ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുത്തുകാരന് എഴുതേണ്ട അവസ്ഥയെന്ന് എം മുകുന്ദന്‍; സെക്കുലര്‍ സമൂഹം ഉണ്ടായതുകൊണ്ടു മാത്രമാണ് ഗുലാംഅലിക്കു കേരളത്തില്‍ പാടാനായതെന്ന് കമല്‍

കോഴിക്കോട്: ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുതേണ്ട അവസ്ഥയാണ് ഇന്ന് എഴുത്തുകാരനെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. കോഴിക്കോട്ട് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതിസന്ധി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍. തങ്ങള്‍ എഴുതിത്തുടങ്ങുമ്പോള്‍ കത്രിക കൈയില്‍ കരുതേണ്ടിയിരുന്നില്ല. ഈ കത്രിക എവിടെനിന്നാണു വന്നതെന്നു കണ്ടെത്തി, അത്തരത്തിലല്ലാത്ത ലോകം സൃഷ്ടിക്കപ്പെടുമെന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും മുകുന്ദന്‍ പറഞ്ഞു.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പുരുഷനും സ്ത്രീയും ഒന്നിച്ചിരിക്കാന്‍ പോലും കഴിയാത്ത കാലമാണ്. തന്റെ കുട്ടിക്കാലത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നാണു പഠിച്ചിരുന്നത്. പാരീസില്‍ ഒരു സര്‍വകലാശാലയില്‍ ക്ഷണിക്കപ്പെട്ടു പോയപ്പോള്‍ ഇടകലര്‍ന്നിരിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇടയില്‍ സിഗരറ്റ് വലിക്കുന്ന പെണ്‍കുട്ടിയെ കണ്ടിരുന്നു. തന്റെ ഒപ്പം വന്നിരുന്ന പ്രൊഫസര്‍ ആ പെണ്‍കുട്ടിയില്‍നിന്നു സിഗരറ്റ് വാങ്ങി ഒരു പഫെടുത്തു തിരിച്ചുകൊടുക്കുന്നതു വരെ കണ്ടിട്ടുണ്ട്. ഇങ്ങ് ഇന്ത്യയില്‍ ഇന്നത്തെ അവസ്ഥ പുരുഷനും സ്ത്രീയും ഒന്നിച്ചിരിക്കുന്നതു വിലക്കുന്ന നിലയിലാണ്.

Displaying 101PNV01_M2U09249.pngDisplaying 101PNV01_M2U09249.pngDisplaying 101PNV01_M2U09249.pngLiterature-Fest-1

സ്വാതന്ത്ര്യം ലോകത്തെല്ലായിടത്തും കാണുന്ന കാര്യമാണ്. രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ചരിത്രം മാറിക്കൊണ്ടേയിരിക്കും. എന്തു ധരിക്കണം എന്തു കഴിക്കണം എന്തു സ്വപ്‌നം കാണണം എന്ത് എഴുതണം എന്ന പ്രശ്‌നം പരിഹരിക്കണം. എന്നാലേ ആവിഷ്‌കാര സ്വാതന്ത്ര്യം ചര്‍ച്ച ചെയ്യാനാകൂവെന്നും മുകുന്ദന്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്നവരൊക്കെ മൗലികവാദികളാണോ എന്നു പറയുന്ന കാലം വരുമോ എന്നു സംശയിക്കുന്നതായി സംവിധായകന്‍ കമല്‍ പറഞ്ഞു. ഗലീലിയോയുടെ കാലം മുതല്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ചര്‍ച്ചയായിരുന്നു. സിനിമ ഉണ്ടായ കാലം മുതല്‍ ഭീതിയുണ്ട്. സിനിമയെത്തന്നെ ജനം ഭീതിയോടെയാണു കണ്ടത്. സെന്‍സര്‍ഷിപ്പ് ഇന്നും സിനിമയില്‍ നിലനില്‍ക്കുന്നുണ്ട്. നിര്‍മാല്യം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കാനാവുമോ എന്നു സംശയമുണ്ട്. മതങ്ങളും മത സങ്കല്‍പങ്ങളും പലതരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുന്നുണ്ട്. പി കെ റോസിയോടു കാലം കാണിച്ചത് ഇന്ന് ആമിര്‍ഖാനോടും സല്‍മാന്‍ ഖാനോടും കാണിക്കുന്നു. സെക്കുലറായ ഒരു സമൂഹമുള്ളതുകൊണ്ടു മാത്രമാണ് കേരളത്തില്‍ ഗുലാം അലിക്കു പാടാനായത്. ചെഗുവേരയുടെ ചിത്രം വരച്ച ഒമ്പതു വയസുകാരിയെ മര്‍ദിച്ചു. അതു ചോദിക്കാന്‍ ചെന്ന സഹപാഠിയെയും മര്‍ദിച്ചു. നാളെ ഗാന്ധിജിയുടെ ചിത്രം വരയ്ക്കുന്നയാള്‍ക്കും ഈ ഗതി വരില്ലേയെന്നും കാലഘട്ടത്തിന്റെ ആപത്ഘട്ടം തന്നെയാണ് ഇതെന്നും കമല്‍ പറഞ്ഞു.

