ചാണകക്കുഴി ഫലിതങ്ങളുടെ ചേരുവകള്‍ ഒഴിവാക്കി ലളിതമായ കഥപറച്ചില്‍; സിനിമയുടെ രാഷ്ട്രീയം തേടി പോയാല്‍ നിരാശ; നിവിന്‍ പോളിയില്‍ ആരംഭിച്ച് നിവിന്‍ പോളിയില്‍ അവസാനിക്കുന്നു ചിത്രം; ആക്ഷന്‍ ഹീറോ ബിജു റിവ്യൂ

കഴിഞ്ഞ വര്‍ഷത്തിലെ വിജയ ചിത്രങ്ങളുടെ തുടര്‍ച്ചയ്ക്ക് ശേഷമുള്ള നിവിന്‍ പോളി ചിത്രം,

1983 എന്ന ആദ്യസിനിമ കൊണ്ട് തന്നെ ഏറെ ശ്രദ്ധേയനായ എബ്രിഡ് ഷൈന്‍ എന്ന സംവിധായന്റെ രണ്ടാം ചിത്രം.
പ്രണയ നായകനായ നിവിന്‍ പോളിയുടെ ആദ്യ പോലീസ് വേഷം.
ഇങ്ങനെ തീയേറ്ററിലെത്തും മുന്‍പ് പ്രേക്ഷക പ്രതീക്ഷകളെ വാനോളമുയത്തിയിരുന്നു ആക്ഷന്‍ ഹീറോ ബിജു.

A Ride With A Police Officer എന്ന ടാഗ് ലൈനിലാണ് സിനിമാ വന്നത് തന്നെ. മലയാളത്തിലെ പതിവ് പോലീസ് ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായാണ് നിവിന്‍ പോളിയുടെ ബിജു പൗലോസ് എന്ന സബ് ഇന്‍സ്‌പെക്ടറെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് വരെ നമ്മള്‍ കണ്ട് ശീലിച്ചത് ബല്‍റാമിനേയും, ഭരത് ചന്ദ്രനേയും പോലെ അതിമാനുഷികരായവരോ അല്ലെങ്കില്‍ കഥാഗതിയിലങ്ങോളം പ്രതി നായകന് പിറകില്‍ പോയി അവസാനം അയാളെ പരാജയപ്പെടുത്തുന്ന നായക സങ്കല്‍പ്പങ്ങളേയോ ആയിരുന്നെങ്കില്‍ അവയോട് ഒട്ടും സാമ്യമില്ലാത്തതാണ് ഈ സിനിമ.

ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെ സാധാരണ ജീവിതത്തെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കാനാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍ ചിത്രത്തിലുടനീളം ശ്രമിച്ചിരിക്കുന്നത്. എംഎസ്.സി, എം.ഫില്‍ ബിരുദങ്ങള്‍ക്ക് ശേഷം കോളേജ് പ്രൊഫസറായ ബിജു പൗലോസ് എന്ന ചെറുപ്പക്കാരന്‍ ജോലി ഉപേക്ഷിച്ച് പോലീസ് ഓഫീസറാകുന്നത് ആ പ്രൊഫഷനോടുള്ള താത്പര്യമൊന്ന് കൊണ്ട് മാത്രമായിരുന്നു. എറണാകുളം ടൗണ്‍ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായി നിയമിതനാകുന്ന ബിജു പൗലോസിന് മുന്നിലെത്തുന്ന പരാതിക്കാരുടെയും പ്രശ്‌നങ്ങളുടെയും അവയിലോരോന്നിലും അയാളുണ്ടാക്കുന്ന തീര്‍പ്പുകളിലൂടെയും പരിഹാരങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്. നിയമവും നീതിയും കര്‍ത്തവ്യ ബോധത്തോടെ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഒരു പോലീസ് ഓഫീസറെ വര്‍ത്തമാന സംഭവ വികാസങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു ചിത്രത്തില്‍.

