരിഗണിക്കാനാവില്ലെന്ന് കാട്ടി നവംബറില്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ഡിസംബറില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ഹൈക്കോടതി നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

2006 ഏപ്രിലില്‍ ഹര്‍ജി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതിക്ക് വീണ്ടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒക്ടോബറില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കെതിരെ നിലപാട് എടുത്ത് ബിജെപിയുടെ മുതിര്‍ന്ന നേതാവ് സിംഗാള്‍ കേസില്‍ കക്ഷി ചേര്‍ന്നു. 2008 സെപ്തംബറില്‍ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടുതല്‍ സമയം തേടി.

സാമൂഹ്യ സദാചാരത്തിന്റെ അടിസ്ഥാനത്തില്‍ മൗലികാവകാശങ്ങള്‍ ഹനിക്കരുത് എന്ന് സ്വവര്‍ഗ്ഗാനുരാഗികള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും വ്യത്യസ്ത നിലപാടുകള്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചു. സ്വവര്‍ഗ്ഗാനുരാഗത്തെ എതിര്‍ക്കുന്നതായിരുന്നു കേന്ദ്രം ഒടുവില്‍ സ്വീകരിച്ച നിലപാട്.

സമൂഹത്തില്‍ സദാചാര വിരുദ്ധത വര്‍ദ്ധിക്കാന്‍ ഇടയ്ക്കും എന്നതായിരുന്നു കേന്ദ്രത്തിന്റെ ആദ്യ വാദം. തുടര്‍ന്ന് ഇത് മത വിശ്വാസങ്ങളെ ഹനിക്കുന്നതാണ് എന്ന വാദത്തില്‍ ഉറച്ച് എതിര്‍ത്തു. പാര്‍ലമെന്റ് തീരുമാനമെടുക്കേണ്ട വിഷയത്തില്‍നിന്നും ഹൈക്കോടതി വിട്ടുനില്‍ക്കണം എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍നിലപാട്.

കേന്ദ്ര നിലപാടുകള്‍ക്ക് തിരിച്ചടിയേല്‍ക്കുന്നതായിരുന്നു 2009 ജൂലെയിലെ ദില്ലി ഹൈക്കോടതി വിധി. സ്വവര്‍ഗ്ഗാനുരാഗം സംബന്ധിച്ച ഹര്‍ജിക്കാരുടെ വാദങ്ങള്‍ എല്ലാം ഹൈക്കോടി അംഗീകരിച്ചു. സുപ്രിധാനമായ ഹൈക്കോടതി വിധി ഭിന്ന ലൈംഗികതയുടെ വക്താക്കള്‍ക്ക് സന്തോഷം നല്‍കുന്നതായി. എന്നാല്‍ ദില്ലി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ദില്ലിയിലെ ഒരു ജ്യോതിഷി സുപ്രീംകോടതിയെ സമീപിച്ചു. 2012 ഫെബ്രുവരിയില്‍ കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. 2012 മാര്‍ച്ചില്‍ വിധി പറയാന്‍ മാറ്റിയ സുപ്രീംകോടതി 2013 ഡിസംബറിലാണ് ദില്ലി ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ സ്വവര്‍ഗ്ഗ ലൈംഗികത വീണ്ടും ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 377-ാം വകുപ്പിന് കീഴില്‍ കുറ്റകരമായി.

സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അനുകൂലമായി നിലപാടെടുത്ത കേന്ദ്രം വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍ 2014 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതേ വര്‍ഷം ഏപ്രിലില്‍ ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതി സുപ്രധാന വിധിന്യയം പുറപ്പെടുവിച്ചു. ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രധാന വിധിന്യായം പുറപ്പെടുവിച്ചത്.

പോയവര്‍ഷം ഡിസംബറില്‍ സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമല്ലാതാക്കുന്ന സ്വകാര്യ ബില്‍ ശശി തരൂര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ സ്വകാര്യ ബില്‍ ആയതിനാല്‍ ആയുസുണ്ടായില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെത്തുടര്‍ന്ന് ബില്‍ അവതരണം തന്നെ വോട്ടിനിട്ട് തള്ളി. വിഷയം ചര്‍ച്ച ചെയ്യാനുള്ള അവസരം പാര്‍ലമെന്റില്‍ ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടില്ല.