Literature-Fest-2

ധാര്‍മിക മൂല്യങ്ങള്‍ തിരികെ പിടിക്കുക മാത്രമാണ് അനിവാര്യമായ കാര്യമെന്ന് എഴുത്തുകാരന്‍ ആനന്ദ് പറഞ്ഞു. എഴുപതുകളില്‍ അടിയന്തരാവസ്ഥക്കാലത്ത് ഒരു അനുഭവമുണ്ടായിരുന്നു. കഴിഞ്ഞ നാല്‍പതു വര്‍ഷമായി അന്തരീക്ഷം സുഖകരമായിരുന്നു. ഇന്നു പുതിയ ആശങ്ക പതുക്കെ വളരുന്നു. എതെങ്ങനെ ഉണ്ടായി എന്നറിഞ്ഞു വേണം നേരിടാന്‍. ഈ അവസ്ഥയില്‍ എത്തിച്ചതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും അതറിഞ്ഞു വേണം പരിഹരിക്കാനെന്നും ആനന്ദ് പറഞ്ഞു.

എഴുതിക്കഴിഞ്ഞാല്‍ എഴുത്തു സമൂഹത്തിന്റേതാണെന്നും എന്നാല്‍ അതു തിരിച്ചെടുക്കേണ്ടിവരുന്ന അവസ്ഥ ഗതികേടാണെന്നു പെരുമാള്‍ മുരുകനെ ഉദാഹരിച്ച് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. ഇന്ത്യന്‍ ദേശീയത ഏകശിലാരൂപമല്ല. മണിപ്പൂരില്‍ സൈന്യവിരുദ്ധ കലാപത്തില്‍ സ്ത്രീകള്‍ ഒന്നിച്ചപ്പോള്‍ സൈനികാസ്ഥാനത്തിനു മുന്നില്‍ പൂര്‍ണനഗ്‌നരായി ബാനര്‍ ചുറ്റി അവര്‍ വിളിച്ചുപറഞ്ഞത് ഇന്ത്യന്‍ സൈന്യം ഞങ്ങളെ ബലാത്സംഗം ചെയ്യൂ എന്നാണ്. ഇവിടെ ദേശീയതപോലും നഷ്ടമാകുന്നു. സരിത ദുഷിച്ചവളാക്കി അഴിമതി നടത്തിയവര്‍ രക്ഷപ്പെടുന്ന കാഴ്ചയാണ് കേരളം കണ്ടത്. എഴുത്തുകാരും സാസ്‌കാരിക പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ചേര്‍ന്നാണ് ഫാസിസത്തിനെതിരായ പ്രതിരോധമുണ്ടാക്കേണ്ടതെന്നും സാറാ ജോസഫ് പറഞ്ഞു. സിവിക് ചന്ദ്രനും സംവാദത്തില്‍ പങ്കെടുത്തു. സി രവിചന്ദ്രന്‍ മോഡറേററ്ററായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News