ദില്ലി: പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റി മൂലം തിരുനാള്‍ രാമവര്‍മ്മയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെഎന്‍ സതീഷ് കുമാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ക്ഷേത്രസ്വത്തുകളില്‍ ട്രസ്റ്റി അവകാശ വാദം ഉന്നയിക്കുന്നതായും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംഭാവനയെന്ന പേരില്‍ ട്രസ്റ്റി അനധികൃതമായി പണപ്പിരിവു നടത്തുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
നേരത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ ക്ഷേത്രം ട്രസ്റ്റി രാമവര്‍മ്മ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് ട്രസ്റ്റി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷ് കുമാര്‍ ആരോപിക്കുന്നത്. ക്ഷേത്രത്തിലെ ചിലവുകള്‍ വഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്തിര തിരുനാള്‍ രാമവര്‍മ്മ ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റിന്റെ ചട്ടപ്രകാരം ക്ഷേത്ര സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിച്ചാല്‍ അയോഗ്യരാക്കപ്പെടുമെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇത് ലംഘിച്ച് രാമവര്‍മ്മ ക്ഷേത്ര സ്വത്തുക്കളില്‍ അവകാശ വാദം ഉന്നയിച്ച് 2014ല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി. അതുകൊണ്ടു ട്രസ്റ്റി സ്ഥാനത്ത് തുടരാന്‍ രാമവര്‍മ്മയ്ക്ക് അര്‍ഹതയില്ലാതായെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ട്രസ്റ്റിനു കീഴിലുള്ള ഓഡിറ്റോറിയത്തിന്റെ പേരില്‍ ക്ഷേത്രത്തിലേക്ക് സംഭാവനയെന്ന പേരില്‍ പണം പിരിക്കുന്നതായും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ അങ്ങനെയൊരു സംഭാവന ക്ഷേത്രത്തിലേക്ക് നല്‍കാത്തതു കൊണ്ടു തന്നെ ഇത് വിശ്വാസ വഞ്ചനയാണ്. തനിക്കെതിരായ ലോകായുക്തയുടെ പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കോടതി നിയോഗിച്ച ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്താനാണ് ട്രസ്റ്റി ശ്രമിക്കുന്നതെന്നും കെഎന്‍ സതീഷ് കുമാര്‍ സത്യവാങ്ങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post