നിയമപോരാട്ടത്തിന്റെ വഴികള്‍

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അവകാശങ്ങളുണ്ട്, ഭരണഘടനാ അവകാശങ്ങള്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ബാധകമാക്കണം തുടങ്ങിയവയാണ് ലൈംഗിക ന്യൂനപക്ഷം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. സ്വവര്‍ഗ്ഗരതി, സ്വവര്‍ഗ്ഗ വിവാഹം, വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ഇവരുടെ നിയമ പോരാട്ടം. ലൈംഗിക ന്യൂനപക്ഷങ്ങള്‍ ബലാത്സംഗത്തിന് വിധേയമായാല്‍ അത് ലൈംഗിക അതിക്രമമായി പരിഗണിക്കണം തുടങ്ങിയവയും ഭിന്നലിംഗ സമൂഹം ഉന്നയിക്കുന്നു.

നാസ് ഫൗണ്ടേഷന്‍ കേസ്

2009 ജൂലൈ മാസത്തിലാണ് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസകരമായി ആദ്യ കോടതി വിധി വരുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 377-ാം വകുപ്പിന്റെ പരിധിയില്‍ വരില്ല എന്ന് ദില്ലി ഹൈക്കോടതി വിധിച്ചു. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും വ്യക്തിത്വമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ ചരിത്രപരമായ നിരീക്ഷണം. രാജ്യത്ത് ഏതെങ്കിലും ഒരു കോടതിയില്‍ നിന്ന് ലൈംഗിക ന്യൂനപക്ഷത്തിന് അനുകൂലമായി വരുന്ന ആദ്യ വിധി കൂടിയായിരുന്നു അത്. നാസ് ഫൗണ്ടേഷന്‍ ആണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

അനുകൂല നിലപാടുമായി മുംബൈ ഹൈക്കോടതിയും

സാല്‍വേഷന്‍ ഓഫ് ഒപ്രസ്ഡ് എനഷസ് (സൂയി) എന്ന സംഘടന 2012ലാണ് ഭിന്ന ലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. പുരുഷത്വമില്ലാത്തവരെ അവരുടെ ഗുരുക്കന്മാര്‍ അടിമകളായി ഉപയോഗിക്കുന്നത് വിധിയിലൂടെ മുംബൈ ഹൈക്കോടതി വിലക്കി. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ ലൈംഗിക അതിക്രമവും ബലാത്സംഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന സൂയിയുടെ ആവശ്യം മുംബൈ ഹൈക്കോടതി അംഗീകരിച്ചു. ഐപിസി 377-ാം വകുപ്പിന്റെ പരിധിയില്‍ പുരുഷത്വമില്ലാത്തവരെയും ഉള്‍പ്പെടുത്തണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സുപ്രീംകോടതിയില്‍ തിരിച്ചടി

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്തായിരുന്നു 2009ലെ ദില്ലി ഹൈക്കോടതി വിധി. എന്നാല്‍ 377-ാം വകുപ്പ് നിലനില്‍ക്കുമെന്നായിരുന്നു സുപ്രീം കോടതി 2013ല്‍ സ്വീകരിച്ച നിലപാട്. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതല്ല 377-ാം വകുപ്പ് എന്ന് സിംഗിള്‍ ബഞ്ച് വിധിച്ചു. വിവാദപരമായ വിഷയത്തില്‍ പാര്‍ലമെന്റ് നിലപാട് സ്വീകരിക്കുന്നതാണ് ഉചിതം എന്ന് നിരീക്ഷിച്ച ജ. ജിഎസ് സിംഗ്‌വി വിഷയം പാര്‍ലമെന്റിന് വിട്ടു.

നിലപാടെടുത്ത് ജ. പി സതാശിവം

2011 ഫെബ്രുവരി 12ന് തമിഴ്‌നാട്ടിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കായി ട്രാന്‍സ് ജെന്‍ഡര്‍മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച ഒരു ശില്‍പശാല സംഘടിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഇന്നത്തെ കേരള ഗവര്‍ണറുമായ ജ. പി സതാശിവം ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുത്തു. ‘സമത്വം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. ലിംഗം, മതം, വര്‍ഗ്ഗം, ജാതി എന്നിവയുടെ പേരില്‍ വിവേചനം പാടില്ല. ഭരണഘടന എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം ഇപ്പോഴും സമൂഹത്തിലെ പാര്‍സ്വവല്‍ക്കരിക്കപ്പെട്ടവരായി കഴിയുന്നു.’

