‘നഗ്നത മറയ്ക്കാന്‍ എനിക്കുണ്ടായിരുന്നത് രണ്ടു കൈകള്‍ മാത്രമായിരുന്നു’; ബംഗളൂരുവില്‍ ആക്രമിക്കപ്പെട്ട ടാന്‍സാനിയന്‍ യുവതിക്ക് പറയാനുള്ളത്

ആ ഞായറാഴ്ച രാത്രി, ഹെലന്‍ (പേര് യഥാര്‍ത്ഥമല്ല) തന്റെ സുഹൃത്തുക്കളും ടാന്‍സാനിയക്കാരുമായ മൂന്നുപേരുമൊത്ത് അത്താഴം കഴിക്കാന്‍ പുറത്തിറങ്ങിയതാണ്. ടാന്‍സാനിയയിലെ ദാര്‍എസ്‌സലാം സ്വദേശിയായ ഈ ഇരുപത്തിയഞ്ചുകാരി കഴിഞ്ഞ നാലുവര്‍ഷമായി ബംഗളൂരുവില്‍ ജീവിക്കുകയാണ്. നഗരം നല്ലപോലെ പരിചയവുമാണ്. ‘ ഞായറാഴ്ചയായതുകൊണ്ട് സപ്തഗിരിയിലെ വീടിന് സമീപം അധികം റസ്റ്റോറന്റുകളൊന്നും തുറന്നിരുന്നില്ല. ‘ അവര്‍ പറഞ്ഞു. അതുകൊണ്ട് അവര്‍ ചുവന്ന ഒരു വാഗണ്‍ ആര്‍ കാറില്‍ അവിടം വിട്ടുപോയി.

എന്തായാലും ആ രാത്രി രണ്ടുമണിക്കൂറിനുള്ളില്‍ ആ യുവതിയുടെ ജീവിതം അടിമുടി മാറിമറിഞ്ഞു. തന്റെ വീടായി കരുതിയിരുന്ന ബംഗളൂരു നഗരത്തോടുള്ള ഇഷ്ടവും പെട്ടെന്ന് തകര്‍ന്നുതരിപ്പണമായി. ബംഗലൂരുവില്‍ ഈയിടെ തനിക്കുനേരെ ഉണ്ടായ അക്രമത്തെക്കുറിച്ചും നേരിട്ട ഭീകരമായ അനുഭവത്തെക്കുറിച്ചും ടാന്‍സാനിയന്‍ യുവതി വിശദമായി സംസാരിച്ചു. സംഭവത്തിനു ശേഷം ആദ്യത്തെ വിശദമായ അഭിമുഖമാണിത്.

‘സമയം വൈകിട്ട് ഒരു ഏഴരയായിട്ടുണ്ടാകണം. ഞങ്ങള്‍ ആചാര്യ (എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്) യുടെ ഭാഗത്തേക്ക് പോകുകയായിരുന്നു. പെട്ടെന്ന് ഒരു ജനക്കൂട്ടം ഒരാഫ്രിക്കക്കാരനെ മര്‍ദിക്കുന്നത് വണ്ടിയോടിക്കുന്ന എന്റെ സുഹൃത്ത് കണ്ടു. എന്താണ് പ്രശ്‌നമെന്നന്വേഷിക്കാന്‍ അദ്ദേഹം കാറിന്റെ വേഗം കുറച്ചു.’ അപ്പോഴാണ് കുഴപ്പങ്ങള്‍ ആരംഭിച്ചതെന്ന് യുവതി പറയുന്നു.

രോഷാകുലരായിരുന്നു ജനക്കൂട്ടം. ഹെസര്‍ഗട്ട സ്വദേശിനിയായ ഷബാന എന്ന 35കാരി സുഡാന്‍കാരനായ ഒരാള്‍ ഓടിച്ച അമിതവേഗത്തില്‍ വന്ന കാറിടിച്ച് മരിച്ചിരുന്നു. ഹെലനും കൂട്ടുകാരും എന്താണ് സംഭവമെന്ന് അന്വേഷിക്കുകയായിരുന്നു. അതോടെ ജനക്കൂട്ടം അവര്‍ക്കുനേരെ തിരിഞ്ഞു.

