‘ഷാന്‍, നിനക്ക് വേണ്ടി എനിക്കത് പാടണം’; ഷാനിനെ കാത്തിരുന്ന വേണുഗോപാല്‍ പൂര്‍ത്തിയാകാതെ പോയ ആ ഗാനത്തെ കുറിച്ച് പറയുന്നു

ജോണ്‍സണ്‍ മാസ്റ്ററുടെ മകളും പിന്നണി ഗായികയുമായ ഷാന്‍ ജോണ്‍സണ്‍ വിടവാങ്ങിയത് തീരുമാനിച്ചുറപ്പിച്ച ഒരു ഗാനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പേയാണെന്ന് ജി.വേണുഗോപാല്‍. ഷാന്‍ ചിട്ടപ്പെടുത്തിയ ‘ഇളവെയില്‍ കൊണ്ടു നാം നടന്ന നാളുകള്‍, ഇടവഴിയില്‍ ഹൃദയങ്ങള്‍ തുറന്ന വേളകള്‍’ എന്ന ഗാനം പാടാനായി വേണുഗോപാലിനെയാണ് നിശ്ചയിച്ചിരുന്നത്.

ഒന്നും എഴുതാൻ തോന്നുന്നില്ല, കൈകൾ വഴങ്ങുന്നുമില്ല… ഒരു നിസ്സംഗതയാണ് മനസ്സിലാകെ. ഷാൻ ഇനി ഒരിക്കലും എന്റടുത്തേക്ക് അങ്കിൾ എന്നുവിളിച്ചുകൊണ്ട് വരില്ല എന്നോർക്കുമ്പോഴുള്ള ഒരുതരം വേദനിപ്പിക്കുന്ന ശൂന്യത…..
.
ഒരാഴ്ച മുൻപാണ് ഷാൻ എന്നെ വിളിക്കുന്നത്. “അങ്കിൾ എന്റെ ഒരു പാട്ട് പാടണം, എത്രയാ റേറ്റെന്ന് പറയുമോ..’ എന്ന് ചോദിച്ചപ്പോൾ “ജോൺസേട്ടന്റെ മോളോട് ഞാൻ റേറ്റ് പറയാനോ, ഒന്നും തന്നില്ലെങ്കിലും ഞാൻ സഹിച്ചു..” എന്ന് സ്നേഹപൂർവ്വം ശകാരിക്കുകയും ചെയ്തു. പറഞ്ഞുറപ്പിച്ച പോലെ നാളത്തേക്ക് സ്റ്റുഡിയോ ബുക്ക്‌ ചെയ്ത് ഷാനിനെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ….
.
ദാസേട്ടൻ കഴിഞ്ഞാൽ ജോൺസേട്ടന്റെ അനേകം മനോഹര ഗാനങ്ങൾ പാടാൻ ഭാഗ്യം ലഭിച്ച ഒരാളെന്ന നിലയിൽ, ജോൺസേട്ടന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ മകളുടെ സംഗീത സംവിധാനത്തിൽ ആദ്യമായി പാടാൻ പോകുന്നതിന്റെ ഒരു ത്രിൽ എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു. അസുഖബാധിതയാണെങ്കിലും മകൾ സംഗീതം നൽകി ഞാൻ പാടുന്ന ആദ്യ ഗാനത്തിന്റെ റെക്കോഡിങ്ങ് കേൾക്കാൻ അമ്മയായ റാണിച്ചേച്ചിയും ഷാനിന്റെ പ്രതിശ്രുത വരനും കൂടെ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അകാലത്തിൽ ഭർത്താവ് നഷ്ടപ്പെട്ട ഒരു ഭാര്യയുടേയും, മകന്റെ നിർജ്ജീവ ശരീരം കാണേണ്ടിവന്ന ഒരമ്മയുടേയും തളർന്ന മനസ്സിൽ മകളുടെ ഈ പുതിയ സംരംഭം ഉണർവ്വുണ്ടാക്കുമെന്നോർത്ത് ഞാനും സന്തോഷിച്ചു. നാളത്തേക്ക് ഇവർക്കായി ഭക്ഷണമൊരുക്കാനുള്ള സാധനങ്ങൾ വാങ്ങാൻ പോയിവന്ന രശ്മിയോട്, ‘ഇനി ഇതാർക്കൊരുക്കാനാണ്, അവൾ പോയി’ എന്ന് പറയാനേ എനിക്കു കഴിഞ്ഞുള്ളൂ…….

ഷാനിന്റെ സംഗീതത്തിന് പ്രതിഭാധനനായ അച്ഛന്റെ നൈസർഗ്ഗികമായ തനതു ഭാവവും, ശൈലിയും മനോഹാരിതയുമുണ്ടായിരുന്നു.. വളരെ ബോൾഡ് ആയ, തന്റെ ലക്ഷ്യത്തെക്കുറിച്ച് ഉറച്ച ബോധമുള്ള തനതായ വ്യക്തിത്വമുള്ളവൾ… ഇന്ന് ഷാൻ നമ്മെ വിട്ടു പിരിഞ്ഞതോടെ ജോൺസൺ എന്ന മഹാനായ സംഗീത സംവിധായകന്റെ കുടുംബത്തിലെ അവസാന കണ്ണിയും ഇല്ലാതായി… അതോർക്കുമ്പോൾ നിറയുന്ന കണ്ണുകൾക്കു മുൻപിൽ എല്ലാം അവ്യക്തമാകുന്നു…

എനിക്കു പാടുവാൻ ഷാൻ സംഗീതം നൽകി വെച്ച,
“ഇളവെയിൽ കൊണ്ടു നാം നടന്ന നാളുകൾ…,
ഇടവഴിയിൽ ഹൃദയങ്ങൾ തുറന്ന വേളകൾ’ എന്ന ഗാനം അപൂർണ്ണമായി അവസാനിക്കുന്നു…. ഇനിയൊരിക്കലും ഒച്ചയിടറാതെ എനിക്കതു പാടാൻ കഴിയുമെന്ന് തോന്നുന്നില്ലാ… റാണിച്ചേച്ചിയുടെ അവസ്ഥയോർക്കുമ്പോൾ ഉള്ളിൽ നിന്നും വാക്കുകളും വരുന്നില്ലാ… പ്രകൃതിയുടെ വികൃതികൾ ചിലപ്പോൾ അങ്ങനെയാണ്… ചിലരൊട് ക്രൂരത മാത്രമേ കാണിക്കൂ…. ആർക്കും സഹിക്കാൻ കഴിയാത്ത ക്രൂരത…

ഷാൻ…… നിന്റെ ആത്മാവിന്റെ അവശേഷിച്ച ആഗ്രഹമെന്ന നിലയ്ക്ക് ഈ ഗാനം ഞാൻ പാടും, എന്നെങ്കിലുമൊരിക്കൽ…
നിനക്കു വേണ്ടി എനിക്കതു പാടണം….!!!

ഒന്നും എഴുതാൻ തോന്നുന്നില്ല, കൈകൾ വഴങ്ങുന്നുമില്ല… ഒരു നിസ്സംഗതയാണ് മനസ്സിലാകെ. ഷാൻ ഇനി ഒരിക്കലും എന്റടുത്തേക്ക് അങ്കി…

Posted by G Venugopal on Friday, February 5, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News