ഗുജറാത്ത് മുഖ്യമന്ത്രി മകള്‍ക്ക് സര്‍ക്കാര്‍ ഭൂമി മറിച്ച് നല്‍കി; സംഭവം മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍; വിശദീകരണം നല്‍കാന്‍ സാധിക്കാതെ സര്‍ക്കാര്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ ആനന്ദി ബെല്‍ പട്ടേല്‍ സ്വന്തം മകള്‍ക്ക് സര്‍ക്കാര്‍ ഭൂമി അനധികൃതമായി മറിച്ച് നല്‍കിയതിന്റെ തെളിവുകള്‍ പുറത്ത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയും ആനന്ദി ബെല്‍ പട്ടേല്‍ റവന്യൂ മന്ത്രിയുമായിരുന്ന കാലത്താണ് ഭൂമി മറിച്ച് നല്‍കിയത്.

സംരക്ഷിത വനമേഖലയായ ഗീര്‍ വനഭൂമിയ്ക്ക് സമീപത്തെ 250 ഏക്കര്‍ വസ്തു മകള്‍ക്ക് റിസോര്‍ട്ട് ആരംഭിക്കാന്‍ മറിച്ചുനല്‍കുകയായിരുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മകള്‍ അനാര്‍ ജയേഷ് പട്ടേലിന്റെ ബിസിനസ് പങ്കാളികള്‍ക്കാണ് ഭൂമി സൗജന്യ നിരക്കില്‍ കൈമാറിയത്. കമ്പനി ഇപ്പോള്‍ കൈവശം വയ്ക്കുന്ന 400 ഏക്കര്‍ ഭൂമിയിലെ 250 ഏക്കറാണ് ചതുരശ്രമീറ്ററിന് 15 രൂപ നിരക്കില്‍ സര്‍ക്കാര്‍ കൈമാറിയത്. മോദി പ്രധാനമന്ത്രിയായ ശേഷം ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായെങ്കിലും റവന്യൂവകുപ്പ് ഇപ്പോഴും അവര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അനാര്‍ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ പാര്‍ട്ട്ണര്‍മാരാണ് വൈല്‍ഡ് വുഡ്‌സ് പ്രമോട്ടര്‍മാരായ ദക്ഷേഷ് ഷായും അമോല്‍ ശ്രീപാലും. അനാര്‍ പട്ടേലുമായി പണമിടപാടുകള്‍ നടത്തിയെന്ന വിവരങ്ങള്‍ ദക്ഷേഷ് ഷാ നിഷേധിച്ചു.
ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയാറായിട്ടില്ല. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News