‘ഞങ്ങള്‍ വണ്ടി പതുക്കെയാക്കിയതും ജനക്കൂട്ടത്തില്‍ നിന്ന് ചിലര്‍ ഒച്ചവെക്കാന്‍ തുടങ്ങി. എനിക്ക് ഇന്ത്യന്‍ ഭാഷകളൊന്നുമറിയില്ല. പക്ഷേ അവര്‍ സംസാരിച്ചിരുന്നത് കന്നഡയായിരുന്നുവെന്ന് മനസ്സിലായി. കാറിലുണ്ടായിരുന്ന എന്റെ സുഹൃത്തുക്കള്‍ (മൂവരും പുരുഷന്‍മാരാണ്) സംഗതി കുഴപ്പമാണെന്ന് മനസ്സിലാക്കി കാര്‍ നിര്‍ത്താതെ മുന്നോട്ടുപോയി. തുടക്കത്തില്‍ ചില ആളുകള്‍ ഞങ്ങളുടെ കാറിനു പിന്നാലെ പാഞ്ഞെത്തി. കാര്‍ നിര്‍ത്താന്‍ അവരാവശ്യപ്പെട്ടു. പിന്നെ കൂടുതല്‍ ആളുകള്‍ ഞങ്ങളെ പിന്തുടരാന്‍ തുടങ്ങി. ബൈക്കിലും ഓട്ടോറിക്ഷകളിലും കാറിലുമൊക്കെയായി. എന്റെ ജീവിതത്തിലൊരിക്കല്‍ പോലും ഇത്രയധികം പേടി എനിക്കനുഭവപ്പെട്ടിട്ടില്ല. എല്ലാം പെട്ടെന്നായിരുന്നു. സപ്തഗിരി ആശുപത്രിക്ക് സമീപം വെച്ച് കാര്‍ തടഞ്ഞു. എന്റെ സുഹൃത്ത് പെ്‌ട്ടെന്ന് കാര്‍ തിരിച്ച് എതിരെയുള്ള റോഡിലേക്ക് കയറ്റി. പക്ഷെ അവിടെ വെച്ചും അത് തടയപ്പെട്ടു.

ഞങ്ങളെ അവര്‍ വളഞ്ഞുവെച്ചു. ഞങ്ങള്‍ കാറില്‍ നിന്നിറങ്ങാന്‍ നിര്‍ബന്ധിതരായി. എ്‌ന്റെ കൂട്ടുകാരില്‍ രണ്ടുപേര്‍ അപ്പോള്‍ തന്നെ രക്ഷപ്പെട്ടു. ഒരുപാട് പുരുഷന്‍മാര്‍. അവര്‍ എത്രപേരെന്ന് എനിക്കറിയില്ല. അവര്‍ ഹഷീമിനെ, എന്റെ കൂട്ടുകാരിലൊരാളെ, പിടിച്ചുവെച്ച് ഭേദ്യം ചെയ്യാന്‍ തുടങ്ങി. ‘ ഹെലന്‍ പറഞ്ഞു.

ഭയചകിതയായി ഹെലന്‍ ആ ജനക്കൂട്ടത്തിന് മദ്ധ്യേ നിന്നു. ‘ എനിക്ക് അനങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു. എവിടേക്കാണ് ഞാന്‍ പോകുക? കാറിന് സമീപം അങ്ങനെ നിന്നു. അത്രതന്നെ. നിര്‍ത്തൂ എന്ന് ജനക്കൂട്ടത്തോട് ഞാനാക്രോശിച്ചു’ ഹെലന്‍ കൂട്ടിച്ചേര്‍ത്തു.

പിന്നെ ജനക്കൂട്ടത്തില്‍ ചിലര്‍ കാറിന് നേരെ കല്ലെറിയാന്‍ തുടങ്ങി. ആരോ തീപ്പെട്ടിക്കൊള്ളിയുരച്ച് കാറിന് നേരെ എറിഞ്ഞു. കാറിന് തീപ്പിടിച്ചു.’ ഹഷീമിനെ പിന്നെ കണ്ടിട്ടില്ല. ‘ അവര്‍ പറഞ്ഞു. അതേസമയം ഹഷീമിനെ ജനക്കൂട്ടത്തില്‍ നിന്നാരോ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. എന്തുസംഭവിച്ചുവെന്ന് ഹെലന് അറിയാന്‍ പറ്റിയില്ല.

‘കാര്‍ തീയിലമര്‍ന്നു. അപ്പോഴാണ് ഒരു പൊലിസുകാരനെ ഞാനവിടെ കണ്ടത്. ഞങ്ങള്‍ക്ക് നേരെയുള്ള അതിക്രമം എന്തുകൊണ്ടാണ് നോക്കിനില്‍ക്കുന്നതെന്ന് ഞാനയാളോട് ചോദിച്ചു. മറുപടി പറയുന്നതിന് പകരം കാറിലേക്ക് ഒരു പിടി മണലുവാരിയെറിയുക മാത്രമാണ് അയാള്‍ ചെയ്തത്. എന്നെ അവിടെ വിട്ടിട്ട് അയാള്‍ എങ്ങോട്ടോ പോയി..’

