ഐപിഎല്‍ താരലേലം; സഞ്ജു 4 കോടിക്ക് ഡെല്‍ഹിയില്‍; വിലയേറിയ ഇന്ത്യന്‍ താരം പവന്‍ നേഗി; വാട്‌സണും യുവരാജും മൂല്യമേറിയ താരങ്ങള്‍

ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണൊപ്പം യുവരാജ് സിംഗും ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. മലയാളി താരം സഞ്ജു വി സാംസണെ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സഞ്ജുവിനെ 4.2 കോടി രൂപയ്ക്കാണ് ഡെല്‍ഹി തട്ടകത്തില്‍ എത്തിച്ചത്. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണാണ് താരലേലത്തില്‍ ഏറ്റവും മൂല്യമേറിയ താരം. 9.5 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ ആണ് വാട്‌സണെ സ്വന്തമാക്കിയത്. യുവരാജ് സിംഗിനെ 7 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ് 7 കോടി രൂപയ്ക്ക് ഡെല്‍ഹിയിലെത്തി.

ഓള്‍റൗണ്ടര്‍ പവന്‍ നേഗിയാണ് വിലയേറിയ ഇന്ത്യന്‍ താരം. 8.5 കോടി രൂപയ്ക്ക് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് തന്നെയാണ് നേഗിയെയും സ്വന്തമാക്കിയത്. 30 ലക്ഷം രൂപയായിരുന്നു നേഗിയുടെ അടിസ്ഥാനവില. കേരളത്തിന്റെ സച്ചിന്‍ ബേബിയെ 10 ലക്ഷം രൂപയ്ക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. ഇന്ത്യ അണ്ടര്‍ 10 ലോകകപ്പ് ടീം ക്യാപ്റ്റന്‍ ഇഷാന്‍ കിഷനെ 35 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെത്തിച്ച റിഷഭ് പന്തിനെ 1.90 കോടി രൂപയ്ക്ക് ഡെല്‍ഹി പാളയത്തില്‍ എത്തിച്ചു. 4 കോടി രൂപയ്ക്ക് കരുണ്‍ നായരെയും ഡെല്‍ഹി സ്വന്തമാക്കി.

ആദിത്യ തരെയെ 1.2 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 4.2 കോടി രൂപ നല്‍കി ദീപക് ഹൂഡയെയും ഹൈദരാബാദ് സ്വന്തമാക്കി. കെവിന്‍ പീറ്റേഴ്‌സണെ പുനെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയും പുണെ ജയന്റ്‌സിനു വേണ്ടി കളിക്കും. 3.8 കോടിയാണ് ഇശാന്തിന്റെ വില. അഡ്വേയ്ന്‍ സ്മിത്തിനെ ഗുജറാത്ത് ലയണ്‍ 2.30 കോടി രൂപക്ക് സ്വന്തമാക്കി. ആശിഷ് നെഹ്‌റയെ 5.5 കോടി രൂപക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News