സോളാര്‍ കേസില്‍ ദില്ലി പൊലീസും ഇടപെടുന്നു; ചാന്ദ്‌നി ചൗക്കില്‍ വച്ച് കുരുവിളയ്ക്ക് ഒരു കോടി നല്‍കിയെന്ന സരിതയുടെ മൊഴി പരിശോധിക്കുന്നുവെന്ന് കമ്മീഷണര്‍ ബി.എസ് ബസി

ദില്ലി: സോളര്‍ കേസില്‍ സരിതാ നായരുടെ വെളിപ്പെടുത്തലില്‍ ദില്ലി പൊലീസും അന്വേഷണം നടത്താന്‍ സാധ്യത. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന തോമസ് കുരുവിളയ്ക്ക് ദില്ലിയില്‍ വച്ചു 1.10 കോടി രൂപ കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

സരിതയുടെ മൊഴി പഠിക്കുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നത് പരിശോധിച്ചു വരികയാണെന്ന് പൊലീസ് കമ്മിഷണര്‍ ബി.എസ് ബാസി പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി സ്‌പെഷ്യല്‍ കമ്മീഷണറെ (ക്രൈം) ചുമതലപ്പെടുത്തിയെന്നും ബാസി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചാന്ദ്‌നി ചൗക്കിലെ ഷോപ്പിംഗ് മാളിലെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് പണം കൈമാറിയെന്നാണ് സരിതയുടെ മൊഴി.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് ബാസിക്ക് കത്തയച്ചിരുന്നു. ദില്ലി പൊലിസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കേസില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത് അന്വേഷണം തുടങ്ങിയാല്‍ അത് വന്‍രാഷ്ട്രീയ വിവാദമായി മാറുമെന്ന ആശങ്കയിലാണ് ദില്ലി പൊലീസ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here