യുഡിഎഫ് മന്ത്രിസഭ സ്ത്രീപീഡകരുടെ സംഘമാണെന്ന് പിണറായി; മാഫിയാ സംഘത്തെ സംരക്ഷിക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടോ? നയപ്രഖ്യാപനം വായിക്കേണ്ടി വന്നത് ഗവര്‍ണറുടെ ഗതികേട്

ഇടുക്കി: ഒരു മാഫിയ സംഘം ചെയ്യേണ്ട കാര്യങ്ങളെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. മാഫിയകളെ വെല്ലുന്ന കൊള്ളസംഘമായ സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

നയപ്രഖ്യാപനം വായിക്കേണ്ടി വന്നത് ഗവര്‍ണര്‍ പി. സദാശിവന്റെ ഗതികേടാണെന്നും കേരളത്തിലെ മറ്റൊരു ഗവര്‍ണര്‍ക്കും ഈ അവസ്ഥയുണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു. മാഫിയ ഭരണത്തെ സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കേണ്ടി വന്ന ഗവര്‍ണര്‍ക്ക് സ്വന്തം മനസാക്ഷിയോട് ഉത്തരം പറയേണ്ടി വരുമെന്നും പിണറായി പറഞ്ഞു.

മാഫിയകളും മന്ത്രിമാരും തമ്മില്‍ വലിയ വ്യാത്യാസമില്ല. എത്രകേസുകളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ളത്. സോളാര്‍, ബാര്‍ കോഴ, പാറ്റൂര്‍, പാമോലിന്‍, ടൈറ്റാനിയം അങ്ങിനെ നിരവധി കേസുകള്‍. അധികാരം ഉപയോഗിച്ച് അതെല്ലാം തേച്ചു മാച്ചു കളയുകയല്ലെ. ഇത്തരക്കാതെ സംരക്ഷിക്കേണ്ട ബാധ്യത ഗവര്‍ണര്‍ക്കുണ്ടോയെന്നും പിണറായി ചോദിക്കുന്നു.

അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്ത മികച്ച ന്യായാധിപനായിരുന്നു ഗവര്‍ണറായ പി. സദാശിവം. സ്ത്രീപീഡകര്‍ക്കെതിരെയും ശക്തമായ നടപടികളാണ് ജസ്റ്റിസായിരിക്കുമ്പോള്‍ അദ്ദേഗം കൈകൊണ്ടിട്ടുള്ളത്. സ്ത്രീപീഡകരുടെ സംഘമായ സര്‍ക്കാര്‍ എഴുതികൊടുത്ത കള്ളത്തരങ്ങള്‍ അദ്ദേഹത്തിന് വായിക്കേണ്ടി വന്നു.

അന്വേഷണ ഏജന്‍സികളെയെല്ലാം സര്‍ക്കാര്‍ പാവകളാക്കി മാറ്റി. വിജിലന്‍സിനെയാണ് അത്തരത്തില്‍ ആദ്യം മാറ്റിയത്. ആരോപണ വിധേയരെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്. മാണിക്കെതിരെ ബിജു രമേശ് കൈമാറിയ സിഡിയിലെ തെളിവ് ശക്തമല്ലെന്നും അതിനാല്‍ നിലനില്‍ക്കുന്നതല്ലെന്നും ചുണ്ടിക്കാട്ടി സുകേശനെ കൊണ്ട് റിപ്പോര്‍ട്ട് കൊടുപ്പിച്ച ആളാണ് ശങ്കര്‍ റെഡ്ഡി. ഇപ്പോള്‍ ആ സിഡിയില്‍ പറയുന്ന കാര്യങ്ങള്‍ വച്ചാണ് സുകേശനെതിരെ കേസെടുപ്പിച്ചിട്ടുള്ളതും. അങ്ങിനെയെങ്കില്‍ തമ്പാനൂര്‍ രവിക്കെതിരെയും കേസെടുക്കേണ്ടതല്ലെ. കെ.ബാബുവിന് അനുകൂലമായി നിശാന്തിനിയെ കൊണ്ട് റിപ്പോര്‍ട്ട് കൊടുപ്പിക്കുന്നതും ശങ്കര്‍ റെഡ്ഡിയാണ്. അതിനാണ് മൂന്ന് ഡിജിപിമാരെ തഴഞ്ഞ് എഡിജിപിയായ ശങ്കര്‍ റെഡ്ഡിയെ വിജിലിന്‍സിന്റെ തലപ്പത്ത് കൊണ്ടുവന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News