ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കേണ്ട കാര്യമില്ലെന്ന് സര്‍വ്വകക്ഷി യോഗം; 25ന് റയില്‍വേ ബജറ്റും 29ന് പൊതുബജറ്റും; ചരക്ക് സേവന നികുതി ബില്ലിന് മുന്‍ഗണന

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കേണ്ട കാര്യമില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. സമ്മേളനം ഈ മാസം 23 മുതല്‍ മാര്‍ച്ച് 16 വരെ ചേരും. ഫെബ്രവരി 25ന് റയില്‍വേ ബജറ്റും 29ന് പൊതുബജറ്റും അവതരിപ്പിക്കാനും തീരുമാനമായി.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് സമിതിയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയ്യതികള്‍ നിശ്ചയിച്ചത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രൂവരി 23ന് ആരംഭിച്ച് മാര്‍ച്ച് 16ന് അവസാനിക്കും. 23-ാം തീയ്യതി ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗം നടത്തും. ഫെബ്രവരി 25ന് റയില്‍വേ ബജറ്റും 29 ന് പൊതുബജറ്റും അവതരിപ്പിക്കും.

രണ്ടാം ഘട്ടം ഏപ്രില്‍ 21 മുതല്‍ മെയ് 25 വരെ നടക്കും. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് ആയതിനാല്‍ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മേളനം ചുരുക്കേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായപ്പെട്ടു

ചരക്ക് സേവന നികുതി ബില്‍ പാസാക്കുന്നതിനാണ് ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. എന്നാല്‍ രോഹിത് വെമുലയുടെ ആത്മഹത്യ, അരുണാചലിലെ രാഷ്ട്രപതി ഭരണം തുടങ്ങിയ വിഷയങ്ങള്‍ ബജറ്റ് സമ്മേളനത്തെ ബഹളത്തില്‍ മുക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News