നമുക്കിനി പറയാം; കമോണ്ട്രാ ദിലീഷേ; മഹേഷിന്റെ പ്രതികാരം റിവ്യു വായിക്കാം

എറ്റവും മികച്ച പുതു തലമുറ സംവിധായകരുടെ നിരയിലേക്ക് നിസംശയം എഴുതി ചേര്‍ക്കാവുന്ന പുതിയ പേരായി മാറി ദിലീഷ് പോത്തന്റേത്. മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ സംവിധാന സംരംഭം തന്നെ ഇത് അടിവരയിടുന്നു. ഈ വര്‍ഷത്തെ എറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറും മഹേഷിന്റെ പ്രതികാരം ഇനിയുള്ള ദിവസങ്ങളില്‍. ധൈര്യത്തോടെ പറയാം, നമുക്കിനി കമോണ്ട്രാ ദിലീഷേ..

ചെറിയ ഒരു കഥാതന്തുവിനെ ലളിതവും സൂക്ഷ്മവുമായ ആഖ്യാനത്തിലൂടെ വികസിപ്പിച്ച് മികച്ച ഒരു സിനിമയാക്കി മാറ്റിയിരിക്കുന്നു അണിയറ പ്രവര്‍ത്തകര്‍. കഥാവഴികളിലുടനീളം സ്വാഭാവിക നര്‍മ്മത്തിന്റെ ചേരുവകള്‍ ഒട്ടും കൃത്രിമത്വമില്ലാതെ കടന്നു വരുന്നുണ്ട്. ദീര്‍ഘകാലത്തെ സിനിമാ പിന്നണി പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജ്ജിച്ച അനുഭവങ്ങളും ആഷിഖ് അബുവില്‍ നിന്നുമുള്ള പാഠങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഇടുക്കിയിലെ ഒരു സാധാരണ ഗ്രാമമായ പ്രകാശ് സിറ്റിയിലാണ് കഥ നടക്കുന്നതും വികസിക്കുന്നതും. പ്രകാശിലെ ഭാവനാ സ്റ്റുഡിയോവിന്റെ ഉടമസ്ഥനും, ഫോട്ടോഗ്രാഫറുമാണ് മഹേഷ് ഭാവന. വിവാഹ മരണാനന്തര ചടങ്ങുകള്‍ പകര്‍ത്തുക, പാസ്‌പോര്‍ട്ട് ഫോട്ടോയെടുക്കുക എന്നതിനപ്പുറം ഫോട്ടോഗ്രാഫിയില്‍ അജ്ഞനാണ് മഹേഷ്.

ചാച്ചനെന്ന് വിളിക്കുന്ന തന്റെ പിതാവില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ് സ്റ്റുഡിയോയും പിന്നെ ആ തൊഴിലും. ഇങ്ങനെ മഹേഷിന്റെയും അയാളുടെ ചുറ്റുമുള്ളവരെയും ജീവിതത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു ചിത്രത്തില്‍. സ്‌കൂള്‍ മുതല്‍ മഹേഷിന്റെ കാമുകിയായ സൗമ്യയായി അനുശ്രീ എത്തുന്നു. പ്രണയത്തെയും പ്രണയ പരാജയത്തെയുമെല്ലാം അതിവൈകാരികതയില്ലാതെ അവതരിപ്പിക്കാന്‍ ശ്യാം പുഷ്‌കരന്‍ എന്ന തിരക്കഥാകൃത്തിന് സാധിച്ചിട്ടുണ്ട്.

സിനിമയിലുടനീളം ഓരോരുത്തര്‍ക്കും കഥാഗതിയില്‍ കൃത്യമായ സ്ഥാനം നല്‍കി കൊണ്ടുള്ള കഥപറയല്‍ രീതി സിനിമയുടെ സുഗമമായ ഒഴുക്കിന് ഏറെ സഹായകരമായിട്ടുണ്ട്. ജീവിതപരിസരങ്ങള്‍ സൂക്ഷ്മമായും ഒപ്പം വ്യക്തമായും നിരീക്ഷിച്ച് കൊണ്ടുള്ള ആഖ്യനാ ശൈലീ സിനിമയുടെ വിജയത്തിന് ഏറെ സഹായകരമാകും. മഹേഷ് എന്ന നായക കഥാപാത്രത്തെ അനായാസേന അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഫഹദിന്. തികച്ചും വ്യത്യസ്ത വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഈ നടനുള്ള കഴിവ് നമ്മെ പലപ്പൊഴും അമ്പരിപ്പിക്കുന്നു.

