ആപ്പിളിന് വീണ്ടും തിരിച്ചടി; പേറ്റന്റ് ലംഘിച്ചതിന് ആപ്പിള്‍ 4250 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ കോടതി

ന്യൂയോര്‍ക്ക്: കഴിഞ്ഞ പാദത്തില്‍ ഐ ഫോണുകളുടെ വില്‍പന ഇടിഞ്ഞതിന് പിന്നാലെ ആപ്പിള്‍ കമ്പനിക്ക് വീണ്ടും തിരിച്ചടി. ബൗദ്ധിക സ്വത്തവകാശ നിയമം ലംഘിച്ചതിന് ആപ്പിളിന് ന്യൂയോര്‍ക്ക് കോടതി വന്‍ തുക പിഴയിട്ടു. 626 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 4250 കോടി രൂപയാണ് കോടതി പിഴയിട്ടത്.

ആപ്പിള്‍ ഫോണുകളിലെ ഐ മെസേജ്, ഫേസ് ടൈം ഉള്‍പ്പടെ 4 ആപ്ലിക്കേഷനുകള്‍ പേറ്റന്റ് നിയമം ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി. 2012ല്‍ തുടങ്ങിയ നിയമ പോരാട്ടത്തിനൊടുവിലാണ് ആപ്പിളിന് എതിരായ കോടതി വിധി. വിര്‍നെറ്റ്എക്‌സ് എന്ന കമ്പനിക്ക് അനുകൂലമായാണ് ഇത്രയും തുക കോടതി നഷ്ടപരിഹാരം വിധിച്ചത്.

വിവിധ തരം പ്രൊഡക്ടുകളുടെ പേറ്റന്റ് കൈവശം വച്ചിരിക്കുന്ന കമ്പനിയാണ് വിര്‍നെറ്റ്എക്‌സ്. കേവലം 14 തൊഴിലാളികളും ചെറിയ ഓഫീസും മാത്രമുള്ള കമ്പനി. മറ്റ് കമ്പനികള്‍ നിര്‍മ്മിക്കുന്ന പ്രൊഡക്ടുകള്‍ക്ക് പേറ്റന്റ് എടുത്തു നല്‍കും. പണം നല്‍കി പേറ്റന്റും സ്വന്തമാക്കും. വിവിധ കമ്പനികളുടെ 80ലധികം പേറ്റന്റുകളാണ് ഇതുവഴി വിര്‍നെറ്റ് എക്‌സ് സ്വന്തമാക്കിയത്.

നേരത്തെ 368 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിളിന് എതിരെ വിധിച്ചിരുന്നു. എന്നാല്‍ ഇതിന്മേല്‍ ആപ്പിള്‍ നല്‍കിയ അപ്പീലില്‍ ആപ്പിളിന് അനുകൂല വിധിയുണ്ടായി. തുടര്‍ന്ന് കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് വിര്‍നെറ്റ് എക്‌സ് ഈസ്റ്റ് ടെക്‌സാസ് ഡിസ്ട്രിക്ട് കോടതിയെ സമീപിച്ചു. ഇതിലാണ് ആപ്പിളിന് എതിരായ കോടതി വിധി. പേറ്റന്റ് നിയമം ലംഘിച്ച മൈക്രോസോഫ്റ്റിന് എതിരായ നിയമ പോരാട്ടത്തിലും വിര്‍നെറ്റ് എക്‌സ് വിജയം കണ്ടു. 2010ല്‍ 200 മില്യണ്‍ ഡോളറാണ് വിര്‍നെറ്റ് എക്‌സ് നഷ്ടപരിഹാരമായി നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News