‘വിവേചനം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ -സൗകര്യങ്ങളുടെ അഭാവം, തലചായ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥ, വിവാഹം, ദത്ത് സംബന്ധിച്ച പ്രശ്‌നം, ലഹരി ഉപയോഗം തുടങ്ങിയവയാണ് ട്രാന്‍സ് ജെന്‍ഡറുകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍.’ ജ. പി സതാശിവം പറഞ്ഞു.

മൂന്നാം ലിഗമായി ട്രാന്‍സ് ജെന്‍ഡേഴ്‌സ്

രാജ്യത്തെ ലൈംഗിക ന്യൂനപക്ഷത്തെ മൂന്നാം ലിംഗമായി അംഗീകരിച്ച് 2014 ഏപ്രില്‍ 15നായിരുന്ന് സുപ്രീംകോടതി സുപ്രധാന വിധിന്യായം പുറപ്പെടുവിച്ചത്. സ്ത്രീയോ പുരുഷനോ അല്ലാത്ത മൂന്നാം ലിംഗം എന്ന പദവിക്ക് ലൈംഗിക ന്യൂനപക്ഷത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരുടെ ഗണത്തില്‍ മൂന്നാം ലിംഗക്കാരെ പരിഗണിക്കണം എന്നും കോടതി നിരീക്ഷിച്ചു. ഒബിസി പദവിയിലുള്ള സംവരണവും ഇതുവഴി ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് സുപ്രീംകോടതി നല്‍കി. ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റി കേന്ദ്രസര്‍ക്കാരിനെതിരെ നല്‍കിയ കേസിലായിരുന്നു ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഭാവി സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.

വിദ്യാഭ്യാസത്തിലും ജോലിയിലും തുല്യ അവസരം നല്‍കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്ന ലിംഗക്കാരുടെ ക്ഷേമത്തിനായി നയം സ്വീകരിക്കണം. ഇവര്‍ക്കെതിരായ സമൂഹത്തിന്റെ മാനസികാവസ്ഥ മാറ്റാന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കണം. പ്രത്യേക പൊതു ശൗചാലയങ്ങള്‍ സ്ഥാപിക്കണം. ലിംഗമാറ്റം ചെയ്യപ്പെട്ട് സ്ത്രീയോ പുരുഷനോ ആയി മാറിയവരോട് വിവേചനമരുത്. ഐപിസി 377-ാം വകുപ്പ് ട്രാന്‍സ് ജെന്‍ഡറുകള്‍ക്കെതിരെ പൊലീസ് ദുരുപയോഗിക്കരുത്. ഗേ, ലെസ്ബിയന്‍, ബൈ സെക്ഷ്വല്‍ ഗണത്തിലുള്ളവരെ ട്രാന്‍സ് ജെന്‍ഡര്‍ എന്ന കുടക്കീഴില്‍ പരിഗണിക്കണം. ട്രാന്‍സ് ജെന്‍ഡറുകളെ സമൂഹത്തിന്‍രെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണം എന്നും സുപ്രീംകോടതി കേസില്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമല്ലാതാക്കുന്ന കാര്യം സുപ്രീംകോടതി ബഞ്ചിന്റെ പരിഗണനാ വിഷയമല്ലായിരുന്നതിനാല്‍ ഇതിനായി പിന്നെയും കാത്തിരിക്കേണ്ടിവന്നു.

പ്രധാനം രാഷ്ട്രീയ നിലപാട്

ഭിന്നലിംഗക്കാരുടെ ഭാവി അരക്ഷിതമായി നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണം സംരക്ഷണത്തിനായി നിയമം നിലവിലില്ല എന്നതാണ്. പാര്‍ലമെന്റ് നിയമം നിര്‍മ്മിക്കണമെങ്കില്‍ രാഷ്ട്രീയ അഭിപ്രായ സമന്വയം ഉണ്ടാകണം. ഇതാണ് നിയമപരമായ നിലനിര്‍പ്പിലേക്ക് ഭിന്നലിംഗക്കാര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടിവരുന്നത്.