ടൈറ്റില്‍ റോളിലെത്തുന്ന നായകനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്ത മറ്റ് നടന്മാരും മികച്ച പ്രകടനമാണ് സിനിമയിലുടനീളം കാഴ്ച്ച വയ്ക്കുന്നത്. പ്രകാശിലെ പ്രമുഖ ഡിസൈനിംഗ് സ്ഥാപനമായ ബേബി ആര്‍ട്‌സിലെ ബേബി ചേട്ടനായെത്തുന്ന അലന്‍സിയര്‍ തന്റെ വേഷം ഗംഭീരമാക്കി. സ്റ്റീവ് ലോപ്പസിലും, കന്യകാ ടാക്കീസിലും മികച്ച വേഷങ്ങളില്‍ നമ്മള്‍ കണ്ട ഈ മുഖം ഇനിയങ്ങോട്ടുള്ള മലയാള സിനിമകളില്‍ അവിഭാജ്യ ഘടകമായി മാറിയേക്കും. തന്റെ സ്വത സിദ്ധശൈലിയിലൂടെ സൗബിന്‍ ഷാഹിര്‍ പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തിലും മികച്ച അനുഭവം നല്‍കുന്നു. ഈ ചിത്രത്തിന്റെ വിജയത്തില്‍ നായകനോളം പ്രാധാന്യമുണ്ട് സൗബിനെന്നുറപ്പിച്ച് പറയും പ്രേക്ഷകര്‍.

12645212_1144675398879043_8298830415581239825_n

സംഭാഷങ്ങള്‍ കൊണ്ടും തന്റെ മാനറിസങ്ങളിനാലും നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ നിറക്കുന്നു സൗബിന്‍. ജിന്‍സിയായി എത്തിയ അപര്‍ണ്ണാ ബാലമുരളിയും ആയാസമേതുമില്ലാതെ നായികാവേഷം കൈകാര്യം ചെയ്തു. ജാഫര്‍ ഇടുക്കിയും ചെറുതെങ്കിലും തന്റെ കരിയറിലെ തന്നെ മികച്ച വേഷമാക്കി മാറ്റി.

ആഷിക് അബു സിനിമാ കൂട്ടായ്മകളില്‍ ഉണ്ടാകുന്ന മിക്കവരും ഈ സിനിമയുടെ അണിയറയിലും ഉണ്ട്. ഇടുക്കിയുടെ സൗന്ദര്യക്കാഴ്ചകള്‍ നേരത്തേ തന്നെ പ്രേക്ഷകരിലേക്കെത്തിച്ചതാണ് ഷൈജു ഖാലിദ്. ഇടുക്കി ഗോള്‍ഡിന് ശേഷം ഇടുക്കിയെ വീണ്ടും ഒപ്പിയെടുക്കുന്നുണ്ട് ഷൈജു. പക്ഷേ ദൃശ്യ ഭംഗിക്കപ്പുറം പ്രാധാന്യം നല്‍കിയത് ഇടുക്കിയിലെ മനുഷ്യരുടെ ജീവിതത്തെ, അവരുടെ പ്രത്യേകതകളെയൊക്കെ സൂക്ഷ്മമായി അവതരിപ്പിക്കാനാണ്. സിനിമയിലുടനീളം നമ്മെ അത് ഫീല്‍ ചെയ്യിക്കാന്‍ ഷൈജു ഖാലിദിന് കഴിഞ്ഞിട്ടുണ്ട്.

