തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആര്‍എസ്എസ് – കോണ്‍ഗ്രസ് സഖ്യമെന്ന് പിണറായി; ജയസാധ്യതയുള്ള സീറ്റുകളെന്ന ബിജെപി പ്രചരണം ഗൂഡാലോചനയുടെ ഭാഗമെന്നും പിണറായി

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ ലക്ഷ്യമിട്ട് ആര്‍എസ്എസ് കോണ്‍ഗ്രസ് സഖ്യം ഒരുങ്ങുന്നുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. 70 സീറ്റുകളില്‍ ജയിക്കാനാകുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നത്. ദേശീയ പ്രസിഡന്റ് അമിത് ഷാ അത് 30 ആക്കിയാണ് പറഞ്ഞത്. ഒടുവില്‍ ജയിക്കാവുന്ന 10 സീറ്റുകളില്‍ കേന്ദ്രീകരിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് വലിയ തെരഞ്ഞെടുപ്പ് തോല്‍വിയാണ് കാത്തിരിക്കുന്നത്. തോല്‍വി ഒഴിവാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമാണ് ജയസാധ്യതയുള്ള സീറ്റുകള്‍ എന്ന് ബിജെപി പ്രചരിപ്പിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കും ഇക്കാര്യത്തില്‍ സന്തോഷമാണ്. ഇത് ബിജെപി – കോണ്‍ഗ്രസ് സഖ്യത്തിനുള്ള നീക്കമാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

ജയസാധ്യതയുള്ള സീറ്റുകള്‍ ഉണ്ടെന്ന ബിജെപിയുടെ പ്രചരണം ഗൂഡാലോചനയുടെ ഭാഗമാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ ആര്‍എസ്എസ് മഹാമേരു ആകാന്‍ പോകുന്നു എന്നാണ് പ്രചരണം. വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനെ കൂടെക്കൂട്ടിയാല്‍ എസ്എന്‍ഡിപിക്കാര്‍ എല്ലാം ഒപ്പം കൂടും എന്നാണ് ആര്‍എസ്എസും ബിജെപിയും കരുതിയത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അവരുടെ സഖ്യത്തിന് തിരിച്ചടിയുണ്ടായി. സിപിഐഎമ്മുമായി സഹകരിക്കുന്നവര്‍ ആര്‍എസ്എസിനൊപ്പം പോകും എന്നാണ് ഉമ്മന്‍ചാണ്ടി കരുതിയത്. അതുവഴി ജയിക്കാമെന്ന് ഉമ്മന്‍ചാണ്ടി കരുതി. ശ്രീനാരായണ ദര്‍ശനവും ആര്‍എസ്എസ് നയവും തമ്മില്‍ ചേരില്ല. മതനിരപേക്ഷ മനസ് ഇടതുപക്ഷത്തിന് ഒപ്പമാണ് നിന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ നേരത്തെ ദില്ലിയില്‍ കസേര ഉറപ്പിച്ചതായിരുന്നു. ആര്‍എസ്എസ് – വെള്ളാപ്പള്ളി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയോടെ ഇത് പൊളിഞ്ഞുവെന്നും പിണറായി പറഞ്ഞു. ഇടുക്കി ചെറുതോണിയില്‍ സിപിഐഎം നവകേരള മാര്‍ച്ചിന്റെ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News