എതെങ്കിലും ഒരു കഥയ്ക്ക് പിറകില്‍ മാത്രം പോകാതെ ഉപകഥകള്‍ വഴി വികസിക്കുന്ന നിലയിലാണ് സിനിമയുടെ ആഖ്യാനം. ലളിതമായ കഥപറച്ചില്‍ ശൈലിയാണ് എബ്രിഡ് ചിത്രത്തിലുടനീളം പരീക്ഷിക്കുന്നത്. സ്വാഭാവിക നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുടനീളം കടന്നു വരുന്നുണ്ട്. ഒപ്പം ചാണകക്കുഴി ഫലിതങ്ങളുടെ ചേരുവകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട്.

nivin 3

എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്റെ മികവ് ഒന്നു കൂടി വെളിപ്പെടുത്തുന്നു ഈ സിനിമ. വിജയ ഫോര്‍മുലകളിടെ സ്ഥിരം ശൈലികളില്‍ നിന്നും മാറി നടക്കാനുള്ള ധൈര്യം അഭിനന്ദനാര്‍ഹം തന്നെ. ടൈറ്റില്‍ റോളിലെത്തുന്ന നിവിന്‍ പോളിയില്‍ ആരംഭിച്ച് നിവിന്‍ പോളിയില്‍ അവസാനിക്കുന്ന നിലയില്‍ ചിത്രത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഭാഷണങ്ങളില്‍ ചിലയിടങ്ങളില്‍ വരുന്ന പോരായ്മകള്‍ മാറ്റി നിര്‍ത്തിയാല്‍ മെച്ചപ്പെട്ട പ്രകടനം തന്നെയാണ് സിനിമയില്‍ നിവിന്റെത്.

നായികയ്ക്ക് ഒട്ടും പ്രാധാന്യമില്ലാത്ത നിലയിലാണ് തിരക്കഥ. സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായെത്തുന്ന അനു ഇമാനുവല്‍ ആണ് ചിത്രത്തിലെ നായിക. കാഴ്ച്ചാഭംഗിക്കപ്പുറമുള്ള ഇടം നല്‍കുന്നേയില്ലാ പുതുമുഖ നായികക്ക് ഈ ചിത്രം. ചുരുക്കം സീനുകളില്‍ വന്ന് പോകുന്നതൊഴിച്ച് നിര്‍ത്തിയാല്‍ സംഭാഷങ്ങള്‍ കൂടി കുറവാണ് നായികക്ക്. പ്രമുഖ താരങ്ങള്‍ക്കൊപ്പം വലിയ പരിചയമില്ലാത്ത നിരവധി പുതുമുഖങ്ങളും വന്ന് പോകുന്നുണ്ട് സിനിമയില്‍. എല്ലാവരും സിനിമയാവശ്യപ്പെടുന്ന തന്മയത്വത്തോടെ അവരവരുടെ വേഷങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. അതില്‍ എടുത്ത് പറയേണ്ടുന്ന ഒന്ന് സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനമാണ്. ചെറിയ വേഷത്തിലാണെങ്കിലും സുരാജിന്റെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാണികളുടെ കയ്യടി നേടി. അത് പോലെ തന്നെ ചെറിയ വേഷങ്ങളിലെത്തിയ മറ്റുള്ളവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. മേഘനാഥനും, ജൂഡ് ആന്റണിയും, ജോജുവും, സൈജു കുറുപ്പുമെല്ലാം ചെറുതെങ്കിലും ഓര്‍മ്മിക്കുന്ന ഇടം നേടി ചിത്രത്തില്‍.

മലയാളികള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന ഒരു പാട് ഈണങ്ങള്‍ നല്‍കിയ ജെറി അമല്‍ദേവ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ‘പൂക്കള്‍..പനിനീര്‍ പൂക്കള്‍’ എന്ന് തുടങ്ങുന്ന ഗാനം സിനിമയില്‍ മികച്ച് നില്‍ക്കുന്നുണ്ട്. പശ്ചാത്തല സംഗീതമൊരുക്കിയ രാജേഷ് മുരുഗേശനും ക്യാമറ ചലിപ്പിച്ച അലക്‌സ് ജെ.പുളിക്കളും സിനിമയുടെ മുന്നോട്ട് പോക്കിന് സഹായകരമായ സംഗീതവും, ദൃശ്യങ്ങളുമൊരുക്കിയിരുന്നു…

