സര്‍ക്കാര്‍ അഴിമതിയുടെ ചാമ്പ്യന്‍മാരെന്ന് വിഎസ്; ഗവര്‍ണറോട് ബഹുമാനക്കുറവില്ല; ഉമ്മന്‍ചാണ്ടി നാണംകെട്ട് അധികാരത്തില്‍ തുടരുന്നുവെന്ന് കോടിയേരി; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കമായി. ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്താന്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിന് വേണ്ടി നയപ്രഖ്യാപനം നടത്തുന്നതില്‍ നിന്നു ഗവര്‍ണര്‍ പിന്‍മാറണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നയപ്രഖ്യാപനം തുടങ്ങാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമായെന്ന് വിഎസ് സഭയില്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ ശാന്തമായിരിക്കണമെന്നും തന്റെ കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നപ്പോള്‍ ഒന്നുകില്‍ നിശബ്ദമായി ഇരിക്കുക, അല്ലെങ്കില്‍ സഭയ്ക്കു പുറത്തുപോകണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിഷേധമുണ്ടായാലും പ്രസംഗം മുഴുവന്‍ വായിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. ഗവര്‍ണറുമായി പ്രതിപക്ഷത്തിന് അഭിപ്രായഭിന്നതയില്ലെന്നും അഴിമതിക്കാരെ വച്ച് ഭരണം തുടരരുതെന്നും വിഎസ് പറഞ്ഞു. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷപ്രതിഷേധവും സഭയ്ക്കുള്ളില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗവും തുടരുകയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമായിരുന്നെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണം വിവിധ ഘട്ടത്തിലാണ്. കണ്ണൂര്‍ വിമാനത്താവളം 50 ശതമാനം പൂര്‍ത്തിയായി. കേരളത്തിന്റെ വളര്‍ച്ചാനിരക്ക് രാജ്യ നിലവാരത്തേക്കാള്‍ മുന്നിലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം, ഐടി മേഖലയില്‍ നിന്നുള്ള വരുമാനം 2015ല്‍ 18,000 കോടിയായി വര്‍ധിക്കും, കൊച്ചി മെട്രോയുടെ ആദ്യഘട്ടം ജൂണില്‍ പൂര്‍ത്തിയാക്കും, പട്ടികവിഭാഗക്കാര്‍ക്കു വേണ്ടിയുള്ള ആദ്യ മെഡിക്കല്‍ കോളജ് പാലക്കാട് സ്ഥാപിച്ചു, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ സഹായം നല്‍കും, സ്മാര്‍ട് സിറ്റി ആദ്യഘട്ടം ഈ മാസം ഉദ്ഘാടനം ചെയ്യും. കാന്‍സര്‍ രോഗികള്‍ക്ക് സുകൃതം പദ്ധതി വഴി സൗജന്യ ചികില്‍സ നല്‍കും, റബറിനു കിലോയ്ക്ക് 150 രൂപ താങ്ങുവിലയാക്കും- ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞു.

ഈ സമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണവും നടക്കും. നയപ്രഖ്യാപനത്തിന് തയ്യാറാകും മുന്‍പ് സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുക്കണമെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് ഭരണഘടനാ ബാധ്യത നിറവേറ്റേണ്ടതുണ്ടെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും പുറമേ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. അഞ്ച് ഓര്‍ഡിനന്‍സുകളും നിരവധി ബില്ലുകളും പരിഗണിക്കാനുണ്ട്. ഹര്‍ത്താല്‍ വിരുദ്ധബില്ലാണ് ഇതില്‍ പ്രധാനം.

12-ാം തീയതിയായിരിക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം. കെ.എം മാണി ധനമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയായിരിക്കും ബജറ്റ് അവതരിപ്പിക്കുക. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി നേരിട്ട് ബജറ്റ് അവതരിപ്പിക്കുന്നത്. 1987ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇ.കെ നായനാരാണ് അവസാന ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി. ധനമന്ത്രിയായിരിക്കെ 1991 മുതല്‍ 94 വരെ ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News