സിയാച്ചിനില്‍ കാണാതായ പത്തുസൈനികരും മരിച്ചെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം; വേര്‍പാട് അതിദാരുണമാണെന്ന് മോദി

ശ്രീനഗര്‍: സിയാച്ചിനില്‍ ഹിമപാതത്തില്‍ കാണാതായ പത്തു സൈനികരും മരിച്ചെന്ന് കരസേനയുടെ സ്ഥിരീകരണം. രണ്ടാംദിവസവും മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയിരുന്നെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. ഇതോടെയാണ് സൈനികരെ കണ്ടെത്താനുള്ള സാധ്യതകള്‍ വിരളമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

കരസേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തില്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തിവന്നത്. താപനിലയില പ്രതികൂലമായത് തെരച്ചിലിനെ സാരമായി ബാധിച്ചിരുന്നു.

മദ്രാസ് ബറ്റാലിയനിലെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും ഒമ്പത് ജവാന്‍മാരുമാണ് അപകടത്തില്‍ പെട്ടത്. ഹിമപാതം സ്ഥിരം സംഭവിക്കുന്ന മേഖലയിലെ സൈനിക പെട്രോളിംഗിനിടയിലായിരുന്നു അപകടം. 19,000 അടി ഉയരത്തിലെ മഞ്ഞുപാളിയില്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സംഘമാണ് ഹിമപാതത്തില്‍ ഒലിച്ച് പോയത്.

സമുദ്രനിരപ്പില്‍ നിന്ന 19,600 അടി ഉയരത്തിലുള്ള ഈ മേഖല ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ്. 1984 മുതലാണ് ഇന്ത്യയും പാക്കിസ്ഥാനും ഇവിടെ സൈന്യത്തെ വിന്യസിച്ചു തുടങ്ങിയത്.

സൈനികരുടെ കുടുംബാംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സിയാച്ചിനിലെ ജവാന്‍മാരുടെ വേര്‍പാട് അതിദാരുണമാണെന്നും രാജ്യത്തിനായി ജീവന്‍ വെടിഞ്ഞവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രതിരോധ മന്ത്രാലയവും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here