nivin 4

മൊത്തത്തില്‍ ഒരു ഫീല്‍ ഗുഡ് അനുഭവം തരുന്നു സിനിമാ എന്ന് പറയുമ്പോഴും പോലീസ് സേനയെ ഒട്ടാകെ യാഥാര്‍ഥ്യങ്ങളോട് ഒട്ടും പൊരുത്തപ്പെടാത്ത നിലയില്‍ ഗ്ലോറിഫൈ ചെയ്യുന്നുണ്ട് ചിത്രം. പാവങ്ങളുടെ ഹൈക്കോടതിയും, സുപ്രീംകോടതിയും ഒക്കെയാണ് ഈ പോലീസ് സ്റ്റേഷനാണ് എന്ന് നായകനെ കൊണ്ട് പറയിപ്പിക്കുന്നത് സംവിധായകന്റെ മനസിലുള്ള ഇങ്ങനെയാകണം പോലീസ് ഓഫീസര്‍ എന്ന ആഗ്രഹത്തില്‍ നിന്നായിരിക്കാം, പക്ഷേ നിലവിലുള്ള പോലീസ് സംവിധാനങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ അതിഭാവുകത്വത്തിന്റെ മേമ്പൊടി കലര്‍ത്തി പറയുന്നത് പോലെ അനുഭവപ്പെടുന്നു പ്രേക്ഷകര്‍ക്കിത്. ഭൂരിപക്ഷ യുക്തിയെ തൃപ്തിപ്പെടുത്താനെന്നോണം അങ്ങേയറ്റം മനുഷ്യവിരുദ്ധമായ ചില രംഗങ്ങളും സിനിമയില്‍ ചിലയിടങ്ങളില്‍ കടന്ന് വരുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് തോന്നിപ്പിക്കുന്ന ഒരാളെ ചിത്രീകരിച്ചിരിക്കുന്നതും, ചിലയിടങ്ങളില്‍ വരുന്ന സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളുമെല്ലാം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.

രാഷ്ട്രീയക്കാരും കച്ചവടക്കാരുമടക്കമുള്ള ദുര്‍നടപ്പുകാര്‍ക്കിടയില്‍ പോലീസ് സംവിധാനമൊന്ന് മാത്രമാണ് നീതിക്ക് വേണ്ടി നില കൊള്ളുന്നവര്‍ എന്ന നിലയില്‍ പറഞ്ഞ് പോകുന്നു സിനിമയില്‍. മറ്റ് ചിത്രങ്ങളിലെന്ന പോലെ പറഞ്ഞ് പൂര്‍ത്തിയാക്കേണ്ട ഒരു കഥയില്ലാത്തതിനാല്‍ കൈമാക്‌സ് സീനിലേക്കെത്തുമ്പോള്‍ നേരത്തേ ഉള്ളതില്‍ നിന്നുമുള്ള ചില ശൈലീ വ്യത്യാസങ്ങള്‍ വരുന്നു സിനിമക്ക്. വലിയ അളവിലില്ലെങ്കിലും അതിമാനുഷിക ലൈനിലുള്ള ഹീറോയിസത്തിലേക്ക് നായകനും സഞ്ചരിക്കുന്നു. സിനിമയുടെ അത് വരെയുള്ള സഞ്ചാര ഗതിയോട് പൊരുത്തപെടാതെ നില്‍ക്കുന്നു ഇത്. ഇങ്ങനെയാണെങ്കിലും വിജയ രുചിക്കൂട്ടുകള്‍ക്ക് പിറകില്‍ മാത്രം പോകാതെ അല്‍പ്പം വ്യത്യസ്തമായൊരു കാഴ്ച്ചാ അനുഭവം നല്‍കുന്നു ആക്ഷന്‍ ഹീറോ ബിജു.
ശൈലീ ഭംഗിക്കും കാഴ്ച്ചാ ഭംഗിക്കുമപ്പുറം സിനിമയുടെ രാഷ്ട്രീയം തേടി പോയാല്‍ നിരാശ നല്‍കിയേക്കും ഈ ചിത്രവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here