ജഡ്ജിമാര്‍ക്കെതിരെ വീക്ഷണം മുഖപ്രസംഗം; ജുഡീഷ്യറിയെ മാത്രം വിമര്‍ശനങ്ങളില്‍നിന്ന് എന്തിനു മാറ്റിനിര്‍ത്തുന്നു; സീസറുടെ ഭാര്യയും സംശയാതീതമായിരിക്കണമെന്നതു കോടതിക്കും ബാധകം

തിരുവനന്തപുരം: ജഡ്ജിയെ വിമര്‍ശിച്ചതിനു മന്ത്രി കെ സി ജോസഫിനോടു നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ ജഡ്ജിമാരെ വിമര്‍ശിച്ചു കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജനാധിപത്യത്തിന്റെ നെടുംതൂണുകളായ എക്‌സിക്യുട്ടീവും ലെജിസ്ലേറ്റീവും വിമര്‍ശനവിധേയമാണെങ്കില്‍ ജുഡീഷ്യറിയെ മാത്രം എന്തിന് വിമര്‍ശനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് മുഖപത്രം മുഖപ്രസംഗത്തില്‍ ചോദിച്ചിരിക്കുന്നത്.

കേസിലെ വിധിന്യായത്തെ വിമര്‍ശനങ്ങളേക്കാള്‍ ഇന്നു വിവാദമായിക്കൊണ്ടിരിക്കുന്നത് ന്യായാധിപന്‍മാരുടെ നിരീക്ഷണങ്ങളും അവര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളുമാണ്. പലപ്പോഴും അതു പരിഗണനയില്‍ ഇരിക്കുന്ന കേസുകളുമായി ബന്ധമില്ലാത്തതും ന്യായാധിപന്റെ അധികാരപരിധിയില്‍ വരാത്തതുമായ കാര്യങ്ങളെക്കുറിച്ചായിരിക്കും. ഇത്തരം സാഹചര്യത്തില്‍ അനാവശ്യകാര്യങ്ങളില്‍ പറയുന്ന അഭിപ്രായത്തിന് വിമര്‍ശനം ഏല്‍ക്കുമ്പോള്‍ അതു കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമോ എന്നു പരിശോധിക്കേണ്ടതുണ്ട്.

ജനങ്ങളും നീതിപീഠവും തമ്മിലുള്ള ബന്ധം ഇവിടെ പരിശോധിക്കേണ്ടതാണ്. ജഡ്ജിമാര്‍ അടക്കമുള്ളവര്‍ അന്തസായി പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നില്ലെങ്കില്‍ യജമാനന്‍മാരായ ജനങ്ങള്‍ക്കു ജഡ്ജിമാരെ വിമര്‍ശിക്കാവുന്നതാണെന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായവും തങ്ങളുടെ വാദത്തിന് ശക്തി നല്‍കാന്‍ വീക്ഷണം പരാമര്‍ശിച്ചിട്ടുണ്ട്.

നമ്മുടെ ജുഡീഷ്യല്‍ സമ്പ്രദായം പരിപൂര്‍ണമായും ശുദ്ധമായും എല്ലാ ന്യായാധിപന്‍മാരും വിശുദ്ധ പശുക്കളാമെന്നും ആരും കരുതുന്നില്ല. സമൂഹത്തെ ബാധിച്ച മൂല്യച്യുതിയില്‍നിന്ന് ഒരു നിയമലോകവും മുക്തമല്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് അതു തിരുത്താനുള്ള ആഗ്രഹത്തോടെയാണ്. അല്ലാതെ നിയമവ്യവസ്ഥയെയും സ്ഥാപനങ്ങളെയും തകര്‍ക്കാനുള്ള ഉദ്ദേശത്തോടെയല്ല. പരസ്പര പൂരകമായ രക്ഷാ ആശ്രയ ബന്ധങ്ങളാണ് ജുഡീഷ്യറിയും ജനങ്ങളും തമ്മിലുള്ളത്. ജനങ്ങളെ രക്ഷിക്കാന്‍ ജുഡീഷ്യറി കടപ്പെട്ടതു പോലെ ജുഡീഷ്യറിയെ സംരക്ഷിക്കാന്‍ ജനങ്ങളും ബാധ്യസ്ഥരാണ്. നീതിപീഠങ്ങള്‍ കര്‍ത്തവ്യങ്ങളില്‍ വിമുഖരാവുകയോ നിര്‍ഭയത്വം വെടിയുകയോ നിഷ്പക്ഷ പാതയില്‍നിന്നു വ്യതിചലിക്കുകയോ ചെയ്യുമ്പോഴാണ് ജനങ്ങള്‍ അസ്വസ്ഥരാകുന്നതും വിമര്‍ശനമുയര്‍ത്തുന്നതും.

ആഗ്രഹിച്ച വിധി ലഭിക്കാതെ വരുമ്പോള്‍ കോടതികളെ വിമര്‍ശിക്കുന്നത് ആശാസ്യമല്ല. സീസര്‍ മാത്രമല്ല, സീസറുടെ ഭാര്യയും സംശയത്തിന് അതീതമായിരിക്കണം എന്ന തത്വം കോടതികള്‍ക്കും ബാധകമാണ്. ഈയിടെ വിജിലന്‍സ് ജഡ്ജി പുറപ്പെടുവിച്ച ഉത്തരവുകളും അതിനെതിരെ ഉണ്ടായ ഹൈക്കോടതി നടപടികളും രൂക്ഷ വിമര്‍ശനങ്ങളും സ്മരണീയമാണ്. കുറ്റബോധം കൊണ്ടു സ്വമേധയാ പിരിയാന്‍ അപേക്ഷ സമര്‍പ്പിച്ച വിജിലന്‍സ് ജഡ്ജിക്കു പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തെ പിന്തിരിപ്പിച്ച മറ്റു ചില ജഡ്ജിമാരുടെ നടപടി നിയമലോകത്തു വിഭാഗീയത സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ന്യായാധിപന്‍മാര്‍ വിമര്‍ശനാതീതരാണെന്നു സമ്മതിക്കാനാകുമോ എന്നാണ് മുഖപ്രസംഗം ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News