ഇന്ത്യ- പാക് സെക്രട്ടറിതല ചര്‍ച്ച സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു; ചര്‍ച്ച തുടരുമെന്ന് വിദേശകാര്യ സെക്രട്ടറി; ഇതുവരെ തീയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍

ദില്ലി: ഇന്ത്യ പാക്കിസ്ഥാന്‍ സെക്രട്ടറിതല ചര്‍ച്ച സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ചര്‍ച്ചയ്ക്ക് ഇതുവരെ തീയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ- പാക് ചര്‍ച്ച തുടരുമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

കഴിഞ്ഞ മാസം 15ന് നടക്കേണ്ടിയിരുന്ന ചര്‍ച്ച പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്നു. പരസ്പര ധാരണയുടെ പുറത്താണ് ചര്‍ച്ച മാറ്റി വയ്ക്കുന്നതെന്നും വൈകാത തന്നെ ചര്‍ച്ച നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ചര്‍ച്ച അനിശ്ചിതമായി നീളുമെന്നാണ് പാക് വിദേശകാര്യമന്ത്രാലയം വക്താവ് ക്വാസി ഖലീലുള്ളയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട പാക് വിദേശകാര്യ മന്ത്രാലയം വക്താവ് ചര്‍ച്ചയ്ക്ക് ഇതുവരെ തീയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.

അതേസമയം, സ്വന്തം മണ്ണില്‍ വളരുന്ന തീവ്രവാദത്തെ നേരിടുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ ആത്മാര്‍ത്ഥത പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും രാജ്‌നാഥ് വ്യക്തമാക്കി. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ നത്തുന്ന അന്വേഷണത്തില്‍ കാര്യമായ പുരോഗതി പ്രകടമായതിനുശേഷം മാത്രമേ ഇനി ചര്‍ച്ച നടക്കൂ എന്നാണ് സൂചന.

മുംബൈ ഭീകരാക്രമണക്കേസിന്റെ മുഖ്യ സൂത്രധാരനായ ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫീസ് സയ്യിദ് പത്താന്‍കോട്ട് മാതൃകയില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ഹാഫീസ് സയ്യിദിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്‍ അടിയന്തിരമായി നടപടി എടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here