അതേസമയം, ടാന്‍സാനിയക്കാരെ പരിചയമുണ്ടായിരുന്ന ആരോ ഒരാള്‍ ബ്രൈ എ്ന്നുപേരുള്ള അവരുടെ സുഹൃത്തിനെ വിളിച്ചു. ‘ ബ്രൈ ഇന്ത്യക്കാരനായ ഒരു സുഹൃത്തുമൊത്ത് അതുവഴി നടന്നുപോകുകയായിരുന്നു. ഞങ്ങളുടെ കാര്‍ അപകടത്തില്‍ പെട്ടുവെന്നാണ് അയാളറിഞ്ഞത്. അയാള്‍ അപ്പോഴേക്കും അവിടെയെത്തി. കാര്‍ നിന്നുകത്തുന്നതും ഞാന്‍ അതിനരികെ നില്‍ക്കുന്നതുമാണ് ബ്രൈ കണ്ടത്..’ ഹെലന്‍ ഓര്‍മിക്കുന്നു.

അപ്പോഴേക്കും ജനക്കൂട്ടം വളരെ വലുതായിക്കഴിഞ്ഞിരുന്നു. ഓരോ നിമിഷവും അവരില്‍ രോഷം വര്‍ധിച്ചുവരികയായിരുന്നു ‘ അവര്‍ ബ്രൈയിനേയും ്മര്‍ദിക്കാന്‍ തുടങ്ങി. വല്ലാത്ത കോപമായിരുന്നു അവരില്‍ കണ്ടത്. അയാളെ അവിടെ വിട്ടുപോകാന്‍ എനിക്ക് തോന്നിയില്ല. ഞാന്‍ അയാളെ അവിടെനിന്ന് പോകാന്‍ പിടിച്ചുവലിച്ചു. ജനക്കുട്ടം എന്നെയും പിടിച്ചുവലിയ്ക്കാന്‍ തുടങ്ങി. എന്റെ വസ്ത്രങ്ങളും അവര്‍ പിടിച്ചുവലിച്ചു. ഞങ്ങള്‍ ഇരുവരും നിലത്തുവീണു.’ ഹെലന്‍ പറഞ്ഞു.

അടുത്തുനിര്‍ത്തിയ ഒരു ബസ്സിലേക്ക് ചാടിക്കയറാന്‍ ഹെലനും ബ്രൈയും ശ്രമിച്ചു. ‘ ഞങ്ങള്‍ ബസ്സിലേക്ക് കയറി. സ്ത്രീകള്‍ക്കായി സംവരണം ചെയ്ത മുന്‍ സീറ്റുകളുടെ ഭാഗത്തേക്ക് നീങ്ങി. വേഗം പോകൂ എന്ന് ഞങ്ങള്‍ ഡ്രൈവറോട് അപേക്ഷിച്ചു. പക്ഷേ ജനക്കൂട്ടത്തില്‍ നിന്നുള്ള ചിലര്‍ ബസ്സിന്റെ പിറകുവാതിലിലൂടെ അകത്തുകയറി ബ്രൈയെ മര്‍ദിക്കാന്‍ തുടങ്ങി..’

ബസ്സിലെ യാത്രക്കാരില്‍ സ്ത്രീകളും പുരുഷന്‍മാരുമുണ്ടായിരുന്നുവെന്ന് ഹെലന്‍ ഓര്‍ത്തെടുക്കുന്നു. പക്ഷേ ആരും അവര്‍ക്കുവേണ്ടി സംസാരിക്കാനുണ്ടായിരുന്നില്ല. ‘ ഒരുത്തനും പ്രതിഷേധിച്ചില്ല. ഒറ്റയൊരുത്തനും. അവര്‍ ഞങ്ങളെ ബസ്സില്‍ നിന്നും തള്ളിപ്പുറത്താക്കി. ഞാന്‍ അതിന്റെ വാതില്‍പ്പടികളില്‍ നിന്നുവീണു.’

അപ്പോഴാണ് ആദ്യമായി ഹെലന്‍ തന്റെ ഷര്‍ട്ട് കീറിപ്പോയെന്ന് തിരിച്ചറിയുന്നത്. ‘ എന്റെ കറുത്ത ടീ ഷര്‍ട്ട് കീറിപ്പോയിരുന്നു. എന്റെ ബ്രാ സ്ട്രാപ്പുകളിലൊന്നും മുറിഞ്ഞുപോയിരുന്നു. എന്റെ സ്തനങ്ങള്‍ പുറത്തുകാണും വിധമായിരുന്നു. എനിക്കാകെ പരിഭ്രമം തോന്നി. ഞാനെന്റൈ രണ്ടുകൈകള്‍ കൊണ്ടും നഗ്‌നത മറയ്ക്കാന്‍ ശ്രമിച്ചു.’ ഇതുപറയുമ്പോള്‍ ഹെലന് കരച്ചിലടക്കാനായില്ല.

