ഇന്ത്യയില്‍ സികയെ കൂടുതല്‍ പേടിക്കേണ്ടത് കേരളവും തമിഴ്‌നാടും; ലോകത്തു കൂടുതല്‍ രാജ്യങ്ങളില്‍ രോഗബാധ; ജോര്‍ജിയയിലും സ്ഥിരീകരിച്ചു

ദില്ലി: ലോകത്തെ ഭീതിയിലാഴ്ത്തിയ സിക വൈറസിനെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് കേരളവും തമിഴ്‌നാടും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കാലാവസ്ഥാ സാഹചര്യങ്ങളും കൊതുകുകകള്‍ പെരുകാനുള്ള സാഹചര്യവും സിക വൈറസ് ഇരു സംസ്ഥാനങ്ങളെയും ബാധിക്കാന്‍ ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.

ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും പടര്‍ത്തുന്ന അതേ ഈഡിസ് ഗണത്തിലെ കൊതുകാണ് സികയും പടരാന്‍ കാരണം. ഈ കൊതുകുകളുടെ സാന്നിധ്യം ഇന്ത്യയില്‍ കൂടുതലായി കേരളത്തിലും തമിഴ്‌നാട്ടിലുമുണ്ടെന്നും ഈ രണ്ടു രോഗങ്ങളും ഇരു സംസ്ഥാനങ്ങളിലും കാര്യമായ ആള്‍നാശം വരുത്തിയിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ മഴക്കാലത്തിനു മുമ്പായി ഇരു സംസ്ഥാനങ്ങളിലും കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ഇപ്പോഴത്തെ നില വിലയിരുത്തേണ്ടതുണ്ട്. ചെന്നൈയിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായ പ്രളയം കൊതുകുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ടാകാമെന്നും ഇപ്പോഴും പ്രളയ ദുരിതാശ്വാസം പൂര്‍ത്തിയാകാത്തതിനാല്‍ ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്‌നാട്ടില്‍ രോഗബാധയുണ്ടായാല്‍ അതു മറ്റു സംസ്ഥാനങ്ങളിലേക്കു പടരാനുള്ള സാധ്യതയുമേറെയാണ്. ദക്ഷിണേന്ത്യയില്‍ എല്ലായിടങ്ങളില്‍നിന്നും യാത്രക്കാര്‍ നിരവധി വന്നുപോകുന്ന ഇടമാണ് തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങള്‍. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടില്‍ ഗൗരവമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും വേണമെന്നാണ് വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലേക്കു വിദേശയാത്ര കഴിഞ്ഞുവരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ അടക്കം ഇത്തരത്തില്‍ ശക്തമായ പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്നു തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ സിക വൈറസ് പരിശോധിക്കാനുള്ള സംവിധാനങ്ങളിലെന്ന വിമര്‍ശനവും ശക്തമാണ്. ചെന്നൈയിലെ കിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവെന്റീവ് മെഡിസിന്‍ രോഗപരിശോധനയ്ക്കായുള്ള കിറ്റ് ഓര്‍ഡര്‍ ചെയ്തിട്ട് ഒരു മാസമായിട്ടും എത്തിയിട്ടില്ല. രോഗം ലോകമാകെ വ്യാപിക്കുന്നതായും എല്ലാ രാജ്യങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എമ്പാടും ജാഗ്രത ശക്തമാക്കിയിരിക്കുയാണ്. അതിനിടെ, സിക കൂടുതല്‍ രാജ്യങ്ങളിലേക്കു പടര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍. ജോര്‍ജിയയില്‍ ആദ്യമായി രോഗബാധ സ്ഥിരീകരിച്ചു.

വിദേശയാത്ര കഴിഞ്ഞുവന്നയാളിലാണ് ജോര്‍ജിയയില്‍ രോഗബാധ കണ്ടെത്തിയത്. കൊളംബിയിയിലേക്കാണ് ഇയാള്‍ ഡിസംബറില്‍ യാത്രചെയ്തത്. കൊതുകുകടിയിലൂടെയാണോ മറ്റെന്തെങ്കിലും മാര്‍ഗങ്ങളിലൂടെയാണോ രോഗം വ്യാപിച്ചതെന്നു വ്യക്തമായിട്ടില്ല. ലാറ്റിന്‍ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സിക വൈറസ് അമേരിക്കയില്‍ ഇതോടകം 31 പേര്‍ക്കു രോഗബാധയുണ്ടായായാണ് റിപ്പോര്‍ട്ട്. ബ്രസീലില്‍ നാലായിരം പേര്‍ക്കു നിലവില്‍ രോഗബാധയുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News