ട്രാന്‍സ് ജെന്‍ഡറുകളെ അംഗീകരിക്കുന്ന നയമായിരുന്നില്ല ബിജെപി ആദ്യം സ്വീകരിച്ചത്. 377-ാം വകുപ്പ്  നിലനിര്‍ത്തിയ സുപ്രീംകോടതി വിധിയെ ബിജെപി അന്ന് സ്വാഗതം ചെയ്തു. ട്രാന്‍സ് ജെന്‍ഡറുകള്‍ക്കായി നിയമം നിര്‍മ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ലോകത്ത് വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ ലൈംഗിത താല്‍പര്യമുണ്ട്. അതിന്റെ പേരില്‍ അവരെ ജയിലില്‍ അടയ്ക്കുന്നത് ശരിയല്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ അരുണ്‍ ജയ്റ്റ്‌ലി വിലയിരുത്തി.

ജയ്റ്റ്‌ലിയുടെ നിലപാടുകളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും രംഗത്തുവന്നു. സ്വവര്‍ഗരതിയെ നിയമവിധേയമാക്കുന്നതില്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് ചിദംബരം പറഞ്ഞു. ലൈംഗിക ന്യൂനപക്ഷത്തിന് അനുകൂലമാണ് സിപിഐഎം നിലപാട്. 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് സിപിഐഎം ആവശ്യപ്പെടുന്നു. ഭിന്ന ലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നും സിപിഐഎം ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര നിലപാടുകള്‍

എല്‍ജിബിടി അവകാശങ്ങള്‍ സംരക്ഷിക്കണം എന്നത് രാജ്യാന്തര തലത്തില്‍ വര്‍ഷങ്ങളായി ഉയരുന്ന ആവശ്യമാണ്. സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കണം എന്നതാണ് അന്താരാഷ്ട്ര തലത്തില്‍ വിവിധ സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. 2015 ആണ് ഇതില്‍ ഏറ്റവും നിര്‍ണ്ണായകമായ വര്‍ഷം. ഏറ്റവും അനുകൂലമായ നിലപാടുകളാണ് അമേരിക്ക മുതല്‍ അയര്‍ലന്‍ഡ് വരെയുള്ള രാജ്യങ്ങള്‍ സ്വീകരിച്ചത്.

2015 മേയിലാണ് സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കി അയര്‍ലന്‍ഡ് നിലപാട് സ്വീകരിച്ചത്. 1993ല്‍ സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കുന്നതിനും അയര്‍ലന്‍ഡ് സയ്യാറായി. ജനഹിത പരിശോധനയിലൂടെ സ്വവര്‍ഗ്ഗ രതി അംഗീകരിച്ച ആദ്യരാജ്യം കൂടിയാണ് അയര്‍ലന്‍ഡ്.

സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാണ് എന്ന് 2015 ജൂണില്‍ അമേരിക്കന്‍ സുപ്രീംകോടതി വിധിച്ചു. സ്വവര്‍ഗ്ഗാനുരാഗിയായ എറിക് കെ ഫാനിംഗ് അമേരിക്കന്‍ സേനയുടെ തലപ്പത്തേക്ക് ഉയര്‍ത്തപ്പെട്ടതും പോയവര്‍ഷമാണ്. അമേരിക്കയില്‍ സര്‍ക്കാര്‍ തലത്തില്‍ ഉന്നത പദവിയില്‍ എത്തുന്ന ആദ്യ സ്വവര്‍ഗ്ഗാനുരാഗി കൂടിയാണ് എറിക്. സ്വവര്‍ഗ്ഗരതി 2007ല്‍ നിയമ വിധേയമാക്കിയ നേപ്പാള്‍ ഏറ്റവും ഒടുവില്‍ എല്‍ജിബിടി അവകാശങ്ങള്‍ക്ക് ഭരണഘടനാപരമായ സാധുതയും നല്‍കി.