(വ്യാഴാഴ്ചയും കര്‍ണാടക മന്ത്രി പരമേശ്വര ടാന്‍സാനിയന്‍ യുവതി വസ്ത്രാക്ഷേപത്തിന് വിധേയയായിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.)

‘ ജനക്കൂട്ടം അപ്പോഴും എന്നെ പിടിച്ചുതള്ളുന്നത് തുടര്‍ന്നു. ഞാനും ബ്രൈയും ഒരു കടയില്‍ കയറിയിരുന്നു. അവിടെയും ജനക്കൂട്ടം ഞങ്ങള്‍ക്ക് ചുറ്റും നിരന്നു.’ ഹെലന്‍ പറഞ്ഞു.

അതിനിടയില്‍ ഒരിന്ത്യക്കാരന്‍ വന്ന് എനിക്ക് അയാളുടെ ഷര്‍ട്ടുതന്നു. ‘ അപ്പോഴും ജനക്കൂട്ടം അലറിക്കൊണ്ടിരിക്കുകയായിരുന്നു. അവര്‍ ആ ഇന്ത്യക്കാരനെ ഓടിച്ചുവിട്ടുവെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ ഷര്‍ട്ട് തന്ന ആ ഇന്ത്യക്കാരന് പുറകേ നിരവധി പേരെത്തി ഞങ്ങളോട് അവിടം വിട്ടുപോകാന്‍ പറഞ്ഞു.’

അപ്പോള്‍ രംഗം ശാന്തമാക്കാനെന്നവണ്ണം ഒരാളെത്തി. അത് ഒരു ഇറാന്‍കാരനാണെന്നാണ് ഞാന്‍ അവ്യക്തമായി ഓര്‍ക്കുന്നു. അയാള്‍ ഞങ്ങളോട് കൂടെ വരാന്‍ പറഞ്ഞു. ഞങ്ങള്‍ അയാള്‍ക്കൊപ്പം നടന്നുനീങ്ങി.’

ഹെലന്‍ തന്റെ ഒരു കൂട്ടുകാരന്റെ വീട്ടിലെത്തിയപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു. നാട്ടില്‍ കൂലിപ്പണിക്കാരായ ഹെലന്റെ മാതാപിതാക്കള്‍ ഈ വാര്‍ത്ത കേട്ട് ഞെട്ടിപ്പോയി. സംഭവിച്ച കാര്യങ്ങള്‍ അവര്‍ക്ക് അവിശ്വസനീയമായി തോന്നി.

വീട്ടിലെത്തിയപ്പോഴാണ് തനിക്ക് വല്ലാതെ പരുക്കേറ്റിരിക്കുന്നുവെന്ന് യുവതി അറിഞ്ഞത്. ശരീരമാസകലം ഹെലന് മുറിവേറ്റിട്ടുണ്ട്.

സംഭവം ബംഗളൂരുവിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായം തന്നെ മാറ്റി. ഏതായാലും ഉടന്‍ തന്നെ ബംഗളൂരു വിട്ടുപോകാന്‍ ഹെലന് ഉദ്ദേശ്യമില്ല. ജൂണില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചുപോകാനാണ് തീരുമാനം.

സംഭവം സംബന്ധിച്ച് കേസെടുക്കുന്ന കാര്യത്തിലും പൊലീസ് അലംഭാവം കാണിച്ചു. തിങ്കളാഴ്ച അവര്‍ ഞങ്ങളോട് വിശ്രമിക്കാനാണ് ആവശ്യപ്പെട്ടത്. അന്ന് കേസെടുത്തില്ല. ചൊവ്വാഴ്ചയും കേസെടുത്തില്ല. ബുധനാഴ്ച ഇത് സംഭവിച്ച് വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് പൊലിസ് കേസെടുത്തത്ടാന്‍സാനിയന്‍ യുവതി പറയുന്നു.

അഭിമുഖത്തിന് കടപ്പാട്: ധന്യ രാജേന്ദ്രന്‍, ദി ന്യൂസ് മിനുട്ട്

http://www.thenewsminute.com/article/bengaluru-was-home-me-now-i-live-fear-tanzanian-woman-recounts-night-horror-tnm-38587

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here