ഫുട്‌ബോള്‍ ആവേശത്തില്‍ മലബാര്‍; സേഠ് നാഗ്ജി അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി; കിക്കോഫ് വൈകിട്ട് നാലിന്

കോഴിക്കോട്: ഫുട്‌ബോള്‍ ആവേശത്തിലാണ് മലബാര്‍. ആരാധകരുടെ സിരകളില്‍ ആവേശമുയര്‍ത്തി സേഠ് നാഗ്ജി ഇന്റര്‍നാഷണല്‍ ഫുട്‌ബോളിനായുള്ള അവസാന വട്ട ഒരുക്കങ്ങലും പൂര്‍ത്തിയായി. ടൂര്‍ണമെന്റ് നാളെ കോഴിക്കോട് തുടങ്ങും. ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് കിക്കോഫ്. രണ്ട് പതിറ്റാണ്ടിനു ശേഷം പുനരാരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ എട്ട് വിദേശ ടീമുകളാണ് പങ്കെടുക്കുന്നത്.

ലോകം തന്നെ ഒരു ഫുട്‌ബോളിന്റെ വലിപ്പത്തിലേക്ക് ചുരുങ്ങുമ്പോള്‍ ഉറക്കം കടമെടുത്തും കാതങ്ങള്‍ക്കപ്പുറത്തേക്ക് നടന്നും ഫുട്‌ബോള്‍ കണ്ടിരുന്നവര്‍ക്കിടയിലേക്കാണ് ആവേശമായി ആ പന്ത് വീണ്ടുമുരുളുന്നത്. ഫുട്‌ബോളിനെ അത്രമേല്‍ സ്‌നേഹിച്ച ഒരു ജനതയുടെ കളിയാവേശത്തിന്റെ ആകെ പേരായിരുന്നു സേഠ്‌നാഗ്ജി ഫുട്‌ബോള്‍.

1952ല്‍ ഗുജറാത്തില്‍ നിന്നെത്തിയ വ്യവസായി സേഠ് നാഗ്ജി തുടക്കമിട്ട് വിദേശ ടീമുകളടക്കം പങ്കെടുത്തിരുന്ന ടൂര്‍ണ്ണമെന്റ് അവസാനമായി നടന്നത് 1995ലാണ്. പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട മത്സരത്തിനെന്ന പോലെ സേഠ്‌നാഗ്ജി ഫുട്‌ബോളിന്റെ ഓര്‍മകള്‍ വേദനയായി മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ക്കിടയിലേക്ക് പുതിയ രൂപത്തില്‍ സേഠ്‌നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്‌ബോളെത്തുമ്പോള്‍ പുല്‍മൈതാനത്ത് പോരിനിറങ്ങുന്നത് എട്ട് വിദേശ ടീമുകള്‍.

ബ്രസീല്‍ ക്ലബ് അത്‌ലറ്റികോ പെരാനന്‍സും ഇംഗ്ലീഷ് ക്ലബ് വാറ്റ്‌ഫോര്‍ഡ് എഫ്‌സിയും തമ്മിലുള്ള ഉദ്ഘാടന മത്സരം വൈകുന്നേരം ഏഴ് മണിക്ക് നടക്കും. മറഡോണയുടെയും ലയണല്‍മെസ്സിയുടെയും പിന്‍മുറക്കാരായ അര്‍ജന്റീന അണ്ടര്‍ 23 ടീമാണ് ടൂര്‍ണ്ണമെന്റിലെ ശ്രദ്ധാകേന്ദ്രം. റുമേനിയ, ഉക്രൈന്‍, ജര്‍മനി, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ക്ലബുകളും ടൂര്‍ണ്ണമെന്റിലിറങ്ങുന്നുണ്ട്.

ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയുമെല്ലാം പുതുതലമുറ താരങ്ങള്‍ അസാധാരണ നീക്കങ്ങളും ഗോള്‍ മുഹൂര്‍ത്തങ്ങളും സൃഷ്ടിക്കുമ്പോള്‍ കളിയാരാധകരുടെ ഹൃദയമിടിപ്പ് വാനോളമുയരുമെന്നുറപ്പാണ്. കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സൗദിയില്‍ മലയാളി കൂട്ടായ്മയായ മോണ്ടിയല്‍ സ്‌പോര്‍ട്‌സും സംയുക്തമായാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News