ഫ്രാന്‍സ്, ബ്രിട്ടന്‍, ആസ്‌ട്രേലിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വവര്‍ഗ്ഗ അനുരാഗത്തിനും രതിക്കും നിയമ സാധുത നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുന്നു. ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളും സ്വവര്‍ഗ്ഗ വിഷയത്തില്‍ കാലത്തിനൊപ്പം സഞ്ചരിച്ചു.

ഭിന്ന ലിംഗക്കാരുടെ അവകാശങ്ങളിന്മേല്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന രാജ്യങ്ങളില്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യ ഒറ്റയ്ക്കല്ല. ഇറാന്‍, സൗദി അറേബ്യ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഖത്തര്‍, ഘാന നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും സ്വവര്‍ഗ്ഗരതിയും വിവാഹവും ഇപ്പോഴും കുറ്റകരമാണ്.

ഐപിസിയും പോസ്‌കോ നിയമവും

പ്രകൃതി വിരുദ്ധ ലൈംഗികത നിര്‍വചിച്ചതിനൊപ്പമായിരുന്നു കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമവും ഇന്ത്യന്‍ നിയമത്തില്‍ പറഞ്ഞത്. ദില്ലി ഹൈക്കോടതി വിധിയോടെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം 377-ാം വകുപ്പിന്റെ പരിധിയില്‍ വരുമോ എന്ന സംശയം ഉയര്‍ന്നു. എന്നാല്‍ 2012ല്‍ നിലവില്‍ വന്ന കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയല്‍ നിയമം (പോസ്‌കോ നിയമം) അനുസരിച്ച് കേസെടുക്കാമെന്നത് 377-ാം വകുപ്പിന്മേലുള്ള ദില്ലി ഹൈക്കോടതിയുടെ വിധിയിലെ ആശങ്ക അകറ്റി.

ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍

ഭിന്ന ലൈംഗികതയുള്ളവര്‍, ലൈംഗിക ന്യൂനപക്ഷം, സ്വവര്‍ഗ്ഗാനുരാഗികള്‍, ലെസ്ബിയന്‍, ഗേ ട്രാന്‍സ് ജെന്‍ഡര്‍ എന്നിങ്ങനെ വിശാലാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതാണ് സ്ത്രീയും പുരുഷനും അല്ലാത്ത ഒരു ന്യൂനപക്ഷ സമൂഹം. ഇന്ത്യയെന്ന രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടന എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നു. ആര്‍ട്ടിക്കള്‍ 14 അനുസരിച്ച് എല്ലാവരും തുല്യരാണ് എന്ന് വിവക്ഷിക്കുന്നു. മൗലികാവകാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും വേണ്ടിയുള്ളതാണ് എന്ന് പരമോന്നത നിയമ പുസ്തകം തന്നെ വ്യക്തമാക്കുന്നു. ജാതി, മത, വര്‍ഗ്ഗ വിവേചനത്തിനൊപ്പം തന്നെ ലിംഗവിവേചനവും പാടില്ലെന്ന് ഭരണഘടനയുടെ 15-ാം ആര്‍ട്ടിക്കിള്‍ ഉറപ്പുനല്‍കുന്നു. ഇവിടെയാണ് ലൈംഗിക ന്യൂനപക്ഷം ഉന്നയിക്കുന്ന അവകാശങ്ങളുടെ പ്രസക്തി.

സമൂഹത്തിന്റെ സദാചാര മൂല്യങ്ങളെ ബാധിക്കപ്പെടുന്നതാണ് ഭിന്നലിംഗക്കാരുടെ അവകാശങ്ങളെന്നും അതിനാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നുമാണ് പ്രത്യക്ഷത്തില്‍ പുറത്തുവരാത്ത വിമതപക്ഷം. എന്നാല്‍ സമൂഹത്തിന്റെ സദാചാരവാദത്തെ മൗലികാവകാശങ്ങളുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് ഭിന്നലിംഗക്കാരുടെ അവകാശത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ നിലപാട് എടുക്കുന്നു. സമൂഹത്തിന്റെ താല്‍പര്യത്തേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണ്. ഒപ്പം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശവും. മുതിര്‍ന്നവരുടെ സ്വകാര്യ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ടോ എന്നതുകൂടിയാണ് ഉയരുന്ന ചോദ്യം.

