ദില്ലി: ട്വന്റി-20 ലോകകപ്പിനും ഏഷ്യാ കപ്പ് ക്രിക്കറ്റിനുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന പേസ് ബോളര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തിയതാണ് പ്രത്യേകത. ഇടങ്കയ്യന്‍ ബോളര്‍ പവന്‍ നേഗിയെയും ടീമില്‍ ഉള്‍പ്പെടുത്തി. മുതിര്‍ന്ന താരങ്ങളായ യുവരാജ് സിംഗിനെയും ഹര്‍ഭജന്‍ സിംഗിനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര തൂത്തുവാരിയ ടീമിനെ നിലനിര്‍ത്താനാണ് ബിസിസിഐ ശ്രമിച്ചത്. 15 അംഗ ടീമിനെ നയിക്കുന്നത് മഹേന്ദ്രസിംഗ് ധോണി തന്നെയാണ്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരുക്കേറ്റ ഷമി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഷമിയുടെ വിശ്രമകാലാവധി ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് തീരുമെന്ന കണക്കുകൂട്ടലിലാണ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഷമി പൂര്‍ണ ആരോഗ്യവാനാണെന്ന് സെലക്ടര്‍മാര്‍ അറിയിച്ചു. ഭുവനേശ്വര്‍ കുമാറിനു പകരമാണ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. മനീഷ് പാണ്ഡെയും ടീമില്‍ ഇടംപിടിച്ചില്ല.
സന്ദീപ് പാട്ടീലിന്റെ അധ്യക്ഷതയില്‍ ദില്ലിയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. നാല് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ഈ മാസം24ന് ബംഗ്ലാദേശില്‍ തുടങ്ങും.
ടീം: എം എസ് ധോണി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, അജിന്‍ക്യ രഹാനെ, രവിന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വന്‍, ഹര്‍ഭജന്‍ സിംഗ്, ജസ്പ്രിത് ബുംമ്രാ, ആശിഷ് നെഹ്‌റ, പവന്‍ നേഗി, മുഹമ്മദ് ഷമി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here