മലയോര ജനതയുടെ ഹൃദയവായ്പ് ഏറ്റുവാങ്ങി നവകേരള മാര്‍ച്ച്; ഇടുക്കിയില്‍ പര്യടനം പൂര്‍ത്തിയായി; മാര്‍ച്ച് ഇനി അക്ഷരനഗരിയിലേക്ക്

ഇടുക്കി: മലയോര ജനത നല്‍കിയ ഹൃദയവായ്പുകള്‍ പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഇടുക്കി ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. നാലിടങ്ങളിലായിരുന്നു ഇന്നത്തെ പര്യടനം. ചെറുതോണി, അടിമാലി, നെടുങ്കണ്ടം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ ആയിരങ്ങളാണ് ജനനായകനെ സ്വീകരിക്കാനെത്തിയത്. മലയോര ജനതയുടെ ഒന്നാകെ ഹൃദയവായ്പുകളേറ്റു വാങ്ങി മാര്‍ച്ച് അക്ഷരനഗരിയായ കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചു.

ഇടുക്കി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ ചെറുതോണിയിലായിരുന്നു ഇടുക്കി ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം ആരംഭിച്ചത്. കുടിയേറ്റ ജനതയുടെയും കര്‍ഷകരുടെയും സമരവീര്യം തുടിക്കുന്ന ചെറുതോണി അത്യുജ്വല സ്വീകരണമാണ് ഒരുക്കിയത്. അവിടെ നിന്നും നേരെ അടിമാലിയിലേക്ക്. ഹൈറേഞ്ച് മേഖലയുടെ പ്രവേശനകവാടമാണ് അടിമാലി. ഹൃദയം നിറയുന്ന സ്വീകരണം. കടുത്ത ഉച്ചവെയിലിനെയും വകവയ്ക്കാതെ നായകനെ കാണാനെത്തിയത് ആയിരങ്ങള്‍. അടിമാലിക്കാരുടെ സ്‌നേഹവായ്പുകളേറ്റു വാങ്ങി മാര്‍ച്ച് കര്‍ഷക മേഖലയായ നെടുങ്കണ്ടത്തേക്ക്.

പ്രധാനമായും ഏലം കര്‍ഷകരുടെ നാടാണ് നെടുങ്കണ്ടം. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് നെടുങ്കണ്ടം. ഉടുമ്പന്‍ചോല മണ്ഡലത്തിന്റെ ഭാഗമാണ് നെടുങ്കണ്ടം. കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അനീഷ് രാജന്റെ സ്മരണകളിരമ്പുന്ന സ്വീകരണമായിരുന്നു നെടുങ്കണ്ടത്ത് ഒരുക്കിയത്. വണ്ടിപ്പെരിയാറിലായിരുന്നു അവസാനത്തെ സ്വീകരണം. രാത്രിയായിരുന്നു സമാപന സ്ഥലമായ വണ്ടിപ്പെരിയാറിലെത്തിയപ്പോള്‍. വണ്ടിപ്പെരിയാറിന്റെ വീരോജ്വല സ്വീകരണവും ഏറ്റുവാങ്ങി മാര്‍ച്ച് ഇടുക്കി ജില്ലയിലെ പര്യടനം അവസാനിപ്പിച്ചു. കോട്ടയം ജില്ലയിലാണ് അടുത്ത പര്യടനം.

ഹൈറേഞ്ചിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ നേരിട്ടറിയാനും പിണറായി വിജയന്‍ സമയം കണ്ടെത്തി. ഹൈറേഞ്ച് സംരക്ഷണസമിതി അടക്കം നിരവധി സംഘടനാ പ്രതിനിധികളുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ഹൈറേഞ്ചിന്റെ വികസന കാഴ്ചപ്പാടുകളില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യമെന്ന് പിണറായി വിജയന്‍ ആമുഖമായി പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ഹൈറേഞ്ച് സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഹൈറേഞ്ച് ജനതയ്ക്കുള്ള ആശങ്ക പിണറായിയെ അറിയിച്ചു. ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ 9 സംഘടനകളുടെ സംയുക്ത സംഘടനാ പ്രതിനിധികള്‍ അവതരിപ്പിച്ചു.

ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു 80 ശതമാനം കര്‍ഷകര്‍ക്ക് വിഹിതം ലഭിക്കുന്ന സൊസൈറ്റി സ്ഥാപിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജില്ലാ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വ്യാപാരികളുടെ പ്രതിനിധികളും പിണറായിയെ ധരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News