ഭരണഘടനാ ബഞ്ചിലേക്ക്

സുപ്രീം കോടതി ഒരിക്കല്‍ തീര്‍പ്പുകല്‍പ്പിച്ച ഹര്‍ജിയിലെ തെറ്റുകള്‍ ഒഴിവാക്കി പുതിയ വിധിക്ക് വേണ്ടി സമര്‍പ്പിക്കുന്ന ഹര്‍ജിയാണ് ക്യുറേറ്റീവ് പെറ്റീഷന്‍ അഥവാ തിരുത്തല്‍ ഹര്‍ജി. 2002ല്‍ വിവാഹമോചനവുമായി ബന്ധപ്പെട്ട് രൂപ അശോക് ഹുറ വേഴ്‌സസ് അശോക് ഹുറ കേസില്‍ പുറപ്പെടുവിച്ച തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. വധശിക്ഷ ശരിവെച്ച അന്തിമ വിധിക്ക് ശേഷവും യാക്കൂബ് മേമന്റെ കേസില്‍ പരാതി വീണ്ടും കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായി. ഇതാണ് ഏറ്റവും ഒടുവില്‍ സുപ്രീംകോടതി പരിഗണിച്ച തിരുത്തല്‍ ഹര്‍ജി. തുറന്ന കോടതിയില്‍ കേള്‍ക്കേണ്ട സാഹചര്യം ഇല്ലെങ്കില്‍ ജഡ്ജിയുടെ ചേംബറില്‍ ഹര്‍ജി പരിഗണിക്കും.

2014ലെ സുപ്രീംകോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ണ്ണായക തീരുമാനമെടുത്തത്. തിരുത്തല്‍ ഹര്‍ജി വിപുലമായ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടാനാണ് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ തീരുമാനം. സ്വവര്‍ഗ്ഗരതി കുറ്റകരമാണെന്ന് നിര്‍വചിക്കുന്ന ഐപിസി 377-ാം വകുപ്പ് നിലനില്‍ക്കുമോ എന്ന് ഭരണഘടനാ ബഞ്ച് പരിശോധിക്കും. ഒപ്പം പ്രസ്തുത വകുപ്പ് ആര്‍ട്ടിക്കിള്‍ 14, 15, 21 എന്നിവയുടെ ലംഘനമാണോ എന്നും പരിശോധിക്കും. ലംഘനമാണ് എന്ന് കണ്ടെത്തിയാല്‍ ഐപിസി – 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി വിധിയെഴുതും.

ഏറ്റവും പ്രധാന അവകാശമായ ലൈംഗിക അവകാശം ഉഭയ സമ്മതപ്രകാരം നാല് ചുവരുകള്‍ക്കുള്ളില്‍ സ്വകാര്യമായി ഒതുങ്ങിയാല്‍ ആര്‍ക്കും എതിര്‍പ്പ് ഉണ്ടാവില്ല എന്നാണ് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ പ്രതികരിച്ചത്. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പടെ ചില സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 2014 ഏപ്രിലില്‍, ചീഫ് ജസ്റ്റിസായിരുന്ന പി സതാശിവം ഹര്‍ജി ചേംബറില്‍ വാദം കേള്‍ക്കാമെന്ന് അറിയിച്ചിരുന്നു. എല്‍ജിബിടി അവകാശങ്ങള്‍ക്ക് എതിരായ നിരീക്ഷണം നേരത്തെയുള്ള വിധിയില്‍ കോടതി നടത്തിയിട്ടുണ്ട്. ഇത് പക്ഷം ചേര്‍ന്ന വിധിയാണെന്ന വിമര്‍ശനം കൂടി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഹര്‍ജി പരിഗണിക്കുന്നത്.

വിധി പുനപരിശോധിക്കാനും അത് ഭരണഘടനാ ബഞ്ചിന് വിടാനുമുള്ള സുപ്രീംകോടതിയുടെ തീരുമാനം തന്നെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഭിന്ന ലിംഗക്കാരുടെ മൗലികാവകാശങ്ങളിന്മേല്‍ അനുകൂല തീരുമാനം സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് സ്വീകരിച്ചാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഭരണഘടനയില്‍ തന്നെയും എഴുതി ചേര്‍ക്കപ്പെട്ടേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here