ദില്ലി: ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് വിവരാവകാശ നിയമപ്രകാരം നല്‍കുന്ന അപേക്ഷയില്‍ പേജിന് രണ്ട് രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍. വിവരാവകാശ നിയമത്തിന്റെ 3, 6 വകുപ്പുകള്‍ പ്രകാരമേ നിരക്ക് ഈടാക്കാവൂ എന്നും വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ യുജിസിക്കും രാജ്യത്തെ സര്‍വകലാശാലകള്‍ക്കും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

വിദ്യാര്‍ത്ഥിയില്‍ നിന്നും ഒരു പേപ്പറിന് 750 രൂപ വീതം ഈടാക്കിയ ദില്ലി സര്‍വകലാശാലയുടെ നടപടി വിവരാവകാശ കമ്മീഷന്‍ തടഞ്ഞു. പരീക്ഷാ ഫലം പ്രഖ്യാപിച്ച ശേഷം ഉത്തരക്കടലാസുകളിന്മേല്‍ യുക്തിരഹിതമായ രീതിയില്‍ ദിവസക്രമം നിശ്ചയിക്കരുത് എന്നും വിവരാവകാശ കമ്മീഷന്‍ സര്‍വകലാശാലകളോട് നിര്‍ദ്ദേശിച്ചു. അധിക നിരക്ക് ഈടാക്കുന്നത് വിവരാവകാശ നിയമത്തിനും സുപ്രീം കോടതി വിധിക്കും എതിരാണ് എന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

central_information_commission

വിവരാവകാശത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അകറ്റി നിര്‍ത്താനാണ് സര്‍വകലാശാലകള്‍ ശ്രമിക്കുന്നത്. നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും സര്‍വകലാശാലകള്‍ മറക്കുന്നു. വിവരങ്ങള്‍ നല്‍കാതിരിക്കുന്നതിന് താങ്ങാനാവാത്ത ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് ദുഖകരമാണ് എന്നും വിവാരവകാശ കമ്മീഷന്‍ നിരീക്ഷിച്ചു.

പാര്‍ലമെന്റ് പാസാക്കിയ വിവരാവകാശ നിയമത്തെ മറികടക്കാന്‍ ശ്രമിച്ച ദില്ലി സര്‍വകലാശാലയുടെ നടപടിയെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരക്കടലാസ് നല്‍കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ അടിയന്തരമായി മാറ്റം വരുത്താന്‍ ഗവേണിംഗ് ബോഡി ചേരണമെന്നും സര്‍വകലാശാലാകലോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഉത്തരക്കടലാസിന്റെ പകര്‍പ്പിന് പേപ്പര്‍ ഒന്നിന് 750 രൂപ ഈടാക്കിയ ദില്ലി സര്‍വകലാശാലയുടെ നടപടി ചോദ്യം ചെയ്ത് അബ്ന്‍ ഇന്‍ഗ്തി എന്ന വിദ്യാര്‍ത്തി സമര്‍പ്പിച്ച അപ്പീലിലാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.