റിലീസിന് മിന്‍പേ ശ്രദ്ധിക്കപ്പെട്ട മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മുന്നോട്ട് പോക്കിനെ എളുപ്പമാക്കുന്ന നിലയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. ബിജിബാലിന്റെ പാട്ടുകളെല്ലാം ഇപ്പോള്‍ തന്നെ ഹിറ്റ് ചാര്‍ട്ടിലിടം നേടിക്കഴിഞ്ഞു. റഫീക്ക് അഹമദിന്റെ വരികളും ഗാനങ്ങളെ ഹൃദ്യമാക്കാന്‍ സഹായിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതവും സിനിമയുടെ മൂഡിനൊപ്പം പ്രേക്ഷകരെ എത്തിക്കാന്‍ സഹായിക്കുന്നുണ്ട്. പിന്നണിയിലെ ഓരോ മേഖലയിലും അവരവരുടെ ഉത്തരവാദിത്വങ്ങള്‍ മികച്ചതാക്കാനുള്ള ശ്രമങ്ങള്‍ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തന്നെ വിജയിച്ചിട്ടുണ്ട്.

12687841_1144288688917714_1136103410573211642_n

സമീറാ സനീഷിന്റെ വസ്ത്രാലങ്കാരവും, ചിത്രം ആവശ്യപ്പെടുന്ന ഒതുക്കം നല്‍കാന്‍ കൃത്യമായി കത്രിക വച്ച സൈജു ശ്രീധറും എന്ന് വേണ്ടാ ഓരോരുത്തരും സിനിമയുടെ സഞ്ചാര വഴികളില്‍ ആവശ്യമായ പിന്തുണ നല്‍കിയിരിക്കുന്നു. നമ്മുടെ ജീവിതങ്ങളില്‍ സംഭവിച്ചതും, വലുതായി നമ്മളാരും ശ്രദ്ധിക്കാത്തതുമായ കുഞ്ഞ് കാര്യങ്ങള്‍ പോലും അതീവ ശ്രദ്ധാപൂര്‍വം സ്‌ക്രീനിലെത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് സിനിമയുടെ പ്ലസ് പോയിന്റ്. പല ഗൃഹാതുരതകളെയും തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തില്‍. ദേശീയ ഗാനം ആലപിക്കുമ്പോള്‍ പുസ്തകം ബാഗിലേക്ക് വയ്ക്കുന്ന സ്‌കൂള്‍ കുട്ടിയടക്കമുള്ള നിരവധി സന്ദര്‍ഭങ്ങള്‍ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുക വഴി സ്വാഭാവിക നര്‍മ്മങ്ങളുടെ സാധ്യതകളെ കൃത്യമായി ഉപയോഗപ്പെടുത്തിയതും കാണാം. പാസ്‌പോര്‍ട്ട് ഫോട്ടോ എടുക്കുന്ന സീനുകളും, മരണ വീട്ടിലെ രംഗങ്ങളും, പെണ്ണു കാണാന്‍ വരുന്ന രംഗങ്ങളും തുടങ്ങി എണ്ണിപ്പറയാവുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട് ചിത്രത്തില്‍.

‘ഐഡിയ എന്റെയായി പോയി. നിന്റെതാണെങ്കില്‍ കൊന്നേനേ പന്നീ , ഇത്തിരി ലില്ലി പൂക്കള്‍ കൂടി വച്ചേക്ക്. ഇല്ലെങ്കില്‍ വര്‍ക്ക് ചെയ്തില്ലെന്ന് തോന്നുമെന്നുമൊക്കെയുള്ള അലന്‍സ്യറുടെ സ്വാഭാവിക സംഭാഷണങ്ങള്‍ പോലെ നിരവധി ഓര്‍ത്ത് ചിരിക്കാവുന്ന രംഗങ്ങളുണ്ട് സിനിമയില്‍. അതിമാനുഷിക നായകന്മാര്‍ക്കിടയിലും, ചിരി വരുത്താനുള്ള കോമാളിത്ത അനുകരണങ്ങള്‍ക്കിടയിലും മലയാള സിനിമയുടെ പ്രതീക്ഷകള്‍ നില നിര്‍ത്തുന്നത് ഇത്തരം ചെറിയ ചിത്രങ്ങള്‍ തന്നെയാണ്. ചിരിപ്പിച്ചും കയ്യടിപ്പിച്ചും മനോഹരമാക്കി പ്രേക്ഷകര്‍ക്കുള്ള ‘മഹേഷിന്റെ പ